അപ്പൊ. പ്രവൃത്തികൾ 9:26-31

അപ്പൊ. പ്രവൃത്തികൾ 9:26-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്ന് വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽവച്ചു കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തുപോന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടു പോയി, അവിടെനിന്നു തർസൊസിലേക്ക് അയച്ചു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിലൊക്കെയും സഭയ്ക്കു സമാധാനം ഉണ്ടായി, അത് ആത്മികവർധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ 9:26-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശൗൽ യെരൂശലേമിലെത്തി ക്രിസ്തുശിഷ്യന്മാരുടെകൂടെ ചേരുവാൻ ശ്രമിച്ചു. എന്നാൽ ശൗൽ ഒരു ശിഷ്യനാണെന്നു വിശ്വസിക്കാഞ്ഞതുമൂലം അവരെല്ലാവരും അദ്ദേഹത്തെ ഭയപ്പെട്ടു. അപ്പോൾ ബർനബാസ് വന്ന് അദ്ദേഹത്തെ അപ്പോസ്തോലന്മാരുടെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. വഴിയിൽവച്ച് ശൗൽ കർത്താവിനെ ദർശിച്ചതും അവിടുന്ന് അദ്ദേഹത്തോടു സംസാരിച്ചതും പിന്നീട് ദമാസ്കസിൽവച്ച് അദ്ദേഹം യേശുവിന്റെ നാമത്തിൽ സുധീരം പ്രസംഗിച്ചതുമെല്ലാം ബർനബാസ് വിവരിച്ചു പറഞ്ഞു. അങ്ങനെ ശൗൽ അവരോട് അടുത്ത് ഇടപെടുകയും, യെരൂശലേമിൽ എല്ലായിടത്തും സഞ്ചരിച്ച് യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിക്കുകയും ചെയ്തു. ഗ്രീക്കുഭാഷക്കാരായ യെഹൂദന്മാരോടും അദ്ദേഹം സംസാരിക്കുകയും തർക്കിക്കുകയും ചെയ്തു പോന്നു. എന്നാൽ അവർ അദ്ദേഹത്തെ വധിക്കുവാൻ വട്ടംകൂട്ടി. അവിടുത്തെ സഹോദരന്മാർ ഈ വിവരമറിഞ്ഞ് അദ്ദേഹത്തെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെനിന്നു തർസൊസിലേക്ക് അയയ്‍ക്കുകയും ചെയ്തു. അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ പ്രദേശങ്ങളിലെങ്ങുമുള്ള സഭയ്‍ക്കു സമാധാനമുണ്ടായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ സഭ ശക്തിപ്പെട്ടു; അംഗസംഖ്യ വർധിച്ചു; കർത്താവിനോടുള്ള ഭക്തിയിൽ ജീവിക്കുകയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ 9:26-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ യെരൂശലേമിൽ എത്തിയപ്പോൾ ശിഷ്യന്മാരോട് ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. എന്നാൽ ബർന്നബാസോ അവനെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ ചെന്നു; അവൻ വഴിയിൽവെച്ച് കർത്താവിനെ കണ്ടതും കർത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ പാർക്കുകയും ശിഷ്യന്മാരോടുകൂടെ എല്ലായിടത്തും സഞ്ചരിച്ച് കർത്താവിന്‍റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ തക്കം നോക്കിക്കൊണ്ടിരുന്നു. സഹോദരന്മാർ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെനിന്ന് തർസോസിലേക്ക് അയച്ചു. അങ്ങനെ യെഹൂദ്യയിൽ എല്ലായിടത്തും, ഗലീല, ശമര്യാ എന്നീ ദേശങ്ങളിൽ ഒക്കെയും സഭയ്ക്ക് സമാധാനം ഉണ്ടായി. സഭ ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ സാന്ത്വനത്തിലും വളർന്ന് പെരുകിക്കൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ 9:26-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ യെരൂശലേമിൽ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാൻ ശ്രമിച്ചു; എന്നാൽ അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു. ബർന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ വഴിയിൽ വെച്ചു കർത്താവിനെ കണ്ടതും കർത്താവു അവനോടു സംസാരിച്ചതും ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു. പിന്നെ അവൻ യെരൂശലേമിൽ അവരുമായി പെരുമാറുകയും കർത്താവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തു പോന്നു. യവനഭാഷക്കാരായ യെഹൂദന്മാരോടും അവൻ സംഭാഷിച്ചു തർക്കിച്ചു; അവരോ അവനെ കൊല്ലുവാൻ വട്ടംകൂട്ടി. സഹോദരന്മാർ അതു അറിഞ്ഞു അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നു തർസൊസിലേക്കു അയച്ചു. അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ 9:26-31 സമകാലിക മലയാളവിവർത്തനം (MCV)

ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു. ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു. അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു. ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു. കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.