അപ്പൊ. പ്രവൃത്തികൾ 20:13-38

അപ്പൊ. പ്രവൃത്തികൾ 20:13-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസ്സിൽവച്ചു കയറ്റിക്കൊൾവാൻ വിചാരിച്ച് അവിടേക്ക് ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. അവൻ അസ്സൊസ്സിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെനിന്നു നീക്കി, പിറ്റന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി. കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്ന് ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്ന് ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നെയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അധ്യക്ഷരാക്കി വച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും. അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്‍സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തനു ബുദ്ധി പറഞ്ഞുതന്നത് ഓർത്തുകൊൾവിൻ. നിങ്ങൾക്ക് ആത്മികവർധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടുംകൂടെ പ്രാർഥിച്ചു. എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.

അപ്പൊ. പ്രവൃത്തികൾ 20:13-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അസ്സൊസ്‍വരെ കാല്നടയായി പോകുവാൻ പൗലൊസ് നിശ്ചയിച്ചു. അദ്ദേഹം ഏർപ്പാടു ചെയ്തതനുസരിച്ച് അസ്സോസിൽ വച്ച് അദ്ദേഹത്തെ കപ്പലിൽ കയറ്റാമെന്നു ഞങ്ങൾ വിചാരിച്ചു. അങ്ങനെ ഞങ്ങൾ മുമ്പേ കപ്പലിൽ പുറപ്പെട്ടു. അസ്സോസിൽവച്ച് ഞങ്ങൾ അദ്ദേഹത്തെ കയറ്റി മിതുലേനയിലെത്തി. അവിടെനിന്നു കപ്പൽ നീക്കി പിറ്റേദിവസം ഖിയോസ്ദ്വീപിന്റെ എതിർവശത്തെത്തി. അടുത്ത ദിവസം സാമോസ്ദ്വീപിലും പിറ്റേദിവസം മിലേത്തൊസിലും ഞങ്ങൾ ചെന്നുചേർന്നു. കഴിയുമെങ്കിൽ പെന്തെക്കോസ്തു പെരുന്നാളിനുമുമ്പ് യെരൂശലേമിലെത്താൻ പൗലൊസ് തിടുക്കം കൂട്ടി. അതുകൊണ്ട് ഏഷ്യാസംസ്ഥാനത്തു തങ്ങി വൈകാതിരിക്കുന്നതിനാണ് എഫെസൊസിൽ ഇറങ്ങാതെ കപ്പലോടിച്ചു പോകുവാൻ തീരുമാനിച്ചത്. എന്നാൽ മിലേത്തൊസിൽവച്ച് അദ്ദേഹം എഫെസൊസിലെ സഭാമുഖ്യന്മാരെ ആളയച്ചുവരുത്തി, ഇപ്രകാരം പറഞ്ഞു: “ഞാൻ ഏഷ്യയിൽ കാലുകുത്തിയ നാൾമുതൽ നിങ്ങളുടെ ഇടയിൽ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്ക് അറിയാമല്ലോ. യെഹൂദന്മാരുടെ ഗൂഢാലോചന നിമിത്തമുണ്ടായ അഗ്നിപരീക്ഷണങ്ങളെ നേരിട്ടുകൊണ്ട് കണ്ണുനീരോടുകൂടി, ഏറ്റവും വിനയപൂർവം ഞാൻ കർത്താവിനെ സേവിച്ചുപോന്നു. നിങ്ങൾക്കു പ്രയോജനകരമായ യാതൊന്നും മറച്ചുവയ്‍ക്കാതെ വെളിപ്പെടുത്തിക്കൊണ്ട്, പൊതുസ്ഥലങ്ങളിലും നിങ്ങളുടെ ഭവനങ്ങളിലുംവച്ച് ഞാൻ നിങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിയുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് യെഹൂദന്മാരോടു മാത്രമല്ല, ഗ്രീക്കുകാരോടും ഞാൻ ഉറപ്പിച്ചു പ്രസ്താവിച്ചു. ഇവയെല്ലാം നിങ്ങൾക്കറിയാമല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബദ്ധനായി യെരൂശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. എന്നാൽ കാരാഗൃഹവും കഷ്ടതകളും എനിക്കായി കാത്തിരിക്കുന്നു എന്ന് ഓരോ പട്ടണത്തിൽവച്ചും പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു നല്‌കിക്കൊണ്ടിരിക്കുന്നു. എങ്കിലും എന്റെ പ്രാണനെ ഞാൻ നിസ്സാരമായി കരുതുന്നു. അതിനെ വിലയേറിയതായി ഞാൻ എണ്ണുന്നേയില്ല. എന്റെ ഓട്ടവും, കർത്താവായ യേശുവിൽനിന്നു ലഭിച്ച ദൗത്യവും, പൂർത്തിയാക്കണമെന്നേ എനിക്കുള്ളൂ; ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുക എന്നതാണ് ആ ദൗത്യം. “നിങ്ങളുടെ മധ്യത്തിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ഇനി കാണുകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോയാൽ, അതിനു ഞാൻ ഉത്തരവാദിയായിരിക്കുകയില്ല എന്ന് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ ഒന്നും മറച്ചുവയ്‍ക്കാതെ സമസ്തവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ. തന്റെ ജീവൻ കൊടുത്ത് യേശു സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ സംരക്ഷിക്കുവാൻ പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിയിരിക്കുന്നു. ആ ആട്ടിൻപറ്റത്തെ മുഴുവനെയും നിങ്ങളെത്തന്നെയും സൂക്ഷിച്ചുകൊള്ളുക. ഞാൻ പോയതിനുശേഷം, കടിച്ചുകീറുന്ന ചെന്നായ്‍ക്കൾ വന്നു നിങ്ങളെ ആക്രമിക്കുന്നുവെന്നും, അവയ്‍ക്ക് ആടുകളോട് അശേഷം കരുണ ഉണ്ടായിരിക്കുകയില്ലെന്നും എനിക്കറിയാം. ശിഷ്യന്മാരെ പാട്ടിലാക്കുന്നതിനു ദുരുപദേശവുമായി വരുന്ന ആളുകൾ നിങ്ങളുടെ ഇടയിൽ നിന്നുതന്നെ മുമ്പോട്ടു വരും. അതുകൊണ്ട് ഉണർന്നിരിക്കുക; മൂന്നു വർഷം രാപകൽ ഭേദമില്ലാതെ കണ്ണുനീരോടുകൂടി ഞാൻ നിങ്ങൾക്കു ബുദ്ധി ഉപദേശിച്ചത് നിങ്ങൾ ഓർമിച്ചുകൊള്ളണം. “നിങ്ങളുടെ ജീവിതത്തെ പടുത്തുയർത്തുവാനും, സകല വിശുദ്ധന്മാർക്കും അവകാശമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്കു തരുവാനും കഴിയുന്ന, ദൈവത്തിന്റെ പരിപാലനത്തിലും അവിടുത്തെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ സമർപ്പിക്കുന്നു. ആരുടെയും പൊന്നോ, വെള്ളിയോ, വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ സഹചാരികളുടെയും ആവശ്യങ്ങൾക്കുവേണ്ടി, ഈ കൈകൾകൊണ്ടു ഞാൻ അധ്വാനിച്ചു എന്നത് നിങ്ങൾക്കുതന്നെ അറിവുള്ളതാണല്ലോ. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതാണു ഭാഗ്യം എന്നു കർത്താവായ യേശു പറഞ്ഞിട്ടുള്ളത് ഓർത്തുകൊണ്ട് നാം അധ്വാനിച്ച് ബലഹീനരെ താങ്ങേണ്ടതാണ്. അതിനു ഞാൻ നിങ്ങൾക്കു മാതൃക കാട്ടിയിരിക്കുന്നു.” ഇങ്ങനെ പറഞ്ഞശേഷം അദ്ദേഹം അവരോടുകൂടി മുട്ടുകുത്തി പ്രാർഥിച്ചു. അവരെല്ലാവരും വളരെയധികം കരയുകയും പൗലൊസിനെ കെട്ടിപ്പിടിച്ചു ചുംബിക്കുകയും ചെയ്തു. ഇനിമേൽ തന്റെ മുഖം അവർ കാണുകയില്ലെന്ന് അദ്ദേഹം പറഞ്ഞതാണ് അവരെ അധികം വേദനിപ്പിച്ചത്. അവർ കപ്പലിനടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.

അപ്പൊ. പ്രവൃത്തികൾ 20:13-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞങ്ങൾ പൗലൊസിന് മുമ്പായി കപ്പൽ കയറി അസ്സൊസിലേക്ക് പോയി എന്നാൽ അവൻ അവിടംവരെ കരയിലൂടെ സഞ്ചരിച്ചതിനുശേഷം ഞങ്ങളുടെകൂടെ കപ്പൽ കയറുമെന്ന് തീരുമാനിച്ചിരുന്നു. അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കപ്പലിൽ കയറ്റി മിതുലേനയിലേക്ക് പോയി; അവിടെനിന്ന് നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിൻ്റെ എതിർവശത്തെത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു, പിറ്റേന്ന് മിലേത്തൊസ് പട്ടണത്തിൽ എത്തി. കഴിയും എങ്കിൽ പെന്തെക്കൊസ്തുനാളേക്ക് യെരൂശലേമിൽ എത്തേണ്ടതിന് പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ ഒട്ടും സമയം ചെലവഴിക്കാതിരിക്കേണ്ടതിന് എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ട് മിലേത്തൊസിൽനിന്ന് അവൻ എഫെസൊസിലേക്ക് ആളയച്ച് സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്‍റെ അടുക്കൽ വന്നപ്പോൾ അവൻ അവരോട് പറഞ്ഞത്: “ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾമുതൽ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും, വളരെ താഴ്മയോടും കണ്ണുനീരോടും, എനിക്കെതിരെ യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും, പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്നും, ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും ഉപദേശിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ പരിശുദ്ധാത്മാവിനാൽ നിർബ്ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്ക് പോകുന്നു. എല്ലാ പട്ടണങ്ങളിലും ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവ് സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്ക് നേരിടുവാനുള്ളത് ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന് സാക്ഷ്യം പറയേണ്ടതിന് കർത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ. എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ട് നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. ദൈവത്തിന്‍റെ ആലോചന ഒട്ടും മറച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. ദൈവം തന്‍റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്ക്കുവാൻ, നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളുവിൻ. ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത ദുഷ്ടത നിറഞ്ഞ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്ക്കും. അതുകൊണ്ട് ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു വർഷക്കാലം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ട് ഓരോരുത്തന് നിർദ്ദേശിച്ചുതന്നത് ഓർത്തുകൊൾവിൻ. നിങ്ങൾക്ക് ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്‍റെ ആവശ്യങ്ങൾക്കും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, ‘വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം’ എന്നു കർത്താവായ യേശു താൻ പറഞ്ഞവാക്ക് ഓർത്തുകൊൾകയും വേണം എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്ക് ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.” ഇങ്ങനെ പറഞ്ഞിട്ട് അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു. എല്ലാവരും വളരെ കരഞ്ഞു. ഇനി മേൽ അവന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലോസിന്‍റെ കഴുത്തിൽ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.

അപ്പൊ. പ്രവൃത്തികൾ 20:13-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു. അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി. കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു. മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി. അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു. ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല. എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു. എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു. ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ. നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും. അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ. നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു. ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു. ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു. എല്ലാവരും വളരെ കരഞ്ഞു. ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.

അപ്പൊ. പ്രവൃത്തികൾ 20:13-38 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്. അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി. പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു. സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക് ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു. മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി. അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ! യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു. നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം. മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്. “ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല. ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു. എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. “നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം. അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല. ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്. നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക. ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം. ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും. അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക. “ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ. നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല. എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ! ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.” പൗലോസ് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അവരോടെല്ലാവരോടുംകൂടെ മുട്ടുകുത്തി പ്രാർഥിച്ചു. എല്ലാവരും വളരെ കരഞ്ഞ് അദ്ദേഹത്തെ ആലിംഗനംചെയ്ത് ചുംബിച്ചു. “നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് അവർക്കേറ്റവുമധികം സങ്കടമുണ്ടാക്കിയത്. പിന്നെ അവർ കപ്പലിന്റെ അടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.