2 തിമൊഥെയൊസ് 1:1-8
2 തിമൊഥെയൊസ് 1:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. എന്റെ പ്രാർഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണനാകുവാൻ വാഞ്ഛിച്ചുംകൊണ്ട് ഞാൻ പൂർവന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ നിമിത്തം സ്തോത്രം ചെയ്യുന്നു. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ കൈവയ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമപ്പെടുത്തുന്നു. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയുംകുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
2 തിമൊഥെയൊസ് 1:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുയേശുവിനോടുള്ള ഐക്യം മുഖേന നാം ജീവൻ പ്രാപിക്കുമെന്ന വാഗ്ദാനം അനുസരിച്ച് ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസ്, പ്രിയപ്പെട്ട പുത്രനായ തിമൊഥെയോസിന് എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും നിനക്കു കൃപയും കാരുണ്യവും സമാധാനവും ലഭിക്കട്ടെ. എന്റെ പ്രാർഥനകളിൽ ഞാൻ അഹോരാത്രം സദാ നിന്നെ അനുസ്മരിക്കുമ്പോൾ ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നു. എന്റെ പൂർവപിതാക്കൾ ചെയ്തതുപോലെ നിർമ്മലമനസ്സാക്ഷിയോടുകൂടി ഞാൻ ആ ദൈവത്തെ സേവിക്കുന്നു. നിന്റെ കണ്ണീരിനെക്കുറിച്ച് ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂർണനായിത്തീരുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. നിന്റെ ആത്മാർഥമായ വിശ്വാസം ഞാൻ ഓർമിക്കുന്നു. ആ വിശ്വാസം മുമ്പുതന്നെ നിന്റെ പിതാമഹിയായ ലോവീസിനും അമ്മ യുനീക്കയ്‍ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം നിന്നിലും കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു. എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്. അതുകൊണ്ട്, നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതിനു നീ ലജ്ജിക്കരുത്. അവിടുത്തേക്കുവേണ്ടി കാരാഗൃഹവാസിയായ എന്നെപ്പറ്റിയും നീ ലജ്ജിക്കേണ്ടതില്ല. ദൈവം നിനക്കു നല്‌കുന്ന ശക്തിക്കൊത്തവണ്ണം സുവിശേഷത്തിനുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ നിന്റെ പങ്കു വഹിക്കുക.
2 തിമൊഥെയൊസ് 1:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്‍റെ കണ്ണുനീർ ഓർത്തു നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട് ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്‍റെ നിർവ്യാജവിശ്വാസത്തിൻ്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു. അതുകൊണ്ട് എന്‍റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. അതുകൊണ്ട് നമ്മുടെ കർത്താവിന്‍റെ സാക്ഷ്യത്തെയോ അവന്‍റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക.
2 തിമൊഥെയൊസ് 1:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ. എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിർമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മനിമിത്തം സ്തോത്രം ചെയ്യുന്നു. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു. അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു. ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു. അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
2 തിമൊഥെയൊസ് 1:1-8 സമകാലിക മലയാളവിവർത്തനം (MCV)
ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന ജീവന്റെ വാഗ്ദാനപ്രകാരം, പ്രിയപുത്രനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കരുണയും സമാധാനവും നിനക്ക് ഉണ്ടാകുമാറാകട്ടെ. എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു. നിന്റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്. അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു. ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്. അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക.