അപ്പൊ. പ്രവൃത്തികൾ 17:18-23

അപ്പൊ. പ്രവൃത്തികൾ 17:18-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിയാമോ? നീ ചില അപൂർവങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനരൊക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല. പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നത് തന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 17:18-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാർശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായൻ എന്താണു പറയുവാൻ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാൾ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പിന്നീട് അവർ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കൾ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാം; വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങൾ കേൾക്കുന്നത്. ഇതിന്റെ അർഥം എന്താണെന്നറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. ആഥൻസുകാർക്കും, ആ പട്ടണത്തിൽ നിവസിച്ചിരുന്ന വിദേശീയർക്കും പുതുമയുള്ള കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. അരയോപഗസ്സിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥൻസിലെ പൗരജനങ്ങളേ, നിങ്ങൾ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചുറ്റിനടന്നപ്പോൾ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്‍ക്കു കാണാനിടയായി. നിങ്ങൾ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാൻ പ്രഖ്യാപനം ചെയ്യുന്നത്.

അപ്പൊ. പ്രവൃത്തികൾ 17:18-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിവുള്ളതോ? നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. (എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല). പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ ‘അജ്ഞാതദേവന്’ എന്നു എഴുത്തുള്ള ഒരു ബലിപീഠം കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതുതന്നെ ഞാൻ നിങ്ങളോട് അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 17:18-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ? നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല. പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു. ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 17:18-23 സമകാലിക മലയാളവിവർത്തനം (MCV)

എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്. പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ? താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു. (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.) അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്