അപ്പൊ. പ്രവൃത്തികൾ 26:1-18
അപ്പൊ. പ്രവൃത്തികൾ 26:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അഗ്രിപ്പാവ് പൗലൊസിനോട്: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ട് എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ: അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെമേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയുംകുറിച്ച് ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ട്, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്ന് നിരൂപിക്കുന്നു; അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമെന്ന് അപേക്ഷിക്കുന്നു. എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യം തുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു. ഞാൻ നമ്മുടെ മാർഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്ന് അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം. ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ട് എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത്. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്ന് നിങ്ങൾക്കു തോന്നുന്നത് എന്ത്? നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി പലതും പ്രവർത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം. അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരേ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു. ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്കു ഞാൻ വഴിയിൽ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിനു കർത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 26:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഗ്രിപ്പാ പൗലൊസിനോടു പറഞ്ഞു: “നിങ്ങൾക്കു പറയാനുള്ളതു പറയാം. അപ്പോൾ പൗലൊസ് കൈനീട്ടിക്കൊണ്ടു പ്രതിവാദിച്ചു: “അല്ലയോ അഗ്രിപ്പാരാജാവേ, യെഹൂദ ജനതയുടെ ആചാരങ്ങളും അവരുടെ ഇടയിലുള്ള തർക്കങ്ങളും അങ്ങേക്കു സുപരിചിതങ്ങളാണല്ലോ. അതുകൊണ്ട് അവർ എന്റെമേൽ ചുമത്തുന്ന എല്ലാ ആരോപണങ്ങളെക്കുറിച്ചും അങ്ങയുടെ മുമ്പിൽവച്ച് പ്രതിവാദിക്കുവാൻ ഇടവന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ പറയുന്നത് അങ്ങു ക്ഷമയോടെ കേൾക്കണമെന്ന് അപേക്ഷിക്കുന്നു. “ബാല്യംമുതൽ എന്റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ എങ്ങനെയാണു ജീവിച്ചതെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാവുന്നതാണ്. യെഹൂദമതാനുഷ്ഠാനങ്ങളിൽ ഏറ്റവും തീക്ഷ്ണതയുള്ള പരീശ കക്ഷിയിൽപ്പെട്ട ഒരുവനാണു ഞാനെന്ന് ആദിമുതല്‌ക്കേ അവർക്കറിയാം. മനസ്സുണ്ടെങ്കിൽ അവർ സാക്ഷ്യം വഹിക്കട്ടെ. ഞങ്ങളുടെ പിതാക്കന്മാരോടു ദൈവം ചെയ്ത വാഗ്ദാനത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഇന്നു ഞാൻ ഇവിടെ വിസ്തരിക്കപ്പെടുന്നത്. ആ വാഗ്ദാനം പ്രാപിക്കുന്നതിനുവേണ്ടി ഞങ്ങളുടെ പന്ത്രണ്ടു ഗോത്രങ്ങളും രാവും പകലും ആരാധനാനിരതരായി പ്രത്യാശിക്കുന്നു. ആ പ്രത്യാശയുടെ പേരിലാണ്, മഹാരാജാവേ, എന്നിൽ കുറ്റമാരോപിക്കുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നത് നിങ്ങൾക്ക് അവിശ്വസനീയമായി തോന്നുന്നത് എന്തുകൊണ്ട്? “നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്തൊക്കെ ചെയ്യുവാൻ കഴിയുമോ, അതൊക്കെ ചെയ്യേണ്ടതാണെന്നു ഞാൻ ഒരുകാലത്തു കരുതിയിരുന്നു. അതുതന്നെയാണ് ഞാൻ യെരൂശലേമിൽ ചെയ്തത്. പുരോഹിതമുഖ്യന്മാരിൽ നിന്ന് അധികാരപത്രം വാങ്ങിക്കൊണ്ട് യേശുവിന്റെ അനുയായികളായ വിശുദ്ധന്മാരിൽ പലരെയും ഞാൻ കാരാഗൃഹത്തിലാക്കി. അവരെ നിഗ്രഹിക്കുന്നതിനെ ഞാൻ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. സുനാഗോഗുകളിലെല്ലാം ചെന്ന് ഞാൻ പലപ്പോഴും അവരെ ദണ്ഡിപ്പിക്കുകയും തങ്ങളുടെ വിശ്വാസമുപേക്ഷിച്ച് ദൈവത്തെ ദുഷിക്കുവാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. അവരോടുള്ള കോപാവേശത്താൽ ഇതര നഗരങ്ങളിൽപോലും പോയി ഞാൻ അവരെ പീഡിപ്പിച്ചു. “അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാൻ ദമാസ്കസിലേക്കു പോയത്. അല്ലയോ രാജാവേ, മാർഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയും ചെയ്തു. ‘കർത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ഉടനെ കർത്താവ് അരുൾചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റ് നിവർന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദർശിച്ചു എന്നതിനും, ഇനിയും ഞാൻ നിനക്കു കാണിച്ചു തരുവാൻ പോകുന്ന കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ, എന്റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാൻ നിനക്കു പ്രത്യക്ഷനായത്. ഇസ്രായേൽജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറന്ന് ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവർ പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തിൽ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്.
അപ്പൊ. പ്രവൃത്തികൾ 26:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അഗ്രിപ്പാവ് പൗലൊസിനോട്: “നിന്റെ കാര്യം പറയുവാൻ അനുവാദം ഉണ്ട്” എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാൽ. “അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ച് ഇന്ന് തിരുമുമ്പാകെ പ്രതിവാദിക്കുവാൻ ഇടവന്നതുകൊണ്ട്, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച് നിനക്കു നന്നായി അറിയാമെന്ന് മനസ്സിലാക്കിയിട്ടുള്ളതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് എന്റെ പ്രതിവാദം ക്ഷമയോടെ കേൾക്കേണമെന്ന് ഞാൻ അപേക്ഷിക്കുന്നു. എന്‍റെ സ്വന്തം ജനങ്ങളുടെ ഇടയിലും യെരൂശലേമിലും ഞാൻ ബാല്യംമുതൽ ജീവിച്ചതെങ്ങനെയെന്ന് യെഹൂദന്മാർക്ക് എല്ലാവർക്കും അറിയാം. ഞാൻ നമ്മുടെ മതാനുഷ്ഠാനങ്ങൾ ഏറ്റവും കർക്കശമായി പ്രമാണിക്കുന്ന പരീശവിഭാഗത്തിൽ ഒരുവനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അത് അവർ അംഗീകരിക്കേണ്ടതുമാകുന്നു. എന്നാൽ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നത് ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്ക് ലഭിച്ച വാഗ്ദത്തത്തിൽ പ്രത്യാശ വെച്ചത് കൊണ്ടത്രേ. നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ദൈവത്തെ സേവിച്ചുംകൊണ്ട്, എത്തിപ്പിടിക്കുവാൻ ആശിക്കുന്നതായ അതേ വാഗ്ദത്തത്തിലുള്ള പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെ മേൽ കുറ്റം ചുമത്തുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കും എന്നുള്ളത് വിശ്വസിക്കാൻ സാധിക്കുന്നതല്ല എന്നു നിങ്ങൾക്ക് തോന്നുന്നത് എന്ത്? “നസറായനായ യേശുവിന്‍റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം. അത് ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടച്ചു; അവരെ കൊല്ലുന്ന സമയത്ത് ഞാനും സമ്മതം കൊടുത്തു. ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ട് യേശുവിനെ ദുഷിച്ചുപറവാൻ നിര്‍ബ്ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കുകയും ചെയ്തു. “ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്ക് യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചയ്ക്ക് ഞാൻ വഴിയിൽവച്ച് സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നത് കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തുവീണപ്പോൾ: ‘ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിൻ്റെ നേരെ എതിരിടുന്നത് നിനക്കു പ്രയാസം ആകുന്നു’ എന്നു എബ്രായഭാഷയിൽ എന്നോട് പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. ‘നീ ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചതിന് കർത്താവ്: ‘നീ ഉപദ്രവിക്കുന്ന യേശു തന്നെ ഞാൻ; എങ്കിലും എഴുന്നേറ്റ് നിവിർന്നുനിൽക്ക; ഇപ്പോൾ നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു കാണിക്കുവാനിരിക്കുന്നതായ കാര്യങ്ങൾക്കും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ തന്നെ ഞാൻ നിനക്കു പ്രത്യക്ഷനായി. യെഹൂദാജനത്തിൻ്റെയും ജാതികളുടെയും കയ്യിൽനിന്ന് ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണ് തുറപ്പാനും അവരെ ഇരുളിൽനിന്ന് വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്ന് ദൈവത്തിങ്കലേക്കും തിരിപ്പാനും അങ്ങനെ അവർക്ക് പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു’ എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 26:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അഗ്രിപ്പാവു പൗലൊസിനോടു: നിന്റെ കാര്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൗലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ: അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു, വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തർക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു. എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു. ഞാൻ നമ്മുടെ മാർഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവർക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം. ദൈവത്താൽ നമ്മുടെ പിതാക്കന്മാർക്കു ലഭിച്ചതും നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്തു? നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം. അതു ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ടു; മഹാപുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു. ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു. ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ, രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു. ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു. നീ ആരാകുന്നു കർത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കർത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ; എങ്കിലും എഴുന്നേറ്റു നിവിർന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി. ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 26:1-18 സമകാലിക മലയാളവിവർത്തനം (MCV)
അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു: “അഗ്രിപ്പാരാജാവേ, യെഹൂദരുടെ എല്ലാ ആരോപണങ്ങൾക്കുമെതിരായി, അങ്ങയുടെമുമ്പിൽ നിന്നുകൊണ്ട് പ്രതിവാദം നടത്താൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ, ഞാൻ എന്നെത്തന്നെ ഭാഗ്യവാൻ എന്നു കരുതുന്നു. പ്രത്യേകിച്ചു യെഹൂദരുടെ ആചാരങ്ങളെക്കുറിച്ചും അവരുടെ മധ്യേയുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും അങ്ങ് വളരെ പരിചിതനാണല്ലോ. ആകയാൽ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു. “ജീവിതാരംഭംമുതൽ, ബാല്യത്തിൽ സ്വദേശത്തിലും തുടർന്ന് ജെറുശലേമിലും ഞാൻ ഏതുവിധമാണ് ജീവിച്ചുപോന്നിട്ടുള്ളത് എന്ന് എല്ലാ യെഹൂദർക്കും അറിവുള്ളതാണ്. ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും. ദൈവം ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിലുള്ള എന്റെ പ്രത്യാശയാണ് ഞാൻ ഇന്നു വിസ്തരിക്കപ്പെടാനുള്ള കാരണം. ഞങ്ങളുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപകൽ ശ്രദ്ധയോടെ ദൈവത്തെ ആരാധിച്ചുപോരുന്നത് ഈ വാഗ്ദാനം പ്രാപിക്കാമെന്ന പ്രത്യാശയോടെയാണ്. അല്ലയോ രാജാവേ, ഈ പ്രത്യാശനിമിത്തമാണ് യെഹൂദർ എന്റെമേൽ കുറ്റം ചുമത്തുന്നത്. ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്? “നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു; ജെറുശലേമിൽ ഞാൻ ചെയ്തതും അതുതന്നെ. പുരോഹിതമുഖ്യന്മാരുടെ അധികാരപത്രം വാങ്ങി ഞാൻ അനേകം വിശുദ്ധരെ തടവിലാക്കുകയും, അവരെ നിഗ്രഹിക്കുന്നതിന് എന്റെ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്. ഞാൻ പലതവണ യെഹൂദപ്പള്ളികൾതോറും ചെന്ന് അവരെ ശിക്ഷിക്കുകയും ദൈവദൂഷണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അവർക്കെതിരേയുള്ള കോപം തലയ്ക്കു പിടിച്ചിട്ട്, അവരെ പീഡിപ്പിക്കാനായി ഞാൻ വിദേശനഗരങ്ങളിലും പോയിരുന്നു. “അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു. “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’