അപ്പൊ. പ്രവൃത്തികൾ 18:1-18

അപ്പൊ. പ്രവൃത്തികൾ 18:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്ന് ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ട് ഇത്തല്യയിൽ നിന്ന് ആ ഇടയ്ക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളൊരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുക്കൽ ചെന്നു. തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു. ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തി പൂണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദന്മാർക്ക് സാക്ഷീകരിച്ചു. അവർ എതിർ പറകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിനു നിങ്ങൾതന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ: ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്ന് അവരോട് പറഞ്ഞു. അവൻ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു. പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്; ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ട് എന്ന് അരുളിച്ചെയ്തു. അങ്ങനെ അവൻ ഒരാണ്ടും ആറു മാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: ഇവൻ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞ് അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട്

അപ്പൊ. പ്രവൃത്തികൾ 18:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം പൗലൊസ് ആഥൻസിൽനിന്ന് കൊരിന്തിലേക്കു പോയി. അവിടെവച്ച് പൊന്തൊസ്കാരൻ അക്വിലാ എന്ന യെഹൂദനെയും അയാളുടെ ഭാര്യ പ്രിസ്കില്ലയെയും പരിചയപ്പെട്ടു. എല്ലാ യെഹൂദന്മാരും റോമാനഗരം വിട്ടുപോകണമെന്നു ക്ലൗദ്യോസ് കൈസർ ഉത്തരവിട്ടതനുസരിച്ച്, ആയിടയ്‍ക്ക് ഇറ്റലിയിൽനിന്നു വന്നവരായിരുന്നു ആ ദമ്പതികൾ. പൗലൊസ് അവരെ സന്ദർശിച്ചു. കൂടാരനിർമാണമായിരുന്നു അവരുടെ തൊഴിൽ. പൗലൊസിന്റെയും തൊഴിൽ അതായിരുന്നതുകൊണ്ട് അദ്ദേഹം അവരോടുകൂടി പാർത്ത് ആ പണിയിൽ ഏർപ്പെട്ടു. എന്നാൽ ശബത്തുതോറും അദ്ദേഹം സുനഗോഗിൽ പോയി സംവാദം നടത്തുകയും യെഹൂദന്മാരെയും ഗ്രീക്കുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുപോന്നു. ശീലാസും തിമൊഥെയോസും മാസിഡോണിയയിൽനിന്നു വന്നശേഷം പൗലൊസ് മുഴുവൻ സമയവും വചനഘോഷണത്തിലേർപ്പെട്ടു. യേശു തന്നെയാണ് സാക്ഷാൽ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അവർ അദ്ദേഹത്തെ എതിർക്കുകയും ദുഷിക്കുകയും ചെയ്തതിനാൽ തന്റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങൾ തന്നെയാണ് ഉത്തരവാദികൾ; ഞാൻ നിരപരാധിയത്രേ. ഇനി ഞാൻ വിജാതീയരുടെ അടുക്കലേക്കു പോകും.” പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്റെ വീട്ടിൽ ചെന്നു പാർത്തു. അദ്ദേഹം ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു. സുനഗോഗിന്റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകൾ പൗലൊസിന്റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു. രാത്രിയിൽ ഒരു ദർശനത്തിൽ കർത്താവു പൗലൊസിനോട് അരുൾചെയ്തു: “നീ ഭയപ്പെടരുത്; പ്രസംഗിച്ചുകൊള്ളുക; മിണ്ടാതിരിക്കരുത്. ഞാൻ നിന്റെകൂടെയുണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്യുകയോ ദ്രോഹിക്കുകയോ ഇല്ല. ഈ നഗരത്തിൽ എനിക്കു ധാരാളം ആളുകളുണ്ട്.” അങ്ങനെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം പൗലൊസ് അവിടെ പാർത്തു. ഗല്ലിയോൻ, അഖായയിലെ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിനെതിരെ ഏകാഭിപ്രായത്തോടെ സംഘടിച്ച് അദ്ദേഹത്തെ പിടിച്ച് കോടതിയിൽ ഹാജരാക്കി. “യെഹൂദമതനിയമം അനുവദിക്കാത്തവിധം ദൈവത്തെ ആരാധിക്കുവാൻ ഈ മനുഷ്യൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു” എന്ന കുറ്റം അവർ അദ്ദേഹത്തിൽ ആരോപിച്ചു. പൗലൊസ് മറുപടി പറയുവാൻ ഭാവിച്ചപ്പോൾ ഗല്ലിയോൻ ഇപ്രകാരം പറഞ്ഞു: “അല്ലയോ യെഹൂദന്മാരേ, എന്തെങ്കിലും അന്യായമോ അധർമമോ ആയിരുന്നെങ്കിൽ നിങ്ങളുടെ സങ്കടം ഞാൻ ക്ഷമയോടെ കേൾക്കാമായിരുന്നു. എന്നാൽ ചില വാക്കുകളുടെയും നാമങ്ങളുടെയും നിങ്ങളുടെ ധർമശാസ്ത്രത്തിന്റെയും പ്രശ്നമാണെങ്കിൽ, നിങ്ങൾതന്നെ തീരുമാനിച്ചുകൊള്ളുക; ഇങ്ങനെയുള്ള കാര്യങ്ങളുടെ വിധികർത്താവാകുവാൻ എനിക്കു സമ്മതമില്ല.” അദ്ദേഹം അവരെ കോടതിയിൽനിന്നു പുറത്താക്കുകയും ചെയ്തു. അവർ എല്ലാവരുംകൂടി സുനഗോഗിന്റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പിൽ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പൗലൊസ് കുറെനാൾകൂടി കൊരിന്തിൽ പാർത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പൽകയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയിൽവച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു.

അപ്പൊ. പ്രവൃത്തികൾ 18:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതിനുശേഷം പൗലൊസ് അഥേന വിട്ട് കൊരിന്ത്യയിൽ ചെന്നു. അവിടെ അവൻ പൊന്തൊസിൽ ജനിച്ചവനും യെഹൂദന്മാർ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്നു ക്ലൗദ്യൊസ് കല്പന കൊടുത്തതുകൊണ്ട് ആ ഇടയ്ക്ക് ഇറ്റലിയിൽനിന്ന് വന്നവനുമായ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. പൗലോസിൻ്റെയും അവരുടെയും തൊഴിൽ ഒന്നാകകൊണ്ട് അവൻ അവരോടുകൂടെ പാർത്ത് വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽച്ചെന്ന് യെഹൂദന്മാരോടും യവനന്മാരോടും യേശുവിനെ കുറിച്ച് കാര്യകാരണസഹിതം പറഞ്ഞ് അവരെ സമ്മതിപ്പിച്ചു. എന്നാൽ ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്ന് വന്നപ്പോൾ പൗലൊസ് ആത്മാവിനാൽ പ്രേരിതനായി തീഷ്ണതയോടെ യേശു തന്നെ ക്രിസ്തു എന്നു യെഹൂദന്മാരോട് സാക്ഷീകരിച്ചു. അവർ പൗലോസിനോട് എതിർ പറയുകയും ദുഷിക്കയും ചെയ്തപ്പോൾ അവൻ വസ്ത്രം കുടഞ്ഞു: “നിങ്ങളുടെ നാശത്തിന് നിങ്ങൾതന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനി മേൽ ഞാൻ ജനതകളുടെ അടുക്കൽ പോകും” എന്നു അവരോട് പറഞ്ഞു. അവൻ അവിടംവിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടിൽ ചെന്നു; അവന്‍റെ വീട് പള്ളിയുടെ അടുത്തായിരുന്നു. പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ടു യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു. രാത്രിയിൽ കർത്താവ് ദർശനത്തിൽ പൗലൊസിനോട്: “നീ ഭയപ്പെടാതെ പ്രസംഗിക്കുക; മിണ്ടാതിരിക്കരുത്; ഞാൻ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ അപായപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്ക് വളരെ ജനമുണ്ട്” എന്നു അരുളിച്ചെയ്തു. അങ്ങനെ അവൻ ഒരു വർഷവും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം പഠിപ്പിച്ചുകൊണ്ട് താമസിച്ചു. ഗല്ലിയോൻ അഖായയിൽ ഭരണാധികാരിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലോസിന്‍റെ നേരെ ഒരുമനപ്പെട്ട് എഴുന്നേറ്റ്, അവനെ ന്യായാസനത്തിൻ്റെ മുമ്പാകെ കൊണ്ടുചെന്നു: “ഇവൻ ന്യായപ്രമാണത്തിന് വിരോധമായി ദൈവത്തെ ആരാധിക്കുവാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു” എന്നു പറഞ്ഞു. പൗലൊസ് സംസാരിക്കാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോട്: “യെഹൂദന്മാരേ, വല്ല അന്യായമോ കുറ്റകൃത്യമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. എന്നാൽ വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ ആണെങ്കിൽ നിങ്ങൾതന്നെ നോക്കിക്കൊൾവിൻ; ഈ വകയ്ക്ക് ന്യായാധിപതി ആകുവാൻ എനിക്ക് മനസ്സില്ല” എന്നു പറഞ്ഞ് അവരെ ന്യായാസനത്തിങ്കൽനിന്ന് പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിൻ്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല. പൗലൊസ് പിന്നെയും കുറേനാൾ കൊരിന്ത്യയിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സിറിയയിലേക്ക് പുറപ്പെട്ടു

അപ്പൊ. പ്രവൃത്തികൾ 18:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു. യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൗദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു. തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു. എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു. ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു. അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു. പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു. രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു; ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു. അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു. ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു: ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു. വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി. എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല. പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു

അപ്പൊ. പ്രവൃത്തികൾ 18:1-18 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം പൗലോസ് അഥേനയിൽനിന്ന് കൊരിന്തിലേക്കു യാത്രയായി. അവിടെ അദ്ദേഹം പൊന്തൊസ് സ്വദേശിയായ അക്വിലാസ് എന്നു പേരുള്ള ഒരു യെഹൂദനെ കണ്ടു. യെഹൂദരെല്ലാം റോം വിട്ടു പൊയ്ക്കൊള്ളണമെന്നു ക്ലൗദ്യൊസ് ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചതനുസരിച്ച് അക്വിലാസ് തന്റെ ഭാര്യയായ പ്രിസ്കില്ലയെയുംകൂട്ടി ഇറ്റലിയിൽനിന്ന് കൊരിന്തിൽ ആയിടയ്ക്കു വന്നതായിരുന്നു. പൗലോസ് അവരെ സന്ദർശിക്കാൻ ചെന്നു. പൗലോസും അക്വിലാസിനെയും പ്രിസ്കില്ലയെയുംപോലെതന്നെ ഒരു കൂടാരപ്പണിക്കാരനായിരുന്നു. അതുകൊണ്ട് പൗലോസും അവരോടുകൂടെ താമസിച്ച് ജോലിചെയ്തു. ശബ്ബത്തുതോറും അദ്ദേഹം പള്ളിയിൽ ചെന്ന് യെഹൂദരോടും ഗ്രീക്കുകാരോടും സുവിശേഷത്തെക്കുറിച്ചു സംവാദിച്ച് സമർഥിച്ചുകൊണ്ടിരുന്നു. ശീലാസും തിമോത്തിയോസും മക്കദോന്യയിൽനിന്ന് വന്നതിനുശേഷം പൗലോസ് വചനഘോഷണത്തിൽത്തന്നെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചുകൊണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദരോടു സാക്ഷീകരിച്ചുതുടങ്ങി. എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു. അതിനുശേഷം പൗലോസ് യെഹൂദപ്പള്ളിയിൽനിന്ന് സത്യദൈവത്തിന്റെ ആരാധകനായ തീത്തോസ് യുസ്തൊസിന്റെ ഭവനത്തിൽ ചെന്നു. അത് പള്ളിയുടെ തൊട്ടടുത്തായിരുന്നു. പള്ളിമുഖ്യനായ ക്രിസ്പൊസും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു; പൗലോസിനെ കേട്ട കൊരിന്ത് നിവാസികളിൽ വളരെപ്പേരും വിശ്വസിച്ചു സ്നാനമേറ്റു. ഒരു രാത്രിയിൽ കർത്താവ് പൗലോസിനോടു ദർശനത്തിൽ, “നീ ഭയപ്പെടരുത്; തുടർന്നും പ്രസംഗിക്കുക, മിണ്ടാതിരിക്കരുത്. ഞാൻ നിന്നോടുകൂടെയുണ്ട്, ആരും നിന്നെ ആക്രമിക്കുകയോ നിനക്കു ഹാനി വരുത്തുകയോ ഇല്ല, എനിക്ക് ഈ പട്ടണത്തിൽ അനേകരുണ്ട്” എന്ന് അരുളിച്ചെയ്തു. പൗലോസ് കൊരിന്ത് നിവാസികളെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം അവിടെ താമസിച്ചു. ഗല്ലിയോൻ അഖായയിലെ ഭരണാധികാരിയായിരിക്കുമ്പോൾ യെഹൂദന്മാർ സംഘടിതരായി പൗലോസിനെതിരേ തിരിഞ്ഞ് അദ്ദേഹത്തെ ന്യായാസനത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു: “ഈ മനുഷ്യൻ യെഹൂദനിയമത്തിനു വിപരീതമായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ മനുഷ്യരെ നിർബന്ധിക്കുന്നു,” എന്ന് അവർ ആരോപണം ഉന്നയിച്ചു. പൗലോസ് സംസാരിക്കാൻ ഒരുങ്ങുമ്പോൾ ഗല്ലിയോൻ യെഹൂദരോട്, “ഇയാൾ ചെയ്ത എന്തെങ്കിലും അപരാധമോ ഗുരുതരമായ കുറ്റമോ സംബന്ധിച്ചാണു യെഹൂദരായ നിങ്ങൾക്കു പരാതിയുള്ളതെങ്കിൽ ഞാൻ ക്ഷമയോടെ അതു കേൾക്കുമായിരുന്നു. എന്നാൽ, ഇതു നിങ്ങളുടെ സ്വന്തം ന്യായപ്രമാണത്തിലെ വാക്കുകളും നാമങ്ങളും സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ്. ഇതു നിങ്ങൾതന്നെ പരിഹരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾക്കു ന്യായാധിപതിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നു പറഞ്ഞു. അങ്ങനെ അദ്ദേഹം അവരെ കോടതിമുറിയിൽനിന്ന് പുറത്താക്കി. അപ്പോൾ അവർ പള്ളിമുഖ്യനായ സോസ്തനേസിന്റെനേരേ തിരിഞ്ഞ് അയാളെ പിടിച്ചു കോടതിയുടെമുമ്പിൽവെച്ച് അടിച്ചു. എന്നാൽ, ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല. പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു.