അപ്പൊ. പ്രവൃത്തികൾ 27:21-26

അപ്പൊ. പ്രവൃത്തികൾ 27:21-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്റെ വാക്ക് അനുസരിച്ച് ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണനു ഹാനി വരുകയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.

അപ്പൊ. പ്രവൃത്തികൾ 27:21-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോൾ പൗലൊസ് അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങൾ എന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റിൽനിന്നു പുറപ്പെടാതിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളിൽ ആർക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പിൽ നില്‌ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപിൽ ചെന്നു കുടുങ്ങേണ്ടിവരും.”

അപ്പൊ. പ്രവൃത്തികൾ 27:21-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞത്: “പുരുഷന്മാരേ, എന്‍റെ വാക്ക് അനുസരിച്ചു ക്രേത്തയിൽനിന്ന് നീക്കാതെയും ഈ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല. എന്‍റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതൻ കഴിഞ്ഞ രാത്രിയിൽ എന്‍റെ അടുക്കൽനിന്ന്: ‘പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു’ എന്നു പറഞ്ഞു. അതുകൊണ്ട് പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോട് അരുളിച്ചെയ്തതുപോലെ തന്നെ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.”

അപ്പൊ. പ്രവൃത്തികൾ 27:21-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ വളരെ പട്ടിണി കിടന്നശേഷം പൗലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല. എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു: പൗലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു. എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.

അപ്പൊ. പ്രവൃത്തികൾ 27:21-26 സമകാലിക മലയാളവിവർത്തനം (MCV)

കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു. എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന് എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു. ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”