അപ്പൊ. പ്രവൃത്തികൾ 7:54-60

അപ്പൊ. പ്രവൃത്തികൾ 7:54-60 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരേ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്റെ നേരേ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കൽ വച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:54-60 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇതു കേട്ടപ്പോൾ സന്നദ്രിംസംഘാംഗങ്ങൾ കോപാക്രാന്തരായി സ്തേഫാനോസിന്റെ നേരെ പല്ലുകടിച്ചു. എന്നാൽ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്റെ തേജസ്സ് അദ്ദേഹം ദർശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു. അദ്ദേഹം പറഞ്ഞു: “ഇതാ സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്ത് നില്‌ക്കുന്നതും ഞാൻ കാണുന്നു.” ഉടനെ അവർ ഉച്ചത്തിൽ അട്ടഹസിച്ച് ചെവിപൊത്തിക്കൊണ്ട് സ്തേഫാനോസിന്റെ നേരെ പാഞ്ഞുചെന്ന് അദ്ദേഹത്തെ പിടിച്ചു നഗരത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു. സാക്ഷികൾ അവരുടെ പുറങ്കുപ്പായം ശൗൽ എന്നൊരു യുവാവിനെയാണ് ഏല്പിച്ചിരുന്നത്. അവർ കല്ലെറിഞ്ഞുകൊണ്ടിരുന്നപ്പോൾ “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ അങ്ങു കൈക്കൊള്ളണമേ” എന്നു സ്തേഫാനോസ് പ്രാർഥിച്ചു. അദ്ദേഹം മുട്ടുകുത്തിക്കൊണ്ട് “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ” എന്ന് അത്യുച്ചത്തിൽ അപേക്ഷിച്ചു. ഇതു പറഞ്ഞിട്ട് അദ്ദേഹം അന്തരിച്ചു. സ്തേഫാനോസിന്റെ വധത്തെ ശൗൽ അനുകൂലിച്ചിരുന്നു.

അപ്പൊ. പ്രവൃത്തികൾ 7:54-60 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇതു കേട്ടപ്പോൾ ന്യായാധിപസംഘത്തിലുള്ളവർ കോപപരവശരായി അവന്‍റെനേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു: “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നില്ക്കുന്നതും ഞാൻ കാണുന്നു” എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്‍റെനേരെ പാഞ്ഞുചെന്നു, അവനെ വലിച്ചിഴച്ചും കൊണ്ടു നഗരത്തിൽനിന്ന് പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ പുറംചട്ടകൾ ഊരി ശൗല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാൽക്കൽ വച്ചു. അവർ അവനെ കല്ലെറിഞ്ഞുകൊണ്ടിരിക്കയിൽ “കർത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു സ്തെഫാനൊസ് വിളിച്ചപേക്ഷിച്ചു. അവൻ മുട്ടുകുത്തി: “കർത്താവേ, അവരോട് ഈ പാപം കണക്കിടരുതേ” എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:54-60 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു. അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു, അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.

അപ്പൊ. പ്രവൃത്തികൾ 7:54-60 സമകാലിക മലയാളവിവർത്തനം (MCV)

ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു. എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു. “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു. അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു. അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു. പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.