അപ്പൊ. പ്രവൃത്തികൾ 6:8-15
അപ്പൊ. പ്രവൃത്തികൾ 6:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ, ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു. എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല. അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു എന്ന് പറയിച്ചു, ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരേ ചെന്ന് അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു; ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് അവൻ പറയുന്നത് ഞങ്ങൾ കേട്ടു എന്നു പറയിച്ചു. ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
അപ്പൊ. പ്രവൃത്തികൾ 6:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ലിബർത്തീനർ എന്നു അറിയപ്പെട്ടിരുന്ന യഹൂദരിൽ അലെക്സന്ത്രിയ, കിലിക്യ, ആസ്യ എന്നീ ദേശക്കാരിൽ നിന്നും ചിലർ എഴുന്നേറ്റ് സ്തെഫാനൊസിനോട് തർക്കിച്ചു. എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്ക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അപ്പോൾ അവർ ചില പുരുഷന്മാരെ രഹസ്യമായി നിര്‍ബ്ബന്ധിച്ചു: “ഇവൻ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങൾ കേട്ടു” എന്നു പറയിച്ചു. അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും പ്രേരിപ്പിച്ച്, അവന്‍റെനേരെ ചെന്നു അവനെ പിടിച്ച് ന്യായാധിപസംഘത്തിൽ കൊണ്ടുപോയി കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു; ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്നു ഇവൻ പറയുന്നത് ഞങ്ങൾ കേട്ടു” എന്നു പറയിച്ചു. ന്യായാധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി; അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
അപ്പൊ. പ്രവൃത്തികൾ 6:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. ലിബർത്തീനർ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ ആസ്യ എന്ന ദേശക്കാരിലും ചിലർ എഴുന്നേറ്റു സ്തെഫാനൊസിനോടു തർക്കിച്ചു. എന്നാൽ അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർത്തുനില്പാൻ അവർക്കു കഴിഞ്ഞില്ല. അപ്പോൾ അവർ ചില പുരുഷന്മാരെ വശത്താക്കി: ഇവൻ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു, ജനത്തേയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്റെ നേരെ ചെന്നു അവനെ പിടിച്ചു ന്യായാധിപസംഘത്തിൽ കൊണ്ടുപോയി കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിന്നും ന്യായപ്രമാണത്തിന്നും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു; ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ചു മോശെ നമുക്കു ഏല്പിച്ച മാര്യാദകളെ മാറ്റിക്കളയും എന്നു അവൻ പറയുന്നതു ഞങ്ങൾ കേട്ടു എന്നു പറയിച്ചു. ന്യായധിപസംഘത്തിൽ ഇരുന്നവർ എല്ലാവരും അവനെ ഉറ്റുനോക്കി അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലെ കണ്ടു.
അപ്പൊ. പ്രവൃത്തികൾ 6:8-15 സമകാലിക മലയാളവിവർത്തനം (MCV)
ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു. കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു. എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല. അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു. അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല. നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.” ന്യായാധിപസമിതിയിൽ ഇരുന്ന എല്ലാവരും സ്തെഫാനൊസിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം ഒരു ദൈവദൂതന്റേതുപോലെ തേജസ്സുള്ളതായി കാണപ്പെട്ടു.