2 തിമൊഥെയൊസ് 2:3-10

2 തിമൊഥെയൊസ് 2:3-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരുതായ്കിൽ കിരീടം പ്രാപിക്കയില്ല. അധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടത്. ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമല്ലോ; ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അത് ആകുന്നു എന്റെ സുവിശേഷം. അത് അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വ്രതന്മാർക്കു കിട്ടേണ്ടതിനു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.

2 തിമൊഥെയൊസ് 2:3-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തുയേശുവിന്റെ ധർമഭടനെന്ന നിലയിൽ കഷ്ടതയിൽ നിന്റെ പങ്കുവഹിക്കുക. സൈനിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പടയാളിയും അന്യകാര്യങ്ങളിൽ ഉൾപ്പെടാറില്ല. എന്തെന്നാൽ തന്നെ പടയാളിയാക്കിയവനെ തൃപ്തിപ്പെടുത്തുക എന്നതാണ് അവന്റെ ലക്ഷ്യം. നിയമാനുസൃതം മത്സരിക്കാതെ കായികാഭ്യാസിക്ക് വിജയത്തിന്റെ കിരീടം ലഭിക്കുകയില്ല. അധ്വാനിക്കുന്ന കർഷകനാണ് വിളവിന്റെ ആദ്യപങ്കു ലഭിക്കേണ്ടത്. ഞാൻ പറയുന്നതിനെപ്പറ്റി നീ ചിന്തിക്കുക; എല്ലാ കാര്യങ്ങളും ഗ്രഹിക്കുന്നതിനുള്ള ബുദ്ധി കർത്താവു നിനക്കു തരും. ദാവീദിന്റെ വംശജനും മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. ഇതാകുന്നു ഞാൻ പ്രബോധിപ്പിച്ച സുവിശേഷം. ഈ സുവിശേഷത്തിനു വേണ്ടിയത്രേ ഞാൻ കഷ്ടത സഹിക്കുകയും ഒരു കുറ്റവാളി എന്നവണ്ണം ഇപ്പോൾ ചങ്ങല ധരിക്കുകയും ചെയ്യുന്നത്. എന്നാൽ ദൈവവചനത്തിനു ബന്ധനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടവർക്കു ക്രിസ്തുയേശുവിലൂടെയുള്ള രക്ഷ അനശ്വരമായ തേജസ്സോടുകൂടി ലഭ്യമാകുന്നതിന്, അവർക്കുവേണ്ടി ഞാൻ എല്ലാം സഹിക്കുന്നു. താഴെപ്പറയുന്ന വചനം വിശ്വാസയോഗ്യമാകുന്നു

2 തിമൊഥെയൊസ് 2:3-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ക്രിസ്തുയേശുവിൻ്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക. പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല. അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിൻ്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്. കർത്താവ് സകലത്തിലും നിനക്കു ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക. ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. അത് ആകുന്നു എന്‍റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല. അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു.

2 തിമൊഥെയൊസ് 2:3-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. ഒരുത്തൻ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരായ്കിൽ കിരീടം പ്രാപിക്കയില്ല. അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടതു. ഞാൻ പറയുന്നതു ചിന്തിച്ചുകൊൾക. കർത്താവു സകലത്തിലും നിനക്കു ബുദ്ധി നല്കുമല്ലോ; ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതന്മാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു.

2 തിമൊഥെയൊസ് 2:3-10 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക. സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്. കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല. കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്. ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും. ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക. ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു.