അപ്പൊ. പ്രവൃത്തികൾ 14:11-15

അപ്പൊ. പ്രവൃത്തികൾ 14:11-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർ വിളിച്ചു. പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 14:11-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പൗലൊസ് ചെയ്തതു കണ്ടപ്പോൾ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ജനം ലുക്കവോന്യഭാഷയിൽ ശബ്ദമുയർത്തി പറഞ്ഞു. അവർ ബർനബാസിനെ സീയൂസ് അഥവാ ഇന്ദ്രൻ എന്നും മുഖ്യപ്രസംഗകനായിരുന്ന പൗലൊസിനെ ഹെർമിസ് അഥവാ ബുധൻ എന്നും വിളിച്ചു. പട്ടണത്തിന്റെ മുൻഭാഗത്ത് സീയൂസിന്റെ ഒരു ക്ഷേത്രമുണ്ടായിരുന്നു. അവിടത്തെ പൂജാരി ജനങ്ങളോടുചേർന്ന് അവർക്കു ബലിയർപ്പിക്കുന്നതിനായി കാളകളെ കൊണ്ടുവന്നു; അവയോടൊപ്പം പൂമാലകളും. അപ്പോസ്തോലന്മാരായ പൗലൊസും ബർനബാസും ഈ വിവരമറിഞ്ഞു വസ്ത്രം കീറിക്കൊണ്ട് ജനമധ്യത്തിലേക്ക് ഓടിച്ചെന്നു. “ഹേ മനുഷ്യരേ! നിങ്ങൾ എന്താണീ ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ മർത്ത്യസ്വഭാവമുള്ളവർ മാത്രമാണ്. ഈ വ്യർഥകാര്യങ്ങളിൽനിന്നു മാറി, ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിലുള്ള സമസ്തവും സൃഷ്‍ടിച്ച, ജീവനുള്ള ദൈവത്തിലേക്കു നിങ്ങൾ തിരിയുന്നതിനുവേണ്ടി ഈ സദ്‍വാർത്ത നിങ്ങളെ അറിയിക്കുന്നതിനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്.

അപ്പൊ. പ്രവൃത്തികൾ 14:11-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പൗലൊസ് ചെയ്തത് പുരുഷാരം കണ്ടിട്ട്: ലുക്കവോന്യഭാഷയിൽ “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു” എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. ബർന്നബാസിന് ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവനു ബുധൻ എന്നും പേർവിളിച്ചു. പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും പ്രവേശനകവാടത്തിൽ കൊണ്ടുവന്ന് പുരുഷാരത്തോടുകൂടെ യാഗം കഴിക്കുവാൻ ഭാവിച്ചു. ഇത് അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ട് പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്ന് നിലവിളിച്ചു പറഞ്ഞത്: “പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നത് എന്ത്? ഞങ്ങൾ നിങ്ങളേപ്പോലെ സമസ്വഭാവമുള്ള മനുഷ്യർ അത്രേ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ട്, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലത്തേയും ഉളവാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 14:11-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു. ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു. പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു. ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ 14:11-15 സമകാലിക മലയാളവിവർത്തനം (MCV)

പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു. ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു. നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു. അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.