അപ്പൊ. പ്രവൃത്തികൾ 5:1-21

അപ്പൊ. പ്രവൃത്തികൾ 5:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അനന്യാസ് എന്നുപേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീറയും ചേർന്ന് അവരുടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടുകൂടി ആ വസ്തുവിന്റെ വിലയിൽ ഒരംശം അയാൾ മാറ്റിവച്ചു; ബാക്കി കൊണ്ടുവന്ന് അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു. അപ്പോൾ പത്രോസ് പറഞ്ഞു: “അനന്യാസേ, പരിശുദ്ധാത്മാവിന്റെ നേരെ വ്യാജം പ്രവർത്തിക്കുവാനും വസ്തുവിന്റെ വിലയിൽ ഒരു പങ്ക് എടുത്തുവയ്‍ക്കുവാനും സാത്താൻ നിന്റെ ഹൃദയത്തെ കൈയടക്കിയത് എന്തുകൊണ്ട്? ആ വസ്തു വില്‌ക്കുന്നതിനുമുമ്പു നിൻറേതുതന്നെ ആയിരുന്നില്ലേ? വിറ്റതിനുശേഷവും ആ പണം നിന്റെ സ്വന്തം അല്ലായിരുന്നുവോ? പിന്നെ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യുവാൻ നീ മനസ്സുവച്ചത് എന്തുകൊണ്ട്? നീ മനുഷ്യരോടല്ല, ദൈവത്തോടാണു വ്യാജം പ്രവർത്തിച്ചത്”. ഈ വാക്കുകൾ കേട്ടയുടൻ അനന്യാസ് വീണു മരിച്ചു. ഈ സംഭവത്തെപ്പറ്റി കേട്ടവരെല്ലാം ഭയവിഹ്വലരായി. അവിടെയുണ്ടായിരുന്ന യുവാക്കന്മാർ അനന്യാസിന്റെ മൃതശരീരം തുണിയിൽ പൊതിഞ്ഞു പുറത്തുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് അനന്യാസിന്റെ ഭാര്യ ഇതൊന്നും അറിയാതെ അവിടെ ചെന്നു. പത്രോസ് അവരോടു ചോദിച്ചു: “പറയൂ, ഈ വിലയ്‍ക്കുതന്നെയോ നിങ്ങൾ വസ്തു വിറ്റത്?” “അതെ, ഈ വിലയ്‍ക്കുതന്നെ” എന്ന് ആ സ്‍ത്രീ ഉത്തരം പറഞ്ഞു. അപ്പോൾ പത്രോസ് പറഞ്ഞു: “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കുവാൻ നിങ്ങൾ തമ്മിൽ പറഞ്ഞൊത്തത് എന്തുകൊണ്ട്? ഇതാ നോക്കൂ, നിങ്ങളുടെ ഭർത്താവിനെ സംസ്കരിച്ചവർ വാതില്‌ക്കൽ എത്തിക്കഴിഞ്ഞു. അവർ നിങ്ങളെയും എടുത്തുകൊണ്ടു പുറത്തുപോകും.” തൽക്ഷണം സഫീറയും പത്രോസിന്റെ കാല്ച്ചുവട്ടിൽ വീണു മരിച്ചു; പ്രസ്തുത യുവാക്കന്മാർ അകത്തു ചെന്നപ്പോൾ ആ സ്‍ത്രീ മരിച്ചുകിടക്കുന്നതായി കണ്ടു. അവർ മൃതദേഹം എടുത്തുകൊണ്ടുപോയി ഭർത്താവിന്റെ സമീപം സംസ്കരിച്ചു. സഭയിലുള്ള എല്ലാവർക്കും ഈ സംഭവത്തെക്കുറിച്ചു കേട്ട മറ്റുള്ള സകല ജനങ്ങൾക്കും അത്യധികമായ ഭയമുണ്ടായി. അപ്പോസ്തോലന്മാർ മുഖേന അനേകം അദ്ഭുതങ്ങളും അടയാളപ്രവൃത്തികളും ജനങ്ങളുടെ ഇടയിൽ നടന്നു. വിശ്വാസികളെല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവന്നു. ജനങ്ങൾ അവരെ പ്രകീർത്തിച്ചെങ്കിലും അവരുടെ സമൂഹത്തിൽ ഉൾപ്പെടാത്തവരാരും അവരുടെകൂടെ ചേരുവാൻ ധൈര്യപ്പെട്ടില്ല. എങ്കിലും മേല്‌ക്കുമേൽ പുരുഷന്മാരും സ്‍ത്രീകളും ഉൾപ്പെട്ട വലിയ സംഘം കർത്താവിൽ വിശ്വസിച്ച് അവരോടു ചേർന്നുകൊണ്ടിരുന്നു. പത്രോസ് കടന്നുപോകുമ്പോൾ, അദ്ദേഹത്തിന്റെ നിഴലെങ്കിലും രോഗികളുടെമേൽ പതിക്കുന്നതിനുവേണ്ടി ജനങ്ങൾ അവരെ കൊണ്ടുവന്നു തെരുവീഥികളിൽപോലും കിടക്കകളിലും വിരിപ്പുകളിലും കിടത്തിവന്നിരുന്നു. കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്ന് ബഹുജനങ്ങൾ രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവന്നു. അവരെല്ലാവരും സുഖം പ്രാപിക്കുകയും ചെയ്തു. മഹാപുരോഹിതനും അദ്ദേഹത്തെ അനുകൂലിച്ച സാദൂക്യകക്ഷിയിൽപ്പെട്ട എല്ലാവരും അസൂയകൊണ്ടു നിറഞ്ഞ് അപ്പോസ്തോലന്മാർക്ക് എതിരെ നടപടി എടുക്കുവാൻ തീരുമാനിച്ചു. അവർ അവരെ പിടിച്ചു പൊതുതടവിലാക്കി. എന്നാൽ കർത്താവിന്റെ ദൂതൻ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു പറഞ്ഞു: “നിങ്ങൾ ദേവാലയത്തിൽ ചെന്ന് ജനങ്ങളോട് ഈ പുതിയ ജീവന്റെ വചനങ്ങൾ അറിയിക്കുക.” അതനുസരിച്ച് അപ്പോസ്തോലന്മാർ അതിരാവിലെ ദേവാലയത്തിൽ പോയി പഠിപ്പിക്കുവാനാരംഭിച്ചു. മഹാപുരോഹിതനും കൂടെയുള്ളവരും ചെന്ന് ഇസ്രായേൽ ജനപ്രമുഖന്മാരെല്ലാം ഉൾപ്പെട്ട സന്നദ്രിംസംഘത്തെ വിളിച്ചുകൂട്ടി; പിന്നീട് അപ്പോസ്തോലന്മാരെ ഹാജരാക്കുവാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തു വയ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്? അത് വില്ക്കുംമുമ്പേ നിൻറേതായിരുന്നില്ലയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞു. ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. ബാല്യക്കാർ എഴുന്നേറ്റ് അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ഏകദേശം മൂന്നു മണി നേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു. പത്രൊസ് അവളോട്: ഇത്രയ്ക്കോ നിങ്ങൾ നിലം വിറ്റത്? പറക എന്നു പറഞ്ഞു; അതേ, ഇത്രയ്ക്കുതന്നെ എന്ന് അവൾ പറഞ്ഞു. പത്രൊസ് അവളോട്: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. ഉടനെ അവൾ അവന്റെ കാല്ക്കൽ വീണ് പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു. സർവസഭയ്ക്കും ഇതു കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. അപ്പൊസ്തലന്മാരുടെ കൈയാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അദ്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടി വരിക പതിവായിരുന്നു. മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു. മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു. രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടേയുംമേൽ വീഴേണ്ടതിനു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. അതു കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും. പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവിൽ ആക്കി. രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു: നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. അവർ കേട്ടു പുലർച്ചയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്ക് ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്‍റെ ഭാര്യയായ സഫീറയോടുകൂടി ഒരു നിലം വിറ്റു. നിലം വിറ്റുകിട്ടിയ വിലയിൽനിന്ന് ഭാര്യയുടെ അറിവോടെ ഒരു ഭാഗം എടുത്തുവച്ചശേഷം ബാക്കിയുള്ളത് കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു. അപ്പോൾ പത്രൊസ്: “അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുവാനും നിലത്തിന്‍റെ വിലയിൽ ഒരു ഭാഗം എടുത്തുവയ്ക്കുവാനും സാത്താൻ നിന്‍റെ ഹൃദയം കൈവശം ആക്കുവാൻ നീ അനുവദിച്ചത് എന്ത്? അത് വില്ക്കുന്നതിന് മുമ്പെ നിന്റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്‍റെ കൈവശം ആയിരുന്നല്ലോ? പിന്നെ എന്തിന് നീ ഈ കാര്യത്തിന് മനസ്സുവെച്ചു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത്” എന്നു പറഞ്ഞു. ഈ വാക്ക് കേട്ട ഉടനെ അനന്യാസ് താഴെ വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവർ എല്ലാവർക്കും വളരെ ഭയം ഉണ്ടായി. യൗവനക്കാർ മുന്നോട്ട് വന്ന് അവനെ ശീലകൊണ്ട് പൊതിഞ്ഞ് പുറത്തുകൊണ്ടുപോയി കുഴിച്ചിട്ടു. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അവന്‍റെ ഭാര്യ സഫീറ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു. പത്രൊസ് അവളോട്: “ഈ തുകയ്ക്ക് തന്നെയോ നിങ്ങൾ നിലം വിറ്റത്? പറക” എന്നു പറഞ്ഞു; “അതേ, ഈ തുകയ്ക്ക് തന്നെ” എന്നു അവൾ പറഞ്ഞു. പത്രൊസ് അവളോട്: “കർത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തത് എന്ത്? ഇതാ, നിന്‍റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ട്; അവർ വന്ന് നിന്നെയും പുറത്തുകൊണ്ടുപോകും” എന്നു പറഞ്ഞു. ഉടനെ അവൾ പത്രോസിന്‍റെ കാൽക്കൽ വീണ് പ്രാണനെ വിട്ടു; യൗവനക്കാർ അകത്ത് വന്ന് അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്‍റെ അരികെ കുഴിച്ചിട്ടു. ഈ സംഭവത്തിൽ സഭയ്ക്ക് മുഴുവനും ഇത് കേട്ടവർക്ക് എല്ലാവർക്കും മഹാഭയം ഉണ്ടായി. അപ്പൊസ്തലന്മാരുടെ കൈകളാൽ ജനത്തിന്‍റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു. മറ്റുള്ളവർ ആരുംതന്നെ അവരോട് ചേരുവാൻ ധൈര്യപ്പെട്ടില്ല; എങ്കിലും ജനങ്ങൾ അവരെ അധികമായി ബഹുമാനിച്ചുപോന്നു അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു, അവരെല്ലാവരും വിശ്വാസികളുടെ കൂട്ടത്തോട് ചേർന്നുവന്നു. രോഗികളെ പുറത്തു കൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്‍റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന് വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. അതുകൂടാതെ യെരൂശലേമിന് ചുറ്റുപാടുമുള്ള പട്ടണങ്ങളിൽനിന്നും ജനങ്ങൾ വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയൊക്കെയും കൊണ്ടുവന്നു; അവർ എല്ലാവരും സൗഖ്യം പ്രാപിക്കുകയും ചെയ്തു. എന്നാൽ മഹാപുരോഹിതൻ എഴുന്നേറ്റ്, അവനോട് കൂടെ ഉണ്ടായിരുന്ന സദൂക്യരും ചേർന്നു അസൂയ നിറഞ്ഞ് അപ്പൊസ്തലന്മാരെ പിടിച്ച് പൊതു കാരാഗൃഹത്തിൽ ആക്കി. എന്നാൽ രാത്രിയിൽ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നിട്ട് അവരോട് “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്‍റെ വചനം എല്ലാ ജനത്തോടും പ്രസ്താവിപ്പിൻ” എന്നു പറഞ്ഞു. അവർ അത് കേട്ടു പുലർച്ചയ്ക്ക് ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. എന്നാൽ മഹാപുരോഹിതനും കൂടെയുള്ളവരും വന്ന് ന്യായാധിപസംഘത്തെയും യിസ്രായേൽ മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അപ്പൊസ്തലന്മാരെ കൊണ്ടുവരുവാനായി കാരാഗൃഹത്തിലേക്ക് ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു. അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി. ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാര്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു. പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു. പത്രൊസ് അവളോടു: കർത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു. ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭർത്താവിന്റെ അരികെ കുഴിച്ചിട്ടു. സർവ്വസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി. അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു. മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു. മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു. രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും. അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും. പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി. രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു: നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു. അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.

അപ്പൊ. പ്രവൃത്തികൾ 5:1-21 സമകാലിക മലയാളവിവർത്തനം (MCV)

അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു. കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു. അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്? ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു. ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി. പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു. ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു. പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?” “അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു. അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു. ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു. സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി. അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു. പൊതുജനം വിശ്വാസികളെ അത്യധികം ബഹുമാനിച്ചിരുന്നെങ്കിലും ആ സമൂഹത്തോടു സഹകരിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അനേകം സ്ത്രീപുരുഷന്മാർ കർത്താവിൽ വിശ്വസിച്ച് വിശ്വാസസമൂഹത്തോടു ചേർന്നു. പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു. ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു. അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി. അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു. എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു. ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു. പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു.