അപ്പൊ. പ്രവൃത്തികൾ 10:24-33

അപ്പൊ. പ്രവൃത്തികൾ 10:24-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിറ്റന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റ് അവന്റെ കാല്ക്കൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു. അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർപറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന് കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണി നേരത്തെ പ്രാർഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേട്ടു നിന്റെ ധർമം ഓർത്തിരിക്കുന്നു. യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോല്ക്കൊല്ലനായ ശിമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു: നീ വന്നത് ഉപകാരം. കർത്താവ് നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 10:24-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കൊർന്നല്യോസ് അവരുടെ വരവു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം വീട്ടിൽ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് അകത്തു പ്രവേശിച്ചപ്പോൾ കൊർന്നല്യോസ് ചെന്ന് അദ്ദേഹത്തിന്റെ കാല്‌ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. “എഴുന്നേല്‌ക്കുക, ഞാനും ഒരു മനുഷ്യൻ മാത്രമാണല്ലോ” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തെ പത്രോസ് പിടിച്ചെഴുന്നേല്പിച്ചു. അദ്ദേഹത്തോടു സംസാരിച്ചുകൊണ്ട് പത്രോസ് വീടിനകത്തേക്കു കടന്നപ്പോൾ അവിടെ ഒട്ടേറെ ആളുകൾ കൂടിയിരിക്കുന്നതായി കണ്ടു. അദ്ദേഹം അവരോടു പറഞ്ഞു: “അന്യവർഗക്കാരുമായി സമ്പർക്കം പുലർത്തുന്നതും അവരെ സന്ദർശിക്കുന്നതും യെഹൂദന്മാർക്ക് നിഷിദ്ധമാണെന്നുള്ളത് നിങ്ങൾക്കറിയാമല്ലോ. എന്നാൽ ആരെയും നിഷിദ്ധനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ആളയച്ചപ്പോൾ യാതൊരു എതിരും പറയാതെ ഞാൻ വന്നത്. എന്തിനാണ് എന്നെ വിളിച്ചത്?” അപ്പോൾ കൊർന്നല്യോസ് പറഞ്ഞു: “നാലു ദിവസം മുമ്പ് ഏതാണ്ട് ഈ സമയത്ത് ഞാൻ വീടിനകത്ത് ഉച്ചകഴിഞ്ഞു മൂന്നു മണിക്കുള്ള പ്രാർഥന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ശുഭ്രവസ്ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുമ്പിൽ നില്‌ക്കുന്നതായി ഞാൻ കണ്ടു. ‘കൊർന്നല്യോസേ, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ ദാനധർമങ്ങളും അവിടുന്നു കൈക്കൊണ്ടിരിക്കുന്നു; നീ ഉടനെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിക്കുന്ന ശിമോനെ വിളിപ്പിക്കുക; അദ്ദേഹം സമുദ്രതീരത്ത് തോല്പണിക്കാരനായ ശിമോൻ എന്ന ആളിന്റെ വീട്ടിലുണ്ട്’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ ഞാൻ അങ്ങയുടെ അടുക്കലേക്ക് ആളയച്ചു; അങ്ങു ദയാപൂർവം വരികയും ചെയ്തു. കർത്താവിൽനിന്ന് അങ്ങേക്കു ലഭിച്ചിരിക്കുന്ന അരുളപ്പാടു കേൾക്കുന്നതിനാണ് ഞങ്ങളെല്ലാവരും ഇവിടെ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നത്.”

അപ്പൊ. പ്രവൃത്തികൾ 10:24-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നൊല്യോസ് ബന്ധുക്കളേയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്ത് പ്രവേശിച്ചപ്പോൾ കൊർന്നൊല്യോസ് അവനെ എതിരേറ്റ് കാൽക്കൽ വീണു വണങ്ങി. പത്രൊസ് അവനോട് “എഴുന്നേല്ക്കൂ, ഞാനും ഒരു മനുഷ്യനത്രെ” എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു, അവനോട് സംസാരിച്ചുംകൊണ്ട് അകത്ത് ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നത് കണ്ടു. അവനോട്: “അന്യജാതിക്കാരന്‍റെ അടുക്കൽ ചെല്ലുന്നതും അവനുമായി സഹകരിക്കുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്ന് ദൈവം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നത്; എന്നാൽ എന്നെ വിളിപ്പിച്ചത് എന്തിന് എന്നു അറിഞ്ഞാൽ കൊള്ളാം” എന്നു പറഞ്ഞു. അതിന് കൊർന്നൊല്യോസ്: “നാലുനാൾ മുൻപ് ഈ നേരത്ത് ഞാൻ വീട്ടിൽ ഒമ്പതാംമണി നേരത്തുളള പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ തേജസ്സുള്ള വസ്ത്രം ധരിച്ചൊരു പുരുഷൻ എന്‍റെ മുമ്പിൽനിന്നു: ‘കൊർന്നൊല്യോസേ ദൈവം നിന്‍റെ പ്രാർത്ഥന കേട്ടു, എളിയവരോടുളള നിന്‍റെ ദാനധർമ്മം ഓർത്തിരിക്കുന്നു. യോപ്പയിലേക്ക് ആളയച്ച് പത്രൊസ് എന്നു പേരുള്ള ശിമോനെ വിളിപ്പിക്കുക; അവൻ കടല്പുറത്ത് തോൽപ്പണി ചെയ്യുന്ന ശീമോന്‍റെ വീട്ടിൽ പാർക്കുന്നു’ എന്നു പറഞ്ഞു. ഉടൻ തന്നെ ഞാൻ നിന്‍റെ അടുക്കൽ ആളയച്ചു; നീ ദയതോന്നി വന്നത് ഉപകാരം. കർത്താവ് നിന്നോട് കല്പിച്ചതൊക്കെയും കേൾക്കുവാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്‍റെ മുമ്പാകെ സന്നിഹിതരായിരിക്കുന്നു” എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 10:24-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിറ്റെന്നാൾ കൈസര്യയിൽ എത്തി; അവിടെ കൊർന്നേല്യൊസ് ചാർച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവർക്കായി കാത്തിരുന്നു. പത്രൊസ് അകത്തു കയറിയപ്പോൾ കൊർന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു. പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു, അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു: അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു. അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു. അതിന്നു കൊർന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു: കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർത്ഥന കേട്ടു നിന്റെ ധർമ്മം ഓർത്തിരിക്കുന്നു. യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാർക്കുന്നു എന്നു പറഞ്ഞു. ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കർത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ 10:24-33 സമകാലിക മലയാളവിവർത്തനം (MCV)

അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു. പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു. കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു. അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?” കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്, ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു. ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.”