അപ്പൊ. പ്രവൃത്തികൾ 3:2-8

അപ്പൊ. പ്രവൃത്തികൾ 3:2-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ട്. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞ് അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറച്ച് അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.

അപ്പൊ. പ്രവൃത്തികൾ 3:2-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദേവാലയത്തിൽ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേർ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്റെ പടിവാതില്‌ക്കൽ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോൾ അയാൾ അവരോട് ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു. അവരിൽനിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാൾ അവരെ സൂക്ഷിച്ചുനോക്കി. എന്നാൽ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തൽക്ഷണം ആ മനുഷ്യന്റെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലമുണ്ടായി. അയാൾ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാൾ അവരോടുകൂടി ദേവാലയത്തിൽ പ്രവേശിച്ചു.

അപ്പൊ. പ്രവൃത്തികൾ 3:2-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്‍റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്നു പറഞ്ഞു. അവൻ തനിക്കു വല്ലതും കിട്ടും എന്നു കരുതി അവരെ ശ്രദ്ധിച്ചുനോക്കി. അപ്പോൾ പത്രൊസ്: “നിനക്കു നല്കാനായി വെളളിയും പൊന്നും എന്‍റെ പക്കൽ ഇല്ല; എന്നാൽ എന്‍റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നടക്ക” എന്നു പറഞ്ഞു. അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്‍റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.

അപ്പൊ. പ്രവൃത്തികൾ 3:2-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.

അപ്പൊ. പ്രവൃത്തികൾ 3:2-8 സമകാലിക മലയാളവിവർത്തനം (MCV)

ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു. അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി. അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു. അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു. അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു.