ദാനീയേൽ 3:12-18

ദാനീയേൽ 3:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല. അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു കല്പിച്ചത്: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ? ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കൈയിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണബിംബത്തെ നമസ്കരിക്കയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ ബാബിലോൺ സംസ്ഥാനത്തെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി അങ്ങു നിയമിച്ച ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ രാജകല്പനയെ നിരസിക്കുന്നു. അവർ അങ്ങയുടെ ദേവന്മാരെ സേവിക്കുകയോ അവിടുന്നു പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യുന്നില്ല.” അപ്പോൾ രാജാവ് രോഷംപൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോയെയും തന്റെ മുമ്പിൽ ഹാജരാക്കാൻ കല്പിച്ചു; അവരെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവ് അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോയേ, നിങ്ങൾ എന്റെ ദേവന്മാരെ ആരാധിക്കുകയോ ഞാൻ പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ വന്ദിക്കുകയോ ചെയ്യുന്നില്ലെന്നുള്ളതു ശരിയാണോ? അദ്ദേഹം തുടർന്നു: ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായവയുടെ നാദം മുഴങ്ങും. അപ്പോൾ ഞാൻ പ്രതിഷ്ഠിച്ച വിഗ്രഹത്തെ പ്രണമിച്ച് ആരാധിച്ചാൽ നിങ്ങൾക്കു നന്ന്; അല്ലെങ്കിൽ ആ നിമിഷംതന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയും; എന്റെ കൈയിൽ നിന്ന് ഏതു ദേവനാണ് നിങ്ങളെ വിടുവിക്കുക?” ശദ്രക്കും മേശക്കും അബേദ്നെഗോയും രാജാവിനോടു പറഞ്ഞു: “മഹാരാജാവേ, ഇതിനു ഞങ്ങൾ മറുപടി പറയേണ്ട ആവശ്യമില്ല. ജ്വലിക്കുന്ന അഗ്നിയിൽ ഞങ്ങളെ എറിയുകയാണെങ്കിൽ ഞങ്ങൾ ആരാധിക്കുന്ന ദൈവം ഞങ്ങളെ രക്ഷിക്കും. അങ്ങയുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിവുള്ളവനാണ് ഞങ്ങളുടെ ദൈവം. ഞങ്ങളുടെ ദൈവം ഞങ്ങളെ രക്ഷിച്ചില്ലെങ്കിലും അങ്ങയുടെ ദേവന്മാരെ ഞങ്ങൾ ആരാധിക്കുകയില്ല, അങ്ങു പ്രതിഷ്ഠിച്ച സ്വർണവിഗ്രഹത്തെ നമസ്കരിക്കുകയുമില്ല എന്ന് അങ്ങ് അറിഞ്ഞാലും.”

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്ക് മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യഹൂദന്മാരുണ്ടല്ലോ; ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കുകയോ തിരുമനസ്സുകൊണ്ട് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.“ അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോട് കല്പിച്ചത്: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്‍റെ ദേവന്മാരെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് സത്യം തന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിക്കുവാൻ തയ്യാറായാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്‍റെ കൈയിൽനിന്ന് വിടുവിക്കുവാൻ കഴിയുന്ന ദേവൻ ആര്‍?“ ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: “നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറയേണ്ട ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന് ഞങ്ങളെ വിടുവിക്കുവാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്‍റെ കൈയിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്‍റെ ദേവന്മാരെ സേവിക്കുകയില്ല. രാജാവ് നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കുകയുമില്ല എന്നു അറിഞ്ഞാലും” എന്നു ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബാബേൽസംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാർ രാജാവിനെ കൂട്ടാക്കിയില്ല; അവർ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല. അപ്പോൾ നെബൂഖദ്നേസർ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാൻ കല്പിച്ചു; അവർ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു കല്പിച്ചതു: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവന്മാരെ സേവിക്കയോ ഞാൻ നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേർതന്നേയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്തു നിങ്ങൾ, ഞാൻ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാൻ ഒരുങ്ങിയിരുന്നാൽ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽതന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിക്കാകുന്ന ദേവൻ ആർ? ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടു: നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഉത്തരം പറവാൻ ആവശ്യമില്ല. ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക

ദാനീയേൽ 3:12-18 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ അങ്ങ് ബാബേൽ പ്രവിശ്യയുടെ അധികാരികളായി നിയമിച്ചിട്ടുള്ള ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ, രാജാവേ, അങ്ങയുടെ കൽപ്പന ഗൗനിക്കുന്നില്ല. അവർ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.” ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ? ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?” ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല. ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും. ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”

പങ്ക് വെക്കു
ദാനീയേൽ 3 വായിക്കുക