അപ്പൊ. പ്രവൃത്തികൾ 19:1-11
അപ്പൊ. പ്രവൃത്തികൾ 19:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലൊസ് ഉൾപ്രദേശങ്ങളിൽക്കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്ന് അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവൻ അവരോട് ചോദിച്ചതിന്: യോഹന്നാന്റെ സ്നാനം എന്ന് അവർ പറഞ്ഞു. അതിനു പൗലൊസ്: യോഹന്നാൻ മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലൊസ് അവരുടെമേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. ആ പുരുഷന്മാർ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു. പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചു. എന്നാൽ ചിലർ കഠിനപ്പെട്ട് അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു. അത് രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
അപ്പൊ. പ്രവൃത്തികൾ 19:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പൊല്ലോസ് കൊരിന്തിൽ ആയിരിക്കുമ്പോൾ പൗലൊസ് ഉൾനാടുകളിൽകൂടി സഞ്ചരിച്ച് എഫെസൊസിലെത്തി. അവിടെ ഏതാനും ശിഷ്യന്മാരെ അദ്ദേഹം കണ്ടു. “നിങ്ങൾ വിശ്വാസികളായിത്തീർന്നപ്പോൾ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” അദ്ദേഹം ചോദിച്ചു: “പിന്നെ ഏതു സ്നാപനമാണ് നിങ്ങൾ സ്വീകരിച്ചത്?” “യോഹന്നാന്റെ സ്നാപനം” എന്ന് അവർ പ്രതിവചിച്ചു. പൗലൊസ് പറഞ്ഞു: “യോഹന്നാൻ മാനസാന്തരത്തിന്റെ സ്നാപനമാണ് നടത്തിയത്; തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ഊന്നിപ്പറയുകയും ചെയ്തു.” ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം സ്വീകരിച്ചു. പൗലൊസ് അവരുടെമേൽ കൈകൾ വച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വരുകയും അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവർ പന്ത്രണ്ടു പേരോളം ഉണ്ടായിരുന്നു. പൗലൊസ് സുനഗോഗിൽ ചെന്ന് ധീരതയോടെ പ്രസംഗിക്കുകയും, ദൈവരാജ്യത്തെക്കുറിച്ചു ബോധ്യമാകുമാറ് സംവാദം നടത്തുകയും ചെയ്തുകൊണ്ട് മൂന്നുമാസം അവിടെ കഴിച്ചുകൂട്ടി. എന്നാൽ ചിലർ വഴങ്ങിയില്ല. അവർ വിശ്വസിക്കുവാൻ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാർഗത്തെ അവർ പരസ്യമായി ദുഷിച്ചു. അപ്പോൾ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്റെ പ്രഭാഷണശാലയിൽ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു. ഇങ്ങനെ രണ്ടു വർഷം ചെയ്തതിന്റെ ഫലമായി ഏഷ്യാസംസ്ഥാനത്ത് നിവസിച്ചിരുന്ന എല്ലാ യെഹൂദന്മാരും, ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കുവാനിടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ അദ്ഭുതങ്ങൾ പ്രവർത്തിച്ചു.
അപ്പൊ. പ്രവൃത്തികൾ 19:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പൊല്ലോസ് കൊരിന്ത്യയിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ച് എഫെസൊസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: “നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്നു അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്നു അവർ പറഞ്ഞു. “എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം?” എന്നു അവൻ അവരോട് ചോദിച്ചതിന്: “യോഹന്നാന്റെ സ്നാനം” എന്നു അവർ പറഞ്ഞു. അതിന് പൗലൊസ്: “യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചത്, തന്‍റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലൊസ് അവരുടെ മേൽ കൈവച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നു, അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കയും ചെയ്തു. ആ പുരുഷന്മാർ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു. പിന്നെ അവൻ പള്ളിയിൽ ചെന്നു മൂന്നു മാസത്തോളം ദൈവരാജ്യത്തെക്കുറിച്ച് ധൈര്യത്തോടെ സംവാദിക്കുകയും സ്വാധീനിക്കുകയും ചെയ്തുകൊണ്ട് പ്രസംഗിച്ചു പോന്നു. എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിൻ്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു. അത് രണ്ടു വർഷത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾക്കുവാൻ ഇടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
അപ്പൊ. പ്രവൃത്തികൾ 19:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൗലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു: നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൗലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു. ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു. പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു. എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു. അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാർക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കർത്താവിന്റെ വചനം കേൾപ്പാൻ ഇടയായി. ദൈവം പൗലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാൽ
അപ്പൊ. പ്രവൃത്തികൾ 19:1-11 സമകാലിക മലയാളവിവർത്തനം (MCV)
അപ്പൊല്ലോസ് കൊരിന്തിൽ ആയിരുന്നപ്പോൾ, പൗലോസ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് എഫേസോസിൽ എത്തിച്ചേർന്നു. അവിടെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?” “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു. “എങ്കിൽ, നിങ്ങൾ സ്വീകരിച്ച സ്നാനം ഏതായിരുന്നു?” അദ്ദേഹം ചോദിച്ചു. “അത് യോഹന്നാൻ നൽകിയ സ്നാനം ആയിരുന്നു,” അവർ ഉത്തരം പറഞ്ഞു. അതിനു പൗലോസ്, “യോഹന്നാന്റെ സ്നാനം മാനസാന്തരസ്നാനമായിരുന്നു. തന്റെ പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ, വിശ്വസിക്കണമെന്ന് യോഹന്നാൻ ജനങ്ങളെ ഉപദേശിച്ചു” എന്നു പറഞ്ഞു. ഇതു മനസ്സിലാക്കിയ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു. പൗലോസ് അവരുടെമേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു; വിവിധ ഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവരെല്ലാംകൂടി പന്ത്രണ്ടോളംപേർ ആയിരുന്നു. പൗലോസ് മൂന്നുമാസംവരെ അവിടെയുള്ള യെഹൂദപ്പള്ളിയിൽച്ചെന്ന് സധൈര്യം പ്രസംഗിക്കുകയും ജനങ്ങൾക്ക് പൂർണവിശ്വാസം വരത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് തർക്കിക്കുകയും ചെയ്തു. എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി. ഇത് രണ്ടുവർഷംവരെ തുടർന്നു. അതിന്റെ ഫലമായി ഏഷ്യാപ്രവിശ്യയിൽ താമസിച്ചിരുന്ന എല്ലാ യെഹൂദരും ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കാനിടയായി. ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു.