അപ്പൊ. പ്രവൃത്തികൾ 27:11-13

അപ്പൊ. പ്രവൃത്തികൾ 27:11-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശതാധിപനാകട്ടെ, പൗലൊസ് പറഞ്ഞതിനെക്കാൾ അധികം കപ്പിത്താന്റെയും കപ്പലുടമസ്ഥന്റെയും വാക്കുകൾ വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിച്ചുകൂട്ടാൻ പറ്റിയതുമായിരുന്നില്ല. അതുകൊണ്ട് അവിടെനിന്ന് യാത്രതുടർന്നു കഴിയുമെങ്കിൽ ഫീനിക്സിലെത്താൻ ശ്രമിക്കണമെന്ന അഭിപ്രായത്തെ ഭൂരിപക്ഷംപേരും അനുകൂലിച്ചു. ക്രീറ്റിലെ ഒരു തുറമുഖമാണ് ഫീനിക്സ്. തെക്കുപടിഞ്ഞാറും വടക്കുപടിഞ്ഞാറും അഭിമുഖമായി നിന്ന ആ തുറമുഖത്ത് ശീതകാലം കഴിച്ചുകൂട്ടാൻ കഴിയുമെന്നായിരുന്നു അവരുടെ ചിന്ത. തെക്കൻകാറ്റ് മന്ദംമന്ദം വീശുവാൻ തുടങ്ങിയതുകൊണ്ട്, തങ്ങൾ ഉദ്ദേശിച്ചതുപോലെ അവിടെയെത്താമെന്നു വിചാരിച്ച് അവർ നങ്കൂരമെടുത്തു കപ്പൽ നീക്കി. കഴിയുന്നതും ക്രീറ്റുദ്വീപിന്റെ തീരം ചേർന്ന് അവർ യാത്ര തുടർന്നു.

അപ്പൊ. പ്രവൃത്തികൾ 27:11-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശതാധിപനോ പൗലൊസ് പറഞ്ഞതിനേക്കാൾ കപ്പിത്താൻ്റെയും കപ്പലുടമസ്ഥൻ്റെയും വാക്ക് അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിക്കുവാൻ നല്ലതല്ലായ്കയാൽ അവിടെനിന്ന് നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നുകിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്ത് കഴിയുമെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു. തെക്കൻ കാറ്റ് മന്ദമായി ഊതുകയാൽ, വിചാരിച്ചതുപോലെ യാത്ര ചെയ്യാം എന്നു തോന്നി, അവർ അവിടെനിന്ന് നങ്കൂരം എടുത്ത് ക്രേത്തദ്വീപിൻ്റെ തീരംചേർന്ന് ഓടി.

അപ്പൊ. പ്രവൃത്തികൾ 27:11-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു. ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു. തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.

അപ്പൊ. പ്രവൃത്തികൾ 27:11-13 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്. ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക. തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു.