അപ്പൊ. പ്രവൃത്തികൾ 24:17-27

അപ്പൊ. പ്രവൃത്തികൾ 24:17-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പല സംവത്‍സരം കൂടിയിട്ട് ഞാൻ എന്റെ ജാതിക്കാർക്ക് ധർമം കൊണ്ടുവരുവാനും വഴിപാട് കഴിപ്പാനും വന്നു. അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽ വച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടുകൂടിയല്ല, കലഹത്തോടുകൂടിയുമല്ല. എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്റെ നേരേ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ അവിടെ വച്ച് എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർതന്നെ പറയട്ടെ. ഫേലിക്സിന് ഈ മാർഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞ് അവധിവച്ച്, ശതാധിപനോട് അവനെ തടവിൽതന്നെ സൂക്ഷിച്ച് ദയ കാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു. കുറെനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൗലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവന്റെ പ്രസംഗം കേട്ടു. എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തല്ക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. പൗലൊസ് തനിക്ക് ദ്രവ്യം തരും എന്ന് ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു. രണ്ടാണ്ടു കഴിഞ്ഞിട്ട് ഫേലിക്സിന് പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വച്ച് പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

അപ്പൊ. പ്രവൃത്തികൾ 24:17-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“വർഷങ്ങൾക്കു ശേഷമാണ്, സ്വജാതീയർക്കു ദാനധർമങ്ങൾ കൊടുക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുംവേണ്ടി ഞാൻ യെരൂശലേമിലേക്കു ചെന്നത്. അതനുഷ്ഠിക്കുമ്പോൾ ദേവാലയത്തിൽവച്ച് ശുദ്ധീകരണകർമം കഴിഞ്ഞവനായി അവർ എന്നെ കണ്ടു. അപ്പോൾ അവിടെ ആൾക്കൂട്ടമോ ബഹളമോ ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ ഏഷ്യാ സംസ്ഥാനക്കാരായ ഏതാനും യെഹൂദന്മാരുണ്ടായിരുന്നു. എന്റെ പേരിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ, അവരായിരുന്നു അങ്ങയുടെ മുമ്പിൽവന്ന് അതു ബോധിപ്പിക്കേണ്ടിയിരുന്നത്. സന്നദ്രിംസംഘത്തിന്റെ മുമ്പിൽ നില്‌ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ച് ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്നു വിളിച്ചു പറഞ്ഞ ഒരു കാര്യമല്ലാതെ മറ്റെന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ.” ഫെലിക്സിന് നസ്രായമാർഗത്തെക്കുറിച്ചു നന്നായി അറിയാമായിരുന്നിട്ടും “ലുസിയാസ് സഹസ്രാധിപൻ വന്നിട്ടു നിങ്ങളുടെ പരാതിക്കു തീരുമാനമുണ്ടാക്കാം” എന്നു പറഞ്ഞ് അദ്ദേഹം വ്യവഹാരം മാറ്റിവച്ചു. പൗലൊസിനെ തടവിൽ സൂക്ഷിക്കുവാൻ അദ്ദേഹം ശതാധിപനോട് ആജ്ഞാപിച്ചു; എന്നാൽ കുറെയൊക്കെ സ്വാതന്ത്ര്യം അനുവദിക്കണമെന്നും, സ്വജനങ്ങൾ അദ്ദേഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതു വിലക്കരുതെന്നും നിർദേശിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ഫെലിക്സ് യെഹൂദവനിതയായ ഭാര്യ ദ്രുസില്ലയുമൊന്നിച്ചു ചെന്ന്, പൗലൊസിനെ ആളയച്ചു വരുത്തി. ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി അദ്ദേഹത്തിൽനിന്നു കേട്ടു. എന്നാൽ നീതി, ആത്മനിയന്ത്രണം, വരുവാനുള്ള ന്യായവിധി ഇവയെക്കുറിച്ചു പൗലൊസ് സംസാരിച്ചപ്പോൾ, ഫെലിക്സ് ഭയപരവശനായി. “താങ്കൾ തത്ക്കാലം പോകുക; സൗകര്യമുള്ളപ്പോൾ വിളിപ്പിക്കാം” എന്നു പറഞ്ഞു. അതേ സമയം പൗലൊസിൽനിന്നു കൈക്കൂലി കിട്ടുമെന്ന് ഫെലിക്സ് പ്രതീക്ഷിച്ചു. അതുകൊണ്ട് പലപ്പോഴും അദ്ദേഹം പൗലൊസിനെ വരുത്തി സംസാരിച്ചുപോന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫെലിക്സിന്റെ പിൻഗാമിയായി പൊർക്ക്യൊസ് ഫെസ്തൊസ് ഗവർണറായി വന്നു. യെഹൂദന്മാരുടെ പ്രീതിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ട് ഫെലിക്സ് പൗലൊസിനെ തടവുകാരനായി വിട്ടിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ 24:17-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

“പലസംവത്സരം കൂടീട്ട് ഞാൻ എന്‍റെ ജാതിക്കാർക്ക് സാമ്പത്തിക സഹായം കൊണ്ടുവരുവാനും വഴിപാട് കഴിക്കുവാനും വന്നു. അത് അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടോ കലഹത്തോടോ കൂടിയല്ല. എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്ക് എന്‍റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്‍റെ മുമ്പിൽ വന്ന് ബോധിപ്പിക്കേണ്ടതായിരുന്നു. അല്ല, ഞാൻ ന്യായാധിപസംഘത്തിൻ്റെ മുമ്പിൽ നില്ക്കുമ്പോൾ ‘മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങൾ എന്നെ വിസ്തരിക്കുന്നു’ എന്നു ഞാൻ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ അവിടെവച്ച് എന്‍റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടെങ്കിൽ ഇവർ തന്നെ പറയട്ടെ.” ഫേലിക്സിന് ഈ മാർഗ്ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: “ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും” എന്നു പറഞ്ഞ് അവധിവച്ച്, ശതാധിപനോട് അവനെ തടവിൽത്തന്നെ സൂക്ഷിച്ചു ദയകാണിപ്പാനും അവന്‍റെ സ്നേഹിതന്മാർ അവനു ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു. കുറേനാൾ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദ സ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്ന്, പൗലൊസിനോട് സംസാരിക്കേണ്ടതിനായി അവനെ വരുത്തി ക്രിസ്തുയേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചുള്ള അവന്‍റെ വാക്കുകൾ കേട്ടു. എന്നാൽ അവൻ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: “തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ വീണ്ടും നിന്നെ വിളിപ്പിക്കാം” എന്നു പറഞ്ഞു. പൗലൊസ് തനിക്കു പണം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു. രണ്ടാണ്ട് കഴിഞ്ഞിട്ട് ഫേലിക്സിനുശേഷം പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണ്ടതിനായി പൗലൊസിനെ സ്വതന്ത്രനാക്കാതെ തടവുകാരനായി വിട്ടേച്ചു പോയി.

അപ്പൊ. പ്രവൃത്തികൾ 24:17-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു. അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല. എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ അവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ. ഫേലിക്സിന്നു ഈ മാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു, ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു. കുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൗലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു. എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു. പൗലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു. രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.

അപ്പൊ. പ്രവൃത്തികൾ 24:17-27 സമകാലിക മലയാളവിവർത്തനം (MCV)

“സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്. ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല. എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു. അങ്ങനെയല്ലെങ്കിൽ ന്യായാധിപസമിതിക്കുമുമ്പിൽ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ കഴിഞ്ഞോ എന്ന് ഇവിടെയുള്ളവർ പറയട്ടെ. ‘മരിച്ചവരുടെ പുനരുത്ഥാനത്തെപ്രതിയാണ് ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ വിസ്തരിക്കപ്പെടുന്നത്,’ എന്ന് അവരുടെ ഇടയിൽനിന്നപ്പോൾ വിളിച്ചുപറഞ്ഞതൊഴിച്ചു മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ?” ഈ മാർഗത്തെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീരുമാനിക്കാം” എന്നു പറഞ്ഞ് ഫേലിക്സ് നടപടികൾ മാറ്റിവെച്ചു. തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു. കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു. എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു. പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.