2 തിമൊഥെയൊസ് 1:6-14
2 തിമൊഥെയൊസ് 1:6-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയുംകുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു, നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകല കാലത്തിനും മുമ്പേ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും, ഇപ്പോൾ മരണം നീക്കുകയും സുവിശേഷംകൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്തനിർണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. ആ സുവിശേഷത്തിനു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു. എന്നോടു കേട്ട പഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.
2 തിമൊഥെയൊസ് 1:6-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനാൽ എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്. അതുകൊണ്ട്, നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതിനു നീ ലജ്ജിക്കരുത്. അവിടുത്തേക്കുവേണ്ടി കാരാഗൃഹവാസിയായ എന്നെപ്പറ്റിയും നീ ലജ്ജിക്കേണ്ടതില്ല. ദൈവം നിനക്കു നല്‌കുന്ന ശക്തിക്കൊത്തവണ്ണം സുവിശേഷത്തിനുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ നിന്റെ പങ്കു വഹിക്കുക. ദൈവം നമ്മെ രക്ഷിക്കുകയും വിശുദ്ധ ജീവിതം നയിക്കുന്നതിനുവേണ്ടി നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ പ്രവൃത്തികളുടെ നന്മകൊണ്ടല്ല, പ്രത്യുത അവിടുത്തെ ഉദ്ദേശ്യമനുസരിച്ചും കൃപമൂലവും ആകുന്നു. യുഗങ്ങൾക്കു മുമ്പുതന്നെ ക്രിസ്തുയേശു മുഖേന ഈ കൃപ നല്‌കപ്പെട്ടു. എന്നാൽ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ ആഗമനത്തിൽകൂടി അതു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടുന്നു മരണത്തിന് അറുതി വരുത്തി; അനശ്വരജീവൻ സുവിശേഷത്തിൽകൂടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ഈ സുവിശേഷം പ്രഖ്യാപനം ചെയ്യുന്നതിനുവേണ്ടി അപ്പോസ്തോലനും ഉപദേഷ്ടാവുമായി ഞാൻ നിയമിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാൻ ഈ പീഡനങ്ങൾ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതിൽ ലജ്ജിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാൻ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്. എന്നിൽനിന്നു കേട്ട ആശ്വാസദായകമായ പ്രബോധനങ്ങൾ മാതൃകയായി നീ മുറുകെ പിടിച്ചുകൊള്ളുക; ക്രിസ്തുയേശുവിനോടുള്ള നമ്മുടെ ഐക്യത്തിൽ നമുക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും നിലനില്‌ക്കുകയും ചെയ്യുക. നമ്മിൽ നിവസിക്കുന്ന പരിശുദ്ധാത്മാവ് ഭരമേല്പിച്ചിരിക്കുന്ന സത്യം നീ കാത്തു സൂക്ഷിച്ചു കൊള്ളണം.
2 തിമൊഥെയൊസ് 1:6-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അതുകൊണ്ട് എന്‍റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. അതുകൊണ്ട് നമ്മുടെ കർത്താവിന്‍റെ സാക്ഷ്യത്തെയോ അവന്‍റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക. അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ. ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിക്കുവാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക. നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക.
2 തിമൊഥെയൊസ് 1:6-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക. അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ. ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു. അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു. എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക. ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.
2 തിമൊഥെയൊസ് 1:6-14 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്. അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക. കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പൊസ്തലനും ഉപദേഷ്ടാവുമായി ദൈവമാണ് എന്നെ നിയമിച്ചത്. അതിനാൽ ഞാൻ ഇപ്പോൾ ഈ ക്ലേശങ്ങൾ എല്ലാം സഹിച്ചിട്ടും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് എനിക്കറിയാം. ഞാൻ നിക്ഷേപിച്ചവയെല്ലാം ആ ദിവസംവരെ കാത്തുസൂക്ഷിക്കുന്നതിന് അവിടന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്. എന്നിൽനിന്നു കേട്ട നിർമലവചനത്തെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഒരു മാതൃകയാക്കി നീ സൂക്ഷിക്കുക. നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ നിന്നിലെ നല്ല നിക്ഷേപങ്ങൾ സംരക്ഷിക്കുക.