അപ്പൊ. പ്രവൃത്തികൾ 3:1-19

അപ്പൊ. പ്രവൃത്തികൾ 3:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാർഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ട്. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞ് അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറച്ച് അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു, ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായിത്തീർന്നു. അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയം പൂണ്ടു ശലോമോൻറേത് എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. അത് കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞത്: യിസ്രായേൽപുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്? അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു. അവനെ ദൈവം മരിച്ചവരിൽനിന്ന് എഴുന്നേല്പിച്ചു; അതിനു ഞങ്ങൾ സാക്ഷികൾ ആകുന്നു. അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമംതന്നെ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായിത്തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായിത്തീർന്നു. സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്ന് ഞാൻ അറിയുന്നു. ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു. ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങൾ വരികയും

അപ്പൊ. പ്രവൃത്തികൾ 3:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരു ദിവസം ഉച്ചകഴിഞ്ഞു മൂന്നുമണിക്കുള്ള പ്രാർഥനാസമയത്ത് പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുകയായിരുന്നു. ദേവാലയത്തിൽ പോകുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി ജന്മനാ മുടന്തനായ ഒരുവനെ ഏതാനും പേർ ദേവാലയത്തിലേക്ക് എടുത്തുകൊണ്ടുവന്ന് ‘സുന്ദരം’ എന്നു പേരുള്ള ദേവാലയത്തിന്റെ പടിവാതില്‌ക്കൽ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദേവാലയത്തിലേക്കു പോകുന്നതു കണ്ടപ്പോൾ അയാൾ അവരോട് ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടൊപ്പം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെ നേരേ നോക്കൂ” എന്നു പറഞ്ഞു. അവരിൽനിന്നു വല്ലതും കിട്ടുമെന്നു പ്രതീക്ഷിച്ചുകൊണ്ട് അയാൾ അവരെ സൂക്ഷിച്ചുനോക്കി. എന്നാൽ പത്രോസ്, “പൊന്നും വെള്ളിയും എനിക്കില്ല; എങ്കിലും എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” എന്നു പറഞ്ഞുകൊണ്ട് അയാളുടെ വലത്തുകൈക്കു പിടിച്ച് എഴുന്നേല്പിച്ചു. തൽക്ഷണം ആ മനുഷ്യന്റെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലമുണ്ടായി. അയാൾ ചാടി എഴുന്നേറ്റു നില്‌ക്കുകയും നടക്കുകയും ചെയ്തു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുകൊണ്ട് അയാൾ അവരോടുകൂടി ദേവാലയത്തിൽ പ്രവേശിച്ചു. അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും എല്ലാവരും കണ്ടു. ‘സുന്ദരം’ എന്ന ദേവാലയഗോപുരത്തിലിരുന്നു ഭിക്ഷയാചിച്ച മനുഷ്യനാണയാൾ എന്ന് അവർക്ക് മനസ്സിലായി; അയാൾക്കു സംഭവിച്ചതിനെക്കുറിച്ച് അവർക്കു വിസ്മയവും സംഭ്രമവുമുണ്ടായി. അയാൾ പത്രോസിന്റെയും യോഹന്നാന്റെയും അടുക്കൽ പറ്റിക്കൂടി നില്‌ക്കുന്നതുകണ്ട് ജനങ്ങൾ അമ്പരന്ന്, ‘ശലോമോൻറേത്’ എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. ഇതു കണ്ട് പത്രോസ് അവരെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “ഇസ്രായേൽജനങ്ങളേ, ഇതിൽ നിങ്ങൾ എന്തിനാണ് വിസ്മയിക്കുന്നത്? നിങ്ങൾ ഞങ്ങളെ തുറിച്ചുനോക്കുന്നത് എന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ അല്ല ഈ മനുഷ്യനെ നടക്കുമാറാക്കിയത്. അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. ആ യേശുവിനെ നിങ്ങൾ അധികാരികൾക്ക് ഏല്പിച്ചുകൊടുത്തു. പീലാത്തോസ് യേശുവിനെ മോചിപ്പിക്കുവാൻ തീരുമാനിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ മുമ്പിൽവച്ച് നിങ്ങൾ അവിടുത്തെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തിരസ്കരിച്ചു. ഒരു കൊലപാതകിയെ വിട്ടുകിട്ടണമെന്നത്രേ നിങ്ങൾ ആവശ്യപ്പെട്ടത്. ജീവനാഥനെ നിങ്ങൾ വധിച്ചു; ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ചു; അതിനു ഞങ്ങൾ സാക്ഷികൾ. ആ യേശുവിന്റെ നാമം, അവിടുത്തെ നാമത്തിലുള്ള വിശ്വാസംതന്നെ, നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനു ബലം നല്‌കിയിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ, ഇയാൾക്കു സമ്പൂർണമായ ആരോഗ്യം നല്‌കിയത് യേശുക്രിസ്തുവിൽക്കൂടിയുള്ള വിശ്വാസമാണ്. “സഹോദരരേ, നിങ്ങളുടെ നേതാക്കന്മാരും നിങ്ങളും അജ്ഞതമൂലമാണ് യേശുവിനോട് ഇപ്രകാരം ചെയ്തതെന്ന് എനിക്കറിയാം. എന്നാൽ ക്രിസ്തു കഷ്ടതയനുഭവിക്കുമെന്നു സകല പ്രവാചകന്മാരും മുഖാന്തരം ദൈവം മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ സംഭവിച്ചു. അതിനാൽ നിങ്ങളുടെ പാപം നിർമാർജനം ചെയ്യപ്പെടേണ്ടതിന് അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞുകൊള്ളുക.

അപ്പൊ. പ്രവൃത്തികൾ 3:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്‍റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്നു പറഞ്ഞു. അവൻ തനിക്കു വല്ലതും കിട്ടും എന്നു കരുതി അവരെ ശ്രദ്ധിച്ചുനോക്കി. അപ്പോൾ പത്രൊസ്: “നിനക്കു നല്കാനായി വെളളിയും പൊന്നും എന്‍റെ പക്കൽ ഇല്ല; എന്നാൽ എന്‍റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നടക്ക” എന്നു പറഞ്ഞു. അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്‍റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു. അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു, ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്നു അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു. അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്‍റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒ‍ാടിയെത്തി. അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്? അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്‍റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ആവശ്യപ്പെട്ടു, ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ച ജീവന്‍റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു. അവന്‍റെ നാമത്തിലെ വിശ്വാസത്താൽ, അവന്‍റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവനു, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു. “സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു. ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു. ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്‍റെ സന്നിധിയിൽനിന്നും

അപ്പൊ. പ്രവൃത്തികൾ 3:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു. അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു. പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു. അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി. അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു, ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു. അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി. അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു? അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു. അവനെ ദൈവം മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു. അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു. സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു. ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു. ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു

അപ്പൊ. പ്രവൃത്തികൾ 3:1-19 സമകാലിക മലയാളവിവർത്തനം (MCV)

ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു. ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു. പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു. പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു. അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി. അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു. അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു. അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു. ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരകവാടത്തിൽ ഇരുന്ന യാചകനാണ് അയാൾ എന്ന് അവർ മനസ്സിലാക്കി. അയാൾക്കു സംഭവിച്ചതുകണ്ട് അവർ അത്ഭുതവും സംഭ്രമവും നിറഞ്ഞവരായി. അയാൾ പത്രോസിനെയും യോഹന്നാനെയും വിട്ടുപോകാതെ നിൽക്കുമ്പോൾ ആശ്ചര്യഭരിതരായ ജനം “ശലോമോന്റെ മണ്ഡപം” എന്ന സ്ഥാനത്ത് അവരുടെ അടുക്കൽ ഓടിക്കൂടി. പത്രോസ് അതുകണ്ട് അവരെ അഭിസംബോധനചെയ്ത് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽജനമേ, ഇതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നതെന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇയാളെ നടക്കാൻ പ്രാപ്തനാക്കി എന്ന ഭാവത്തിൽ ഞങ്ങളെ എന്തിനാണ് സൂക്ഷിച്ചുനോക്കുന്നത്? അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവംതന്നെ, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. നിങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഏൽപ്പിച്ചുകൊടുത്തു. യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് തീരുമാനിച്ചിരുന്നിട്ടും നിങ്ങൾ അദ്ദേഹത്തെ തിരസ്കരിച്ചുകളഞ്ഞു. പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട് കൊലപാതകിയെ മോചിപ്പിച്ച് നിങ്ങൾക്കു വിട്ടുതരണം എന്ന് അപേക്ഷിക്കുകയും ചെയ്തു. ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്. അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്. “ഇപ്പോൾ സഹോദരങ്ങളേ, അജ്ഞതമൂലമാണ് നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും യേശുവിനോട് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് എനിക്കറിയാം. എന്നാൽ ദൈവത്തിന്റെ ക്രിസ്തു ഇവയെല്ലാം സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളിലൂടെ മുൻകൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ ദൈവം പൂർത്തീകരിച്ചു. ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക