അപ്പൊ. പ്രവൃത്തികൾ 7:22-43
അപ്പൊ. പ്രവൃത്തികൾ 7:22-43 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർഥനായിത്തീർന്നു. അവനു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽമക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നത് കണ്ടിട്ട് അവനു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതനുവേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്ന് സഹോദരന്മാർ ഗ്രഹിക്കും എന്ന് അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്നു: പുരുഷന്മാരേ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നുപാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായിമലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്ന് കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവ് അവനോട്: നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പ് ഊരിക്കളക. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു. നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നടത്തിക്കൊണ്ടുവന്നു. ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേൽമക്കളോടു പറഞ്ഞ മോശെ അവൻതന്നെ. സീനായിമലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻതന്നെ. നമ്മുടെ പിതാക്കന്മാർ അവനു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞ് ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോട്: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മോലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോനപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 7:22-43 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും അദ്ദേഹം പ്രഗല്ഭനായിത്തീർന്നു. “നാല്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദർശിക്കണമെന്നു മോശയ്‍ക്കു തോന്നി. അവരിൽ ഒരുവനോട് ഒരു ഈജിപ്തുകാരൻ അന്യായമായി പെരുമാറുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം മർദിതനായ ഇസ്രായേല്യന്റെ സഹായത്തിനെത്തുകയും, ആ ഈജിപ്തുകാരനെ അടിച്ചുകൊന്ന് മർദിതനുവേണ്ടി പ്രതികാരം നടത്തുകയും ചെയ്തു. താൻ മുഖാന്തരം സ്വജനങ്ങളെ വിമോചിപ്പിക്കുവാൻ പോകുകയാണെന്ന് അവർ ഗ്രഹിക്കുമെന്നായിരുന്നു മോശ വിചാരിച്ചത്. പക്ഷേ, അവർ അതു മനസ്സിലാക്കിയില്ല. പിറ്റേദിവസം രണ്ട് ഇസ്രായേല്യർ തമ്മിൽ ശണ്ഠകൂടിക്കൊണ്ടിരിക്കുമ്പോൾ അവരെ രഞ്ജിപ്പിക്കുന്നതിനായി മോശ പറഞ്ഞു: “നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ തമ്മിൽ അന്യായം പ്രവർത്തിക്കുന്നത് എന്തുകൊണ്ട്? എന്നാൽ, തന്റെ സഹോദരനോട് അന്യായം പ്രവർത്തിച്ചവൻ അദ്ദേഹത്തെ തള്ളിമാറ്റിക്കൊണ്ടു ചോദിച്ചു: നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനും ആക്കിയത് ആരാണ്? ഇന്നലെ ആ ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലുവാനാണോ ഭാവം? ഈ മറുപടി കേട്ട് മോശ ഓടിപ്പോയി. അദ്ദേഹം മിദ്യാനിൽ ചെന്ന് പരദേശിയായി പാർത്തു. അവിടെവച്ച് അദ്ദേഹത്തിനു രണ്ടു പുത്രന്മാർ ജനിച്ചു. “നാല്പതു വർഷം കഴിഞ്ഞ്, സീനായ്മലയുടെ സമീപത്തുള്ള മരുഭൂമിയിൽ കത്തുന്ന മുൾപ്പടർപ്പിൽ ഒരു ദൈവദൂതൻ മോശയ്‍ക്കു പ്രത്യക്ഷപ്പെട്ടു. ഈ ദർശനം ഉണ്ടായപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. സൂക്ഷിച്ചു നോക്കുന്നതിനായി അടുത്തു ചെന്നപ്പോൾ ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം’ എന്നു സർവേശ്വരൻ അരുൾചെയ്ത ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം ഭയപ്പെട്ടു വിറച്ചു; അങ്ങോട്ടു നോക്കുവാൻ ധൈര്യപ്പെട്ടില്ല. “സർവേശ്വരൻ തുടർന്ന് അരുൾചെയ്തു: ‘നിന്റെ കാലിൽനിന്നു ചെരുപ്പ് ഊരിക്കളയുക; നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാകുന്നു. ഈജിപ്തിൽ എന്റെ ജനങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ കണ്ടിരിക്കുന്നു; അവരുടെ നെടുവീർപ്പും ഞാൻ കേട്ടു; അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. അതുകൊണ്ട് വരിക, ഞാൻ നിന്നെ ഈജിപ്തിലേക്ക് അയയ്‍ക്കും. “നിന്നെ ഞങ്ങളുടെ അധികാരിയും വിധികർത്താവും ആക്കിയത് ആരാണ്?’ എന്നു ചോദിച്ചുകൊണ്ട് അവർ നിരസിച്ച ഈ മോശയെതന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ട ദൈവദൂതൻ മുഖാന്തരം അവരുടെ വിമോചകനും അധികാരിയുമായി ദൈവം അയച്ചു. അദ്ദേഹം ഈജിപ്തിലും ചെങ്കടലിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് നാല്പതു വർഷക്കാലം മരുഭൂമിയിലൂടെ അവരെ നയിച്ചു. ‘എന്നെ എന്നപോലെ ഒരു പ്രവാചകനെ ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് നിങ്ങൾക്കുവേണ്ടി എഴുന്നേല്പിക്കും’ എന്ന് ഇസ്രായേൽജനത്തോടു പറഞ്ഞതും ഈ മോശ തന്നെയാണ്. സീനായ്മലയിൽ ദൈവദൂതനോടു സംസാരിച്ചതും, മരുഭൂമിയിൽ ഇസ്രായേല്യസഭയോടും നമ്മുടെ പിതാക്കന്മാരോടുംകൂടി ഉണ്ടായിരുന്നതും അദ്ദേഹമാണ്. നമുക്കു നല്‌കുവാനായി ദൈവത്തിന്റെ ജീവദായകമായ അരുളപ്പാടു ലഭിച്ചതും അദ്ദേഹത്തിനു തന്നെയാണ്. “എന്നാൽ നമ്മുടെ പിതാക്കന്മാർ അദ്ദേഹത്തെ അനുസരിക്കുവാൻ കൂട്ടാക്കിയില്ല; അവർ അദ്ദേഹത്തെ തള്ളിക്കളഞ്ഞു; അവർ ഉള്ളുകൊണ്ട് ഈജിപ്തിലേക്കു പിന്തിരിഞ്ഞു. അവർ അഹരോനോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കുവാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന ആ മോശയ്‍ക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ.’ അക്കാലത്താണ് അവർ കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കിയതും അതിനു ബലിയർപ്പിച്ചതും. അങ്ങനെ തങ്ങളുടെ കൈപ്പണിയിൽ അവർ ഉല്ലസിച്ചു. അപ്പോൾ ദൈവം മുഖംതിരിക്കുകയും അവരെ ആകാശത്തിലെ നക്ഷത്രരാശിയെ ആരാധിക്കുവാൻവേണ്ടി വിടുകയും ചെയ്തു. പ്രവാചകന്മാരുടെ ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽ ഗൃഹമേ! നിങ്ങൾ മരുഭൂമിയിൽ നാല്പതു വർഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചത് എനിക്കായിരുന്നുവോ? നിങ്ങൾ ആരാധിക്കുവാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലേക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തുകൊണ്ടു നടന്നുവല്ലോ. അതുകൊണ്ട് ഞാൻ നിങ്ങളെ ബാബിലോണിന് അപ്പുറത്തേക്കു നാടുകടത്തും.
അപ്പൊ. പ്രവൃത്തികൾ 7:22-43 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു, വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവനു നാല്പത് വയസ്സ് തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണണമെന്ന് മനസ്സിൽ തോന്നി. അവൻ യിസ്രായേല്യനായ ഒരുവൻ ഉപദ്രവിക്കപ്പെടുന്നത് കണ്ടിട്ട് അവനെ പിന്തുണച്ച് മിസ്രയീമ്യനെ അടിച്ചുകൊന്നു, ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്തു. താൻ മുഖാന്തരം ദൈവം അവർക്ക് രക്ഷ നൽകുമെന്ന് സഹോദരന്മാർ ഗ്രഹിക്കും എന്നു മോശെ വിചാരിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ ചില യിസ്രായേല്യർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽവന്ന് അവരെ സമാധാനപ്പെടുത്തുവാൻ ശ്രമിച്ചുകൊണ്ട് അവരോട്; ‘പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നത് എന്ത്?’ എന്നു പറഞ്ഞു. എന്നാൽ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: ‘നിന്നെ ഞങ്ങൾക്ക് അധികാരിയും ന്യായകർത്താവും ആക്കിയത് ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ?’ എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്ത് ചെന്നു അവിടെ പരദേശിയായി പാർത്തു, അവിടെവച്ച് അവനു രണ്ടു പുത്രന്മാർ ജനിച്ചു. “നാല്പത് വർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. മോശെ ആ കാഴ്ച കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാനായി അടുത്തുചെല്ലുമ്പോൾ: ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാകുന്നു; അബ്രാഹാമിന്‍റെയും, യിസ്സഹാക്കിന്‍റെയും, യാക്കോബിന്‍റെയും ദൈവം’ എന്ന കർത്താവിന്‍റെ ശബ്ദം കേട്ടു. മോശെ ഭയന്ന് വിറച്ചിട്ട് അങ്ങോട്ട് നോക്കുവാൻ ധൈര്യപ്പെട്ടില്ല. കർത്താവ് അവനോട്: ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുകളയുക. മിസ്രയീമിൽ എന്റെ ജനത്തിന്‍റെ കഷ്ടത ഞാൻ നിശ്ചയമായിട്ടും കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ മോചിപ്പിക്കുവാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും’ എന്നു പറഞ്ഞു. ‘നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയത് ആർ?’ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ തന്നെ ദൈവം മുൾപ്പടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു വര്‍ഷം മരുഭൂമിയിലും അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു അവരെ നയിച്ചുകൊണ്ടുവന്നു. “ദൈവം നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും’ എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ ഇവൻ തന്നെ. സീനായ് മലയിൽ തന്നോട് സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും ഇവൻ തന്നെ. നമ്മുടെ പിതാക്കന്മാർ അവനെ അനുസരിക്കുവാൻ മനസ്സില്ലാതെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ട് മിസ്രയീമിലേക്ക് പിന്തിരിഞ്ഞു, അവർ അഹരോനോട്; ‘ഞങ്ങളെ നയിപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക, ഞങ്ങളെ മിസ്രയീമിൽനിന്ന് നയിച്ചുകൊണ്ടുവന്ന ആ മോശെക്ക് എന്ത് സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. അതുകൊണ്ട് അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന് ബലികഴിച്ച് തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ സേവിപ്പാൻ അവരെ ഏല്പിച്ചുകൊടുത്തു. ‘യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് വര്‍ഷം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിൻ്റെ കൂടാരവും രേഫാൻദേവൻ്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബേലിനപ്പുറം നാടുകടത്തും’ എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 7:22-43 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു. നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു. അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു. ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ. സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ. നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു: ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു. അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
അപ്പൊ. പ്രവൃത്തികൾ 7:22-43 സമകാലിക മലയാളവിവർത്തനം (MCV)
മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു. “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി. മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു, ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല. “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു. ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു. “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു. നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു. “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്. അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്. “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു. അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു. എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ? നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’