2 ശമൂവേൽ 5:6-9

2 ശമൂവേൽ 5:6-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരേ പുറപ്പെട്ടു. ദാവീദിന് അവിടെ കടപ്പാൻ കഴികയില്ലെന്നുവച്ച് അവർ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതുതന്നെ ദാവീദിന്റെ നഗരം. അന്നു ദാവീദ് ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽക്കൂടി കയറി ദാവീദിനു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുത് എന്നൊരു ചൊല്ലു നടപ്പായി. ദാവീദ് കോട്ടയിൽ വസിച്ചു, അതിനു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക

2 ശമൂവേൽ 5:6-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദുരാജാവും ജനങ്ങളും യെരൂശലേംനിവാസികളായ യെബൂസ്യരെ ആക്രമിച്ചു കീഴടക്കാൻ പുറപ്പെട്ടു. ദാവീദിന് യെരൂശലേമിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്നു കരുതി യെബൂസ്യർ ദാവീദിനോടു പറഞ്ഞു: “നീ ഇവിടെ പ്രവേശിക്കുകയില്ല; നിന്നെ തടഞ്ഞുനിർത്താൻ കുരുടനോ മുടന്തനോ മതിയാകും.” എന്നാൽ ദാവീദു സീയോൻകോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ‘ദാവീദിന്റെ പട്ടണം’ എന്ന് അതു പിന്നീടു പ്രസിദ്ധമായി. അന്നു ദാവീദ് തന്റെ അനുയായികളോടു പറഞ്ഞു: “യെബൂസ്യരെ കൊല്ലാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ നീർപ്പാത്തിയിലൂടെ കടന്നുചെല്ലട്ടെ. ദാവീദിനു വെറുക്കപ്പെട്ടവരായ അവിടെ കാണുന്ന കുരുടരെയും മുടന്തരെയും ആക്രമിക്കട്ടെ.” അങ്ങനെ കുരുടരും മുടന്തരും ആലയത്തിൽ പ്രവേശിക്കരുതെന്ന ചൊല്ലുണ്ടായി. കോട്ട പിടിച്ചശേഷം ദാവീദ് അതിനുള്ളിൽ പാർത്തു; അതിനു ‘ദാവീദിന്റെ നഗരം’ എന്നു പേരിട്ടു; ദാവീദ് ആ പട്ടണത്തെ മില്ലോമുതൽ ഉള്ളിലേക്കും ചുറ്റുമായും പണിതുയർത്തി.

പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക

2 ശമൂവേൽ 5:6-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

രാജാവും അവന്‍റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന് അവിടെ പ്രവേശിക്കുവാൻ കഴിയുകയില്ല എന്നു വിചാരിച്ച് അവർ ദാവീദിനോട്: “നീ ഇവിടെ പ്രവേശിക്കയില്ല; നിന്നെ തടയുവാൻ കുരുടരും മുടന്തരും മതി” എന്നു പറഞ്ഞു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു (അത് തന്നെ ദാവീദിന്‍റെ നഗരം). അന്ന് ദാവീദ്: “ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ വെള്ളമൊഴുകുന്ന തുരങ്കത്തിലൂടെ കയറി ദാവീദിന് വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ” എന്നു പറഞ്ഞു. അതുകൊണ്ട് “കുരുടരും മുടന്തരും വീട്ടിൽ വരരുത്” എന്നൊരു ചൊല്ലുണ്ടായി. ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്‍റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക

2 ശമൂവേൽ 5:6-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം. അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽ കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി. ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക

2 ശമൂവേൽ 5:6-9 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെയിരിക്കെ, ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ ആക്രമിക്കാനായി രാജാവും പടജനങ്ങളും അണിയണിയായി നീങ്ങി. “നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല. അന്ധർക്കും മുടന്തർക്കുംപോലും നിന്നെ തടയാൻ കഴിയും,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. ദാവീദിന് തങ്ങളുടെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് അവർ വിചാരിച്ചിരുന്നു. എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം. അന്നു ദാവീദ് പറഞ്ഞു: “ആരെങ്കിലും ദാവീദ് വെറുക്കുന്ന ‘അന്ധരും മുടന്തരുമായ’ യെബൂസ്യരെ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർ അവിടെ ചെന്നെത്തുന്നത് വെള്ളം കൊണ്ടുവരുന്നതിനായി നിർമിച്ച തുരങ്കംവഴിയായിരിക്കണം” എന്നു പറഞ്ഞു. “ ‘അന്ധരും മുടന്തരും’ കൊട്ടാരത്തിൽ പ്രവേശിക്കരുത്,” എന്ന ചൊല്ലുണ്ടാകാനുള്ള കാരണം ഇതാണ്. അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു; അതിന് ദാവീദിന്റെ നഗരമെന്നു പേരുവിളിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ ഉള്ളിലേക്കു പണിതുയർത്തി.

പങ്ക് വെക്കു
2 ശമൂവേൽ 5 വായിക്കുക