അപ്പൊ. പ്രവൃത്തികൾ 17:1-21
അപ്പൊ. പ്രവൃത്തികൾ 17:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്ന് നിലവിളിച്ചു. ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽതന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി. അവർ തെസ്സലൊനീക്യയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു. പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയൊസും അവിടെത്തന്നെ പാർത്തു. പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയൊസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു. അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു. അവൻ പള്ളിയിൽവച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിയാമോ? നീ ചില അപൂർവങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനരൊക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല.

അപ്പൊ. പ്രവൃത്തികൾ 17:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിർത്തെഴുന്നേല്‌ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. “ഞാൻ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്‍ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു. ഇത് യെഹൂദന്മാരിൽ അമർഷം ഉളവാക്കി. അവർ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയിൽ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവർ യാസോൻ എന്ന ആളിന്റെ വീട് ആക്രമിച്ചു. എന്നാൽ അവരെ അവിടെ കാണാഞ്ഞതിനാൽ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പിൽ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും വന്നിരിക്കുന്നു. യാസോൻ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവർ കൈസറിന്റെ കല്പനകൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നിങ്ങനെ അവർ ആക്രോശിച്ചു. ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. ഒടുവിൽ അധികാരികൾ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തിൽ വിട്ടയച്ചു. രാത്രിയായ ഉടനെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി. അവിടെയുള്ളവർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വിശാലമനസ്കരായിരുന്നു. അവർ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തുപോന്നു. അങ്ങനെ അനേകമാളുകൾ വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു. ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി. പെട്ടെന്ന് അവിടത്തെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാൽ ശീലാസും തിമൊഥെയോസും ബെരോവയിൽതന്നെ പാർത്തു. പൗലൊസിനെ കൊണ്ടുപോയവർ ആഥൻസുവരെ അദ്ദേഹത്തിന്റെകൂടെ പോയി. പിന്നീട് അവർ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്റെ അടുക്കൽ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു. ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥൻസിൽ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗിൽ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാർശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായൻ എന്താണു പറയുവാൻ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാൾ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പിന്നീട് അവർ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കൾ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാം; വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങൾ കേൾക്കുന്നത്. ഇതിന്റെ അർഥം എന്താണെന്നറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. ആഥൻസുകാർക്കും, ആ പട്ടണത്തിൽ നിവസിച്ചിരുന്ന വിദേശീയർക്കും പുതുമയുള്ള കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ.
അപ്പൊ. പ്രവൃത്തികൾ 17:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പൗലോസും ശീലാസും അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി യാത്രചെയ്ത് തെസ്സലോനീക്യയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് താൻ പതിവായി ചെയ്യാറുള്ളതുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്ത് ദിവസങ്ങളിൽ തിരുവെഴുത്തുകളെ ആധാരമാക്കി യേശു തന്നെ ക്രിസ്തു എന്നു അവരോട് സംവാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നും, ഞാൻ നിങ്ങളോട് അറിയിക്കുന്ന ഈ യേശു തന്നെ ക്രിസ്തു എന്നും തെളിയിച്ചും വിവരിച്ചും കൊണ്ടിരുന്നു. കേൾവിക്കാരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ട് വിശ്വസിച്ച് പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോൻ്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. പൗലൊസിനെയും ശീലാസിനെയും കാണാഞ്ഞിട്ട് യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് വലിച്ച് ഇഴച്ചുകൊണ്ട്: “ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ സ്വീകരിച്ചും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ട് കൈസരുടെ നിയമങ്ങൾക്ക് പ്രതികൂലമായി പ്രവർത്തിക്കുന്നു” എന്നു നിലവിളിച്ചു. ഇത് കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും അസ്വസ്ഥരായി. പിന്നീട് യാസോൻ മുതലായവരോട് ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്ക് പറഞ്ഞയച്ചു. അവിടെ എത്തിയപ്പോൾ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി. അവർ തെസ്സലോനീക്യയിൽ ഉള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. സമൂഹത്തിൽ സ്വാധീനം ഉള്ള ചില മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു. പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലോനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്ന് പുരുഷാരത്തിനിടയിൽ ഭിന്നത ഉളവാക്കി ഭ്രമിപ്പിച്ചു. ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്ക് പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നെ താമസിച്ചു. പൗലൊസിനോടുകൂടെ വഴികാട്ടുവാനായി പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന പൗലൊസിൽനിന്നും വാങ്ങി മടങ്ങിപ്പോന്നു. പൗലൊസ് അഥേനയിൽ അവരെ കാത്തിരിക്കവെ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നത് കണ്ടു ആത്മാവിൽ അവൻ കലങ്ങിപ്പോയി. അതുകൊണ്ട്, അവൻ പള്ളിയിൽവെച്ച് യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്ത് ദിവസേന കണ്ടവരോടും തർക്കിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു. പിന്നെ അവനെ പിടിച്ച് അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്ന്: “നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങൾക്ക് അറിവുള്ളതോ? നീ അപൂർവങ്ങളായ ചില കാര്യങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അത് എന്ത് എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. (എന്നാൽ അഥേനരും അവിടെ വന്നുപാർക്കുന്ന പരദേശികളും, പുതിയ കാര്യങ്ങൾ വല്ലതും പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനല്ലാതെ മറ്റൊന്നിനും അവരുടെ സമയം ചിലവഴിച്ചിരുന്നില്ല).
അപ്പൊ. പ്രവൃത്തികൾ 17:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു. ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു. അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേർന്നു. യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു. അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി; യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്നു നിലവിളിച്ചു. ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു. യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു. സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൗലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി. അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു. അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു. പൗലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു. ഉടനെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാർത്തു. പൗലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു. അഥേനയിൽ പൗലൊസ് അവർക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു. അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു. എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ? നീ ചില അപൂർവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാർക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.
അപ്പൊ. പ്രവൃത്തികൾ 17:1-21 സമകാലിക മലയാളവിവർത്തനം (MCV)
പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു; ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു. എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു. എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു; യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു. ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി. എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു. രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു. ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു. യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു. പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി. സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു. പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി. പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി. അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു. എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്. പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ? താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു. (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.)