ദാനീയേൽ 1:11-16
ദാനീയേൽ 1:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവരുടെ മേൽനോട്ടക്കാരനായി രാജസേവകപ്രമാണി നിയമിച്ചിരിക്കുന്നയാളിനോട് ദാനിയേൽ പറഞ്ഞു: “ഞങ്ങൾക്കു പത്തു ദിവസത്തേക്കു സസ്യഭോജ്യങ്ങളും വെള്ളവും തന്നു പരീക്ഷിച്ചു നോക്കിയാലും; അതിനുശേഷം ഞങ്ങളെയും രാജകീയഭോജ്യങ്ങൾ കഴിക്കുന്ന യുവാക്കളെയും തമ്മിൽ ഒത്തുനോക്കുക. അതിൻപ്രകാരം ഞങ്ങളോടു പെരുമാറുക.” ദാനിയേലിന്റെ അപേക്ഷ അയാൾ സ്വീകരിച്ചു. അങ്ങനെ പത്തുദിവസം പരീക്ഷിച്ചു. പത്തുദിവസം കഴിഞ്ഞപ്പോൾ അവർ രാജകീയ ഭക്ഷണം കഴിക്കുന്ന എല്ലാവരെക്കാളും അഴകും പുഷ്‍ടിയും ഉള്ളവരായി കാണപ്പെട്ടു. അതിനാൽ അയാൾ ആ യെഹൂദായുവാക്കൾക്ക് രാജകീയഭക്ഷണത്തിനും വീഞ്ഞിനും പകരം സസ്യാഹാരം കൊടുത്തു.
ദാനീയേൽ 1:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട്: അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചു നോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർഥവും കുടിപ്പാൻ പച്ചവെള്ളവും തന്നുനോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തുനോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർഥം കൊടുത്തു.
ദാനീയേൽ 1:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഷണ്ഡാധിപൻ ദാനീയേലിനും, ഹനന്യാവിനും മീശായേലിനും, അസര്യാവിനും മേൽവിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട് ദാനീയേൽ: “അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു ഭക്ഷിക്കുവാൻ സസ്യഭോജനവും കുടിക്കുവാൻ വെള്ളവും തന്നു നോക്കട്ടെ. അതിനുശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോട് ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു, പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞ് അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതെന്നും, അവർ മാംസപുഷ്ടിയുള്ളവരെന്നും കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ട വീഞ്ഞും നീക്കി അവർക്ക് സസ്യഭോജനം കൊടുത്തു.
ദാനീയേൽ 1:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാനീയേലോ ഷണ്ഡാധിപൻ ദാനീയേലിന്നും ഹനന്യാവിന്നും മീശായേലിന്നും അസര്യാവിന്നും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോടു: അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചുനോക്കിയാലും; അവർ ഞങ്ങൾക്കു തിന്മാൻ ശാകപദാർത്ഥവും കുടിപ്പാൻ പച്ചവെള്ളവും തന്നു നോക്കട്ടെ. അതിന്റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തു നോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. അവൻ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു. പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകലബാലന്മാരുടേതിലും അഴകുള്ളതും അവർ മാംസപുഷ്ടിയുള്ളവരും എന്നു കണ്ടു. അങ്ങനെ മെൽസർ അവരുടെ ഭോജനവും അവർ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവർക്കു ശാകപദാർത്ഥം കൊടുത്തു.
ദാനീയേൽ 1:11-16 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു. “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും. പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.” അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി. പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു. അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി.