അപ്പൊ. പ്രവൃത്തികൾ 4:29-35

അപ്പൊ. പ്രവൃത്തികൾ 4:29-35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവരൊക്കെയും അവയെ വിറ്റു വില കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വയ്ക്കും; പിന്നെ ഓരോരുത്തന് അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചു കൊടുക്കും.

അപ്പൊ. പ്രവൃത്തികൾ 4:29-35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് കർത്താവേ, ഇപ്പോൾ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാൻ അവിടുത്തെ ദാസന്മാർക്കു കൃപയരുളണമേ. രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ചെയ്യണമേ”. അവർ ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്റെ സന്ദേശം അവർ സധൈര്യം തുടർന്നു ഘോഷിക്കുകയും ചെയ്തു. വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവർക്കു പൊതുവകയായിരുന്നു. അപ്പോസ്തോലന്മാർ അതീവശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ബുദ്ധിമുട്ടുള്ളവർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവർ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കൽ സമർപ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു.

അപ്പൊ. പ്രവൃത്തികൾ 4:29-35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്‍റെ ദാസന്മാർക്ക് കൃപ നല്കേണമേ.” ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്‍റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

അപ്പൊ. പ്രവൃത്തികൾ 4:29-35 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.

അപ്പൊ. പ്രവൃത്തികൾ 4:29-35 സമകാലിക മലയാളവിവർത്തനം (MCV)

ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.” ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി. വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.