അപ്പൊ. പ്രവൃത്തികൾ 26:12-18

അപ്പൊ. പ്രവൃത്തികൾ 26:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്കു ഞാൻ വഴിയിൽ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിനു കർത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 26:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാൻ ദമാസ്കസിലേക്കു പോയത്. അല്ലയോ രാജാവേ, മാർഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയും ചെയ്തു. ‘കർത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ഉടനെ കർത്താവ് അരുൾചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റ് നിവർന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദർശിച്ചു എന്നതിനും, ഇനിയും ഞാൻ നിനക്കു കാണിച്ചു തരുവാൻ പോകുന്ന കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ, എന്റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാൻ നിനക്കു പ്രത്യക്ഷനായത്. ഇസ്രായേൽജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറന്ന് ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവർ പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തിൽ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്.

അപ്പൊ. പ്രവൃത്തികൾ 26:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിൻ്റെ നേരെ എതിരിടുന്നത് നിനക്കു പ്രയാസം ആകുന്നു’ എന്നു എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ; എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്കു പ്രത്യക്ഷനായി. യെഹൂദാജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 26:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ 26:12-18 സമകാലിക മലയാളവിവർത്തനം (MCV)

“അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു. “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’