അപ്പൊ. പ്രവൃത്തികൾ 4:1-37

അപ്പൊ. പ്രവൃത്തികൾ 4:1-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരേ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ട് പിറ്റന്നാൾവരെ കാവലിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി. പിറ്റന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവരൊക്കെയും ഉണ്ടായിരുന്നു. ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന് ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽതന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനമൊക്കെയും അറിഞ്ഞുകൊൾവിൻ. വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ട് കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ല് ഇവൻതന്നെ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവർക്ക് എതിർപറവാൻ വകയില്ലായിരുന്നു. അവരോട് ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജനം ചെയ്ത് അവരെ വിട്ടയച്ചു. ഈ അദ്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു. വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു. അതു കേട്ടിട്ട് അവർ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിനു വിരോധമായും അവന്റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കൈയും നിന്റെ ആലോചനയും മുൻനിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം. ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവൻ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവരൊക്കെയും അവയെ വിറ്റു വില കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വയ്ക്കും; പിന്നെ ഓരോരുത്തന് അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചു കൊടുക്കും. പ്രബോധനപുത്രൻ എന്ന് അർഥമുള്ള ബർന്നബാസ് എന്ന് അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കൽ വച്ചു.

അപ്പൊ. പ്രവൃത്തികൾ 4:1-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു. അപ്പോസ്തോലന്മാർ പ്രബോധിപ്പിക്കുകയും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാൽ അവർക്ക് അമർഷമുണ്ടായി. അവർ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാൽ പിറ്റേന്നാൾവരെ തടങ്കലിൽ വയ്‍ക്കുകയും ചെയ്തു. എന്നാൽ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകൾ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി. പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമിൽ ഒരുമിച്ചുകൂടി. മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തിൽപ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു. അവർ അപ്പോസ്തോലന്മാരെ മധ്യത്തിൽ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു ചെയ്തത്?” അപ്പോൾ പത്രോസ് പരിശുദ്ധാത്മപൂർണനായി ഇപ്രകാരം പറഞ്ഞു: “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാൾ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, നിങ്ങൾ ക്രൂശിക്കുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുവിന്റെ നാമത്തിൽത്തന്നെയാണ് ഈ മനുഷ്യൻ പൂർണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങൾ എല്ലാവരും അറിഞ്ഞുകൊള്ളുക. ‘വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’ ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്‌കപ്പെട്ടിട്ടില്ല.” പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോൾ, അവിടെ കൂടിയിരുന്നവർ ആശ്ചര്യപ്പെടുകയും അവർ യേശുവിന്റെ സഹചാരികൾ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തു പറയുവാൻ കഴിഞ്ഞില്ല. അപ്പോസ്തോലന്മാർ പുറത്തിറങ്ങി നില്‌ക്കാൻ സന്നദ്രിംസംഘം ആജ്ഞാപിച്ചു. പിന്നീട് അവർ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാൻ നമുക്കു സാധ്യവുമല്ല. എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ വാർത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവർ മേലിൽ ആരോടും ഒരിക്കലും ഈ നാമത്തിൽ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.” അനന്തരം അവർ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കർശനമായി ആജ്ഞാപിച്ചു. എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.” എന്നാൽ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാൽ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാൻ ഒരു പഴുതും കണ്ടില്ല. അതിനാൽ അവർക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്നു. സ്വതന്ത്രരായ ഉടനെ അവർ സഹവിശ്വാസികളുടെ അടുക്കൽ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. ഇതുകേട്ടപ്പോൾ അവർ ഏകമനസ്സോടെ ശബ്ദമുയർത്തി ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ച സർവേശ്വരാ, ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാൽ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ: വിജാതീയർ കോപാകുലരാകുന്നതും, ജനങ്ങൾ വ്യർഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്? സർവേശ്വരനും അവിടുത്തെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും ഭരണാധിപന്മാർ സംഘടിക്കുകയും ചെയ്തിരിക്കുന്നു. “വാസ്തവത്തിൽ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തിൽ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേൽജനത്തോടും വിജാതീയരോടും ഒത്തുചേർന്നു. അതിന്റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കർമപദ്ധതിയുമനുസരിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ട് കർത്താവേ, ഇപ്പോൾ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാൻ അവിടുത്തെ ദാസന്മാർക്കു കൃപയരുളണമേ. രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ചെയ്യണമേ”. അവർ ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്റെ സന്ദേശം അവർ സധൈര്യം തുടർന്നു ഘോഷിക്കുകയും ചെയ്തു. വിശ്വാസികളുടെ സമൂഹം ഏക മനസ്സും ഏക ഹൃദയവുമുള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവർക്കു പൊതുവകയായിരുന്നു. അപ്പോസ്തോലന്മാർ അതീവശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം വഹിച്ചു. ധാരാളമായ ദൈവകൃപ എല്ലാവരിലും ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ ബുദ്ധിമുട്ടുള്ളവർ ആരുംതന്നെ ഉണ്ടായിരുന്നില്ല. വീടോ പറമ്പോ ഉണ്ടായിരുന്നവർ അവ വിറ്റുകിട്ടിയ പണം അപ്പോസ്തോലന്മാരുടെ പാദത്തിങ്കൽ സമർപ്പിച്ചു: ഓരോരുത്തരുടെയും ആവശ്യാനുസരണം അതു പങ്കിട്ടു കൊടുത്തുപോന്നു. സൈപ്രസ്സുകാരനായ യോസേഫ് എന്നു പേരുള്ള ഒരു ലേവ്യനുണ്ടായിരുന്നു. ‘ധൈര്യപ്പെടുത്തുന്നവൻ’ എന്നർഥമുള്ള ബർനബാസ് എന്നാണ് അയാളെ അപ്പോസ്തോലന്മാർ വിളിച്ചിരുന്നത്. അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റ് ആ പണം അപ്പോസ്തോലന്മാരുടെ കാല്‌ക്കൽ സമർപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 4:1-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പത്രൊസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും പത്രൊസിൻ്റെയും യോഹന്നാന്‍റെയും നേരെ വന്നു, യേശുവിനേയും മരിച്ചവരിൽ നിന്നുള്ള തന്‍റെ പുനരുത്ഥാനത്തെയും കുറിച്ച് പത്രൊസും യോഹന്നാനും ജനത്തെ ഉപദേശിക്കുകയാൽ അവർ നീരസപ്പെട്ടു. അവരെ പിടിച്ച് വൈകുന്നേരം ആകകൊണ്ട് പിറ്റെന്നാൾവരെ തടവിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളമായി. പിറ്റെന്നാൾ അവരുടെ ഭരണാധികാരികളും, മൂപ്പന്മാരും, ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു. അവർ പത്രൊസിനെയും യോഹന്നാനെയും നടുവിൽ നിർത്തി: “എന്ത് അധികാരത്താലും ആരുടെ നാമത്തിലും ആകുന്നു നിങ്ങൾ ഇത് ചെയ്തത്?” എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: “ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ രോഗിയായ മനുഷ്യന് ചെയ്ത നല്ലപ്രവൃത്തി നിമിത്തം ഇന്ന് ഞങ്ങളെ വിസ്തരിക്കുന്നു എങ്കിൽ, ഈ മനുഷ്യൻ സൗഖ്യം പ്രാപിച്ചത് എങ്ങനെ? നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽത്തന്നെ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് വീടിന്‍റെ മൂലക്കല്ലായിത്തീർന്ന ആ കല്ല് ഇവൻ തന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” അവർ പത്രൊസിൻ്റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യരും മുൻപ് യേശുവിനോടുകൂടെ ആയിരുന്നവർ എന്നു ഗ്രഹിക്കയാലും അവർ ആശ്ചര്യപ്പെട്ടു; സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് എതിർ പറവാൻ വകയില്ലായിരുന്നു. അപ്പൊസ്തലന്മാർ ന്യായാധിപസംഘത്തിൽനിന്നു പുറത്തു പോകുവാൻ കല്പിച്ചിട്ട് അവർ തമ്മിൽ ആലോചിച്ചു: “ഈ മനുഷ്യരെ എന്ത് ചെയ്യേണ്ടു? അസാധാരണവും പ്രത്യക്ഷവുമായൊരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്ക് കഴിയില്ല. എങ്കിലും അത് ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്ന് നാം അവരെ താക്കീത് ചെയ്യേണം” എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്‍റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് എന്നു കല്പിച്ചു. അതിന് പത്രൊസും യോഹന്നാനും: “ദൈവത്തേക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു നിങ്ങൾ വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിക്കുവാൻ കഴിയുന്നതല്ല” എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യം കൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിന് ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു. ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു. വിട്ടയച്ച ശേഷം അവർ തങ്ങളുടെ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോട് പറഞ്ഞത് എല്ലാം അറിയിച്ചു. അത് കേട്ടിട്ടു അവർ ഒരുമനപ്പെട്ട് ദൈവത്തോട് നിലവിളിച്ചു പറഞ്ഞത്: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: ‘ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന് വിരോധമായും അവന്‍റെ അഭിഷിക്തന് വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു’ അങ്ങ് അഭിഷേകം ചെയ്ത യേശു എന്ന അവിടുത്തെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തോസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്‍റെ കയ്യും നിന്‍റെ ആലോചനയും മുന്നിയമിച്ചത് ഒക്കെയും നിവർത്തിച്ചിരിക്കുന്നു സത്യം. ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂർണ്ണധൈര്യത്തോടുകൂടെ പ്രസ്താവിപ്പാൻ നിന്‍റെ ദാസന്മാർക്ക് കൃപ നല്കേണമേ.” ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ വലിയ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്ക് പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. കുറവ് ഉളളവരായി ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയും വീടുകളുടെയും ഉടമകൾ അവ ഒക്കെയും വിറ്റ് വില കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെയ്ക്കും; പിന്നെ ഓരോരുത്തനും അവനവന്‍റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും. പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച സൈപ്രസ് ദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റ് പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വച്ചു.

അപ്പൊ. പ്രവൃത്തികൾ 4:1-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു. അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി. എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി. പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി; മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു. ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു. പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ, ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ. വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ. മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. സൗഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു. അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു: ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു. പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു. അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഈ സംഭവിച്ച കാര്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തർജ്ജനം ചെയ്തു അവരെ വിട്ടയച്ചു. ഈ അത്ഭുതത്താൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു. വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു. അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ, “ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കർത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ, നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി, സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം. ഇപ്പോഴോ കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. സൗഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ. ഇങ്ങനെ പ്രാർത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു. വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല; സകലവും അവർക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു. മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും. പ്രബോധനപുത്രൻ എന്നു അർത്ഥമുള്ള ബർന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

അപ്പൊ. പ്രവൃത്തികൾ 4:1-37 സമകാലിക മലയാളവിവർത്തനം (MCV)

പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു. പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി. അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു. എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി. പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു; മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു. അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു. അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ, മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്. “ ‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’ ഈ യേശുക്രിസ്തുതന്നെ. മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.” പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.” തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു. ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ. ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’ അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.” ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി. വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു. അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു. സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം. അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.