അപ്പൊ. പ്രവൃത്തികൾ 21:15-26
അപ്പൊ. പ്രവൃത്തികൾ 21:15-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രയ്ക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാർക്കേണ്ടതിനു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടു. പിറ്റേന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്ന് അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട് . അവരെ കൂട്ടിക്കൊണ്ട് അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന് അവർക്കുവേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടത് ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തനുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് ബോധിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 21:15-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏതാനും ദിവസങ്ങൾക്കുശേഷം വേണ്ട ഒരുക്കങ്ങൾചെയ്ത് ഞങ്ങൾ യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവർ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ സൈപ്രസുകാരൻ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങൾക്കു പാർക്കേണ്ടിയിരുന്നത്. ഞങ്ങൾ യെരൂശലേമിലെത്തിയപ്പോൾ അവിടത്തെ സഹോദരന്മാർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു. പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയിൽകൂടി വിജാതീയരുടെ ഇടയിൽ ദൈവം ചെയ്ത കാര്യങ്ങൾ പൗലൊസ് ഓരോന്നായി വിവരിച്ചു. അതുകേട്ടപ്പോൾ അവർ ദൈവത്തെ സ്തുതിച്ചു; അവർ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വാസികളായിത്തീർന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധർമശാസ്ത്രത്തിന്റെ അനുഷ്ഠാനത്തിൽ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. കുട്ടികളെ പരിച്ഛേദനകർമത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, അവരെ താങ്കൾ ഉപദേശിക്കുന്നതായി ഇവിടെയുള്ളവർ കേട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എന്താണു ചെയ്യുക? താങ്കൾ വന്നിരിക്കുന്ന വിവരം അവർ നിശ്ചയമായും അറിയും; അതുകൊണ്ട് ഞങ്ങളുടെ നിർദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാർ ഇവിടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകർമത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താൽ താങ്കളെപ്പറ്റി അവർ കേട്ടതിൽ കഥയൊന്നുമില്ലെന്നും, താങ്കൾ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവർക്കും ബോധ്യമാകും. വിശ്വാസികളായിത്തീർന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുർമാർഗവും വർജിച്ചാൽ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ. അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകർമത്തിനു വിധേയനായി. അവർക്ക് ഓരോരുത്തർക്കുംവേണ്ട വഴിപാട് അർപ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങൾ എന്നു പൂർത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു.
അപ്പൊ. പ്രവൃത്തികൾ 21:15-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ യാത്രയ്ക്ക് ഒരുങ്ങി യെരൂശലേമിലേക്ക് പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, ഞങ്ങൾ താമസിക്കേണ്ടിയിരുന്നത് കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു ആദ്യകാല ശിഷ്യനോടുകൂടെയായിരുന്നു. അതുകൊണ്ട് അവർ അവനെയും കൂടെക്കൊണ്ടു പോന്നു. യെരൂശലേമിൽ എത്തിയപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. പിറ്റെന്ന് പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി. പൗലോസ് അവരെ വന്ദനം ചെയ്തു, തന്റെ ശുശ്രൂഷയാൽ ദൈവം ജനതകളുടെ ഇടയിൽ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: “സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ട് എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണം അനുസരിക്കുവാൻ തീരുമാനിച്ചിരിക്കുന്നവരുമാകുന്നു. എന്നാൽ മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ പഴയ ആചാരങ്ങൾ അനുസരിച്ചു നടക്കരുത് എന്നും നീ ജനതകളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞ് മോശെയെ ഉപേക്ഷിച്ചുകളയുവാൻ ഉപദേശിക്കുന്നു എന്നും അവർ നിന്നെക്കുറിച്ച് ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോട് ഈ പറയുന്നത് ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടെ നീയും നിന്നെത്തന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിനുള്ള ചെലവ് നീ ചെയ്ക; എന്നാൽ നിന്നെക്കുറിച്ച് കേട്ടത് വാസ്തവമല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ച് ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന യഹൂദരല്ലാത്തവരെ സംബന്ധിച്ചോ, അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു നിർദ്ദേശിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ.” അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ട് പിറ്റെന്നാൾ അവരോടുകൂടെ തന്നെയും ശുദ്ധിവരുത്തി; ദൈവാലയത്തിൽ ചെന്നു അവരിൽ ഓരോരുത്തനുവേണ്ടി വഴിപാട് കഴിക്കുവാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 21:15-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി. കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു. പിറ്റെന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി. അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു. അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു. മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു. ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം. ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു. അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും. വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ. അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
അപ്പൊ. പ്രവൃത്തികൾ 21:15-26 സമകാലിക മലയാളവിവർത്തനം (MCV)
എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി. കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു. ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു. അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു. പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു. ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്. എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു. അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും. അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും. യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!” അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.