2 തിമൊഥെയൊസ് 2:8-13
2 തിമൊഥെയൊസ് 2:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം. അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വ്രതന്മാർക്കു കിട്ടേണ്ടതിനു ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
2 തിമൊഥെയൊസ് 2:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദിന്റെ വംശജനും മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. ഇതാകുന്നു ഞാൻ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാൻ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോൾ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാൽ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു. താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു: നാം അവിടുത്തോടുകൂടി മരിച്ചിരിക്കുന്നു എങ്കിൽ നാം അവിടുത്തോടുകൂടി ജീവിക്കുകയും ചെയ്യും. നാം സഹിക്കുന്നു എങ്കിൽ അവിടുത്തോടുകൂടി വാഴുകയും ചെയ്യും. നാം അവിടുത്തെ നിഷേധിക്കുന്നു എങ്കിൽ അവിടുന്നു നമ്മെയും നിഷേധിക്കും. നാം അവിശ്വസ്തരായിരുന്നാലും അവിടുന്നു വിശ്വസ്തനായിത്തന്നെയിരിക്കുന്നു; എന്തുകൊണ്ടെന്നാൽ അവിടുത്തേക്ക് തന്റെ സ്വഭാവം പരിത്യജിക്കുവാൻ കഴിയുകയില്ലല്ലോ.
2 തിമൊഥെയൊസ് 2:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. അത് ആകുന്നു എന്റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്‍റെ സ്വഭാവം ത്യജിക്കുവാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു.
2 തിമൊഥെയൊസ് 2:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.
2 തിമൊഥെയൊസ് 2:8-13 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക. ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു. ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും; കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും. നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!