കൊലൊസ്സ്യർ 2:1-19

കൊലൊസ്സ്യർ 2:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമത്തിന്റെ പരിജ്ഞാനവും വിവേകപൂർണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാൻ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു. വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർധന പ്രാപിച്ചും നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവസമ്പൂർണതയും ദേഹരൂപമായി വസിക്കുന്നത്. എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനിൽ നിങ്ങൾ പരിപൂർണരായിരിക്കുന്നു. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു. അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശിൽ തറച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗം വയ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്. തലയായവനിൽനിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.

കൊലൊസ്സ്യർ 2:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും എന്നെ നേരിട്ടറിയാത്ത മറ്റുള്ള എല്ലാവർക്കും വേണ്ടി എത്ര വലിയ പോരാട്ടമാണ് ഞാൻ നടത്തുന്നത്! ഇത് അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, സ്നേഹത്തിൽ അവർ ഒരുമിച്ചു ചേർക്കപ്പെടുന്നതിനും, അങ്ങനെ യഥാർഥജ്ഞാനത്തിൽ നിന്നുണ്ടാകുന്ന വിശ്വാസത്തിന്റെ പൂർണസമ്പത്തു പ്രാപിക്കുന്നതിനും വേണ്ടിയാണ്. ഇങ്ങനെ അവർ ദൈവത്തിന്റെ മർമ്മം അറിയും. ക്രിസ്തുതന്നെയാണ് ആ മർമ്മം. ഈശ്വരന്റെ ജ്ഞാനവിജ്ഞാനങ്ങൾ ക്രിസ്തുവിൽ അന്തർലീനമായിരിക്കുന്നു. സമർഥമെന്നു തോന്നിക്കുന്ന യുക്ത്യാഭ്യാസംകൊണ്ട് ആരും നിങ്ങളെ വഞ്ചിക്കരുത്. ശരീരത്തിൽ ഞാൻ നിങ്ങളിൽനിന്ന് അകന്നിരുന്നാലും ആത്മാവിൽ നിങ്ങളോടുകൂടിയുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിച്ചു നിറുത്തുന്ന നിശ്ചയദാർഢ്യത്തെപ്പറ്റി അറിയുകയും അതിൽ ഞാൻ സന്തോഷിക്കുകയും ചെയ്യുന്നു. ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി കൈക്കൊണ്ടിരിക്കുന്നതിനാൽ അവിടുത്തോട് ഏകീഭവിച്ചു ജീവിക്കുക. ക്രിസ്തുവേശുവിൽ നിങ്ങൾ വേരൂന്നുകയും നിങ്ങളുടെ ജീവിതം ആ അടിസ്ഥാനത്തിൽ പടുത്തുയർത്തുകയും, നിങ്ങളെ പഠിപ്പിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ കൂടുതൽ ബലം പ്രാപിക്കുകയും ചെയ്യണം. കൃതജ്ഞത നിങ്ങളിൽ നിറഞ്ഞു കവിയട്ടെ. തത്ത്വജ്ഞാനവും ചതിയുംകൊണ്ട് ആരും നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. അവ മനുഷ്യന്റെ പരമ്പരാഗതമായ ഉപദേശങ്ങളിൽനിന്നും, പ്രാപഞ്ചികമായ ഭൗതികശക്തികളിൽനിന്നും വരുന്നതാണ്, ക്രിസ്തുവിൽനിന്നുള്ളതല്ല. സമ്പൂർണദൈവികത്വം മനുഷ്യരൂപം പൂണ്ട് ക്രിസ്തുവിൽ നിവസിക്കുന്നു. ക്രിസ്തുവിനോടുള്ള ഏകീഭാവം മൂലം നിങ്ങൾ പൂർണതയിൽ എത്തിയിരിക്കുന്നു. അവിടുന്ന് എല്ലാ വാഴ്ചകളുടെയും അധികാരത്തിന്റെയും അധീശനാണ്. ക്രിസ്തുവിനോടുള്ള ഐക്യത്താൽ നിങ്ങൾ യഥാർഥ പരിച്ഛേദനത്തിനു വിധേയരായിരിക്കുന്നു. എന്നാൽ മനുഷ്യർ ചെയ്യുന്ന പരിച്ഛേദനം അല്ല അത്; പിന്നെയോ ക്രിസ്തുവിന്റെ പരിച്ഛേദനമാകുന്നു. അത് പാപകരമായ ശരീരത്തിന്റെ ദുർവാസനകളെ നിർമാർജനം ചെയ്യുന്നു. സ്നാപനം മുഖേന നിങ്ങൾ ക്രിസ്തുവിനോടുകൂടി സംസ്കരിക്കപ്പെടുക മാത്രമല്ല, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ ക്രിസ്തുവിനോടുകൂടി ഉയിർപ്പിക്കപ്പെടുകയും ചെയ്തു. പാപങ്ങൾകൊണ്ടും ദൈവകല്പന അനുസരിക്കാത്തതുകൊണ്ടും നിങ്ങൾ ഒരിക്കൽ ആത്മീയമായി മരിച്ചവരായിരുന്നു. എന്നാൽ ഇപ്പോൾ ദൈവം നിങ്ങളെ ക്രിസ്തുവിനോടുകൂടി ജീവിപ്പിച്ചിരിക്കുന്നു. നമ്മുടെ സകല പാപങ്ങളും ദൈവം ക്ഷമിക്കുകയും ചെയ്തു. നമ്മുടെ കടങ്ങൾ സംബന്ധിച്ച് നമുക്കു പ്രതികൂലമായുണ്ടായിരുന്ന രേഖകളും ചട്ടങ്ങളും ദൈവം മാറ്റുകയും അവയെ കുരിശിൽ തറച്ചു പൂർണമായി തുടച്ചു നീക്കുകയും ചെയ്തു. കുരിശിലൂടെ ക്രിസ്തു അധമശക്തികളെയും ദുഷ്ട അധികാരികളെയും നിരായുധരാക്കി അവരുടെമേൽ ജയോത്സവം കൊണ്ടാടുകയും അവരെ ജനമധ്യത്തിൽ പരിഹാസപാത്രമായി പ്രദർശിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് ആഹാരപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബത്ത് മുതലായവ സംബന്ധിച്ചോ ആരും ഇനി നിങ്ങളെ വിധിക്കാതിരിക്കട്ടെ. ഇവയെല്ലാം ഭാവിയിൽ സംഭവിക്കുവാനിരിക്കുന്നതിന്റെ നിഴൽമാത്രമാകുന്നു; യാഥാർഥ്യം ക്രിസ്തുവത്രേ. പ്രത്യേക ദർശനങ്ങളുള്ളവരെന്നു പറഞ്ഞ് മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് അവകാശപ്പെടുകയും, കപടവിനയം ഭാവിക്കുവാനും മാലാഖമാരെ ആരാധിക്കുവാനും പ്രേരിപ്പിക്കുകയും ചെയ്യുന്ന ആരും നിങ്ങൾക്ക് അയോഗ്യത കല്പിക്കുവാൻ ഇടകൊടുക്കരുത്. അങ്ങനെയുള്ളവർ തങ്ങളുടെ മാനുഷികരീതിയിലുള്ള ചിന്തമൂലം അഹങ്കരിക്കുന്നതേയുള്ളൂ. അവർ ശിരസ്സാകുന്ന ക്രിസ്തുവിനോട് ഗാഢബന്ധം പുലർത്താത്തവരാണ്. ക്രിസ്തുവിന്റെ നിയന്ത്രണത്തിൽ ശരീരം മുഴുവനും പരിപുഷ്ടമാക്കപ്പെടുകയും, സന്ധിബന്ധങ്ങളും സിരകളുംകൊണ്ട് കൂട്ടിയിണക്കപ്പെടുകയും ദൈവം ആഗ്രഹിക്കുന്ന പ്രകാരം വളരുകയും ചെയ്യുന്നു.

കൊലൊസ്സ്യർ 2:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങൾക്കും, ലവുദിക്യപട്ടണത്തിലുള്ളവർക്കും ജഡത്തിൽ എന്‍റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി, അവർ പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിക്കുവാൻവേണ്ടി സ്നേഹത്തിൽ ബന്ധിതരായി ഹൃദയങ്ങൾക്ക് സാന്ത്വനം ലഭിക്കേണം എന്നുവച്ച് ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. ക്രിസ്തുവില്‍ ജ്ഞാനത്തിൻ്റെയും അറിവിൻ്റേയും നിക്ഷേപങ്ങൾ ഒക്കെയും മറഞ്ഞിരിക്കുന്നു. വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇത് പറയുന്നു. ഞാൻ ശരീരംകൊണ്ട് ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോട് കൂടെയുള്ളവനായി നിങ്ങളുടെ നല്ല ക്രമങ്ങളും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്‍റെ ശക്തിയും കണ്ടു സന്തോഷിക്കുന്നു. ആകയാൽ കർത്താവായ ക്രിസ്തുയേശുവിനെ നിങ്ങൾ കൈക്കൊണ്ടതുപോലെ അവനിൽ നടപ്പിൻ; അവനിൽ ഉറപ്പോടെ വേരൂന്നുകയും, പണിയപ്പെടുകയും ചെയ്യുന്നവരായും, നിങ്ങൾക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താൽ ഉറച്ചും, സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്വജ്ഞാനവും പൊള്ളയായ വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കീഴടക്കാതിരിക്കുവാൻ സൂക്ഷിപ്പിൻ; അത് മനുഷ്യരുടെ പാരമ്പര്യോപദേശങ്ങൾക്കും, ലോകത്തിന്‍റെ പാപകാരണമായ വിശ്വാസ സമ്പ്രദായങ്ങൾക്കും ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല. ക്രിസ്തുവിന്‍റെ ശരീരത്തിലല്ലോ ദൈവത്തിന്‍റെ സർവ്വസമ്പൂർണ്ണതയുടെ സ്വഭാവങ്ങളും ദേഹരൂപമായി വസിക്കുന്നത്. എല്ലാ അധികാരത്തിനും, ആധിപത്യത്തിനും തലയായ ക്രിസ്തുവിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. ക്രിസ്തുവിന്‍റെ പരിച്ഛേദനയാൽ നിങ്ങൾക്കും പാപശരീരം ഉരിഞ്ഞുകളയുന്നതായ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചിരിക്കുന്നു. സ്നാനത്തിൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ച് ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. അതിക്രമങ്ങളാലും നിങ്ങളുടെ ജഡത്തിൻ്റെ അഗ്രചർമം നിമിത്തവും മരിച്ചവരായിരുന്ന നിങ്ങളെയും ദൈവം ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിക്കുകയും ചെയ്തു. നമുക്ക് പ്രതികൂലവുമായിരുന്ന ചട്ടങ്ങളുടെ കയ്യെഴുത്ത് മായിച്ച് ക്രൂശിൽ തറച്ച് നമ്മുടെ നടുവിൽനിന്ന് നീക്കിക്കളഞ്ഞു; അധികാരങ്ങളേയും ശക്തികളേയും പിടിച്ചടക്കി ക്രൂശിൽ അവരുടെ മേൽ ജയോത്സവം ആഘോഷിച്ച് അവരെ പരസ്യമായ കാഴ്ചയാക്കിത്തീർത്തു. അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ, പെരുന്നാളുകൾ, വാവ്, ശബ്ബത്ത്, എന്നീ കാര്യങ്ങളിൽ ആരും നിങ്ങളെ വിധിക്കരുത്. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; എന്നാൽ യാഥാർത്ഥ്യമായതോ ക്രിസ്തുവത്രേ. വ്യാജമായ താഴ്മയിലും, ദൂതന്മാരെ ആരാധിക്കുന്നതുമൂലം കാണാത്ത കാര്യങ്ങളിൽ ഇടപെടുകയും തന്‍റെ ജഡമനസ്സിനാൽ അനാവശ്യമായി നിഗളിക്കുകയും ചെയ്യുന്ന ആരുംതന്നെ നിങ്ങൾക്കുള്ള പ്രതിഫലം വൃഥാവാക്കരുത്. ക്രിസ്തുവാകുന്ന തലയെ മുറുകെ പിടിക്കാതിരിക്കുന്ന ഒരുവനും നിങ്ങളെ കവർന്നു കളയരുത്, തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധിഞരമ്പുകളെ പോഷിപ്പിച്ച് ഒന്നായിച്ചേർത്ത് ദൈവവർദ്ധയ്ക്കനുസാരമായി വളർച്ച പ്രാപിക്കുന്നത്.

കൊലൊസ്സ്യർ 2:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾക്കും ലവുദിക്യയിലുള്ളവർക്കും ജഡത്തിൽ എന്റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവർക്കും വേണ്ടി, അവർ ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ടു ഹൃദയങ്ങൾക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാൻ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു. വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. ഞാൻ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു. ആകയാൽ നിങ്ങൾ കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്റെ കൂട്ടായ്മയിൽ നടപ്പിൻ; അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ. തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. അവനിലല്ലോ ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നതു. എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനിൽ നിങ്ങൾ പരിപൂർണ്ണരായിരിക്കുന്നു. അവനിൽ നിങ്ങൾക്കു ക്രിസ്തുവിന്റെ പരിച്ഛേദനയാൽ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാൽ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേല്ക്കയും ചെയ്തു, അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു; അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു; വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി. അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. തലയായവനിൽ നിന്നല്ലോ ശരീരം മുഴുവൻ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളർച്ച പ്രാപിക്കുന്നു.

കൊലൊസ്സ്യർ 2:1-19 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്. കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു. പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്. ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു. ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക. ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ. തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്. ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്; എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു. നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല. നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്. അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു; അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു. അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി. അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്. ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്. സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്. ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.