2 ശമൂവേൽ 18:19-33

2 ശമൂവേൽ 18:19-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു. യോവാബ് അവനോട്: നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല എന്നു പറഞ്ഞു. പിന്നെ യോവാബ് കൂശ്യനോട്: നീ കണ്ടതു രാജാവിനെ ചെന്ന് അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു. അതിനു യോവാബ്: എന്റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു. അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്, എന്നാൽ ഓടിക്കൊൾക എന്ന് അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി. എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരൻ പടിവാതിലിനു മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ച് ഓടി വരുന്നതു കണ്ടു. കാവൽക്കാരൻ രാജാവിനോടു വിളിച്ച് അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നത് എന്നു രാജാവ് പറഞ്ഞു. അവൻ നടന്നടുത്തു. പിന്നെ കാവൽക്കാരൻ മറ്റൊരുത്തൻ ഓടി വരുന്നതു കണ്ടു; കാവൽക്കാരൻ വാതിൽ കാക്കുന്നവനോട്: ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു എന്നു വിളിച്ചുപറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവ് പറഞ്ഞു. ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരൻ പറഞ്ഞു. അതിനു രാജാവ്: അവൻ നല്ലവൻ; നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചുപറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരേ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അപ്പോൾ രാജാവ് അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയൊരു കലഹം കണ്ടു; എന്നാൽ അത് എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു. നീ അവിടെ മാറിനില്ക്ക എന്നു രാജാവ് പറഞ്ഞു. അവൻ മാറിനിന്നു. ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിന്നോട് എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു. അപ്പോൾ രാജാവ് കൂശ്യനോട്: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു. ഉടനെ രാജാവ് നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.

പങ്ക് വെക്കു
2 ശമൂവേൽ 18 വായിക്കുക

2 ശമൂവേൽ 18:19-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സാദോക്കിന്റെ പുത്രനായ അഹീമാസ് യോവാബിനോടു ചോദിച്ചു: “സർവേശ്വരൻ ശത്രുക്കളിൽനിന്നു രാജാവിനെ രക്ഷിച്ചിരിക്കുന്നു എന്ന സദ്‍വാർത്ത ഞാൻ അദ്ദേഹത്തെ ചെന്നറിയിക്കട്ടെ”? “വേണ്ടാ” എന്നായിരുന്നു യോവാബിന്റെ മറുപടി. “ഇന്നു സദ്‍വാർത്തയുമായി പോകേണ്ട; അതു മറ്റൊരു ദിവസം ആകാം; രാജകുമാരൻ മരിച്ചതുകൊണ്ട് ഇന്നത്തേതു സദ്‍വാർത്ത അല്ലല്ലോ” എന്ന് അയാൾ പറഞ്ഞു. പിന്നെ യോവാബ് എത്യോപ്യനോടു പറഞ്ഞു: “നീ കണ്ടതു ചെന്നു രാജാവിനോടു പറയുക.” അവൻ യോവാബിനെ വണങ്ങി ഓടിപ്പോയി. സാദോക്കിന്റെ മകൻ അഹീമാസ് പിന്നെയും പറഞ്ഞു: “എന്തും വരട്ടെ; എത്യോപ്യനെ പിന്തുടരാൻ എന്നെ അനുവദിക്കുക.” യോവാബ് പറഞ്ഞു: “എന്റെ മകനേ, നീ എന്തിനാണ് ഓടുന്നത്? നിനക്ക് അതിനു യാതൊരു പ്രതിഫലവും ലഭിക്കുകയില്ലല്ലോ.” “എന്തായാലും ഞാനും പോകും” എന്ന് അഹീമാസ് പറഞ്ഞപ്പോൾ പൊയ്‍ക്കൊൾവാൻ യോവാബ് അനുവദിച്ചു. അഹീമാസ് സമഭൂമിയിലൂടെ ഓടി എത്യോപ്യന്റെ മുമ്പിൽ എത്തി. ദാവീദ് രണ്ടു പടിവാതിലുകൾക്കും മധ്യേ ഇരിക്കുകയായിരുന്നു. കാവല്‌ക്കാരൻ മതിലിനു മീതെ കവാടത്തിന്റെ മുകളിൽ കയറി നോക്കിയപ്പോൾ ഒരാൾ മാത്രം ഓടിവരുന്നതു കണ്ടു. ആ വിവരം കാവല്‌ക്കാരൻ രാജാവിനെ വിളിച്ചറിയിച്ചു. രാജാവു പറഞ്ഞു: “ഒരാൾ മാത്രമേ ഉള്ളൂവെങ്കിൽ അവൻ സദ്‍വാർത്ത ആയിരിക്കും കൊണ്ടുവരുന്നത്. അവൻ അടുത്തുവരാറായപ്പോൾ മറ്റൊരാൾ കൂടി ഓടിവരുന്നതു കാവല്‌ക്കാരൻ കണ്ടു. അവൻ വിളിച്ചുപറഞ്ഞു: “അതാ മറ്റൊരുവൻ കൂടി ഓടിവരുന്നു.” “അവനും സദ്വർത്തമാനം കൊണ്ടുവരികയാണ്” എന്നു രാജാവു പറഞ്ഞു. “മുമ്പേ വരുന്നവൻ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെയിരിക്കുന്നു” എന്നു കാവല്‌ക്കാരൻ പറഞ്ഞു. അപ്പോൾ രാജാവു പറഞ്ഞു: “അവൻ നല്ലവൻ, അവൻ സദ്‍വാർത്ത കൊണ്ടുവരുന്നു.” രാജാവിനോടു ശുഭം ശുഭം എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുമ്പിൽ അഹീമാസ് സാഷ്ടാംഗം വീണു നമസ്കരിച്ചു. “അങ്ങേക്കെതിരെ മത്സരിച്ചവരുടെമേൽ വിജയം തന്ന അങ്ങയുടെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെട്ടവൻ” എന്നു പറഞ്ഞു. “അബ്ശാലോംകുമാരനു ക്ഷേമം തന്നെയോ?” രാജാവു ചോദിച്ചു. അഹീമാസ് പറഞ്ഞു: “അങ്ങയുടെ ഭൃത്യനായ യോവാബ് എന്നെ അയച്ചപ്പോൾ അവിടെ വലിയ ഒരു ബഹളം ഉണ്ടായി. എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിഞ്ഞുകൂടാ.” “നീ ഒരു വശത്തേക്കു മാറി ഇവിടെ നില്‌ക്കുക” എന്നു രാജാവു പറഞ്ഞു. അയാൾ മാറി നിന്നു; ഉടനെ എത്യോപ്യനും എത്തി. അവൻ രാജാവിനോട് പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് ഒരു സദ്‍വാർത്ത ഉണ്ട്. അങ്ങേക്കെതിരെ മത്സരിച്ച എല്ലാവരുടേയുംമേൽ സർവേശ്വരൻ അങ്ങേക്കു വിജയം നല്‌കിയിരിക്കുന്നു.” ഇതു കേട്ടു രാജാവ്: “അബ്ശാലോംകുമാരനു സൗഖ്യം തന്നെയോ” എന്നു ചോദിച്ചു. എത്യോപ്യൻ പറഞ്ഞു: “യജമാനന്റെ എല്ലാ ശത്രുക്കൾക്കും യജമാനനെതിരെ മത്സരിക്കുന്നവർക്കും ആ യുവാവിന്റെ അനുഭവം ഉണ്ടാകട്ടെ.” ഉടനെ രാജാവു വികാരവിവശനായി കവാടത്തിന്റെ മുകൾമുറിയിൽ കയറി പൊട്ടിക്കരഞ്ഞു. കയറിപ്പോകുമ്പോൾ രാജാവ് വിലപിച്ചു: “എന്റെ മകനേ അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ അബ്ശാലോമേ, നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ!”

പങ്ക് വെക്കു
2 ശമൂവേൽ 18 വായിക്കുക

2 ശമൂവേൽ 18:19-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നീട് സാദോക്കിന്‍റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന് രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു എന്ന സദ്വർത്തമാനം അറിയിക്കട്ടെ” എന്നു പറഞ്ഞു. യോവാബ് അവനോട്: “വാർത്ത നീ ഇന്ന് അറിയിക്കരുത്; മറ്റൊരു ദിവസം വാർത്ത അറിയിക്കാം; രാജകുമാരൻ മരിച്ചതുകൊണ്ട് നീ ഇന്ന് ഒരു വാർത്തയും കൊണ്ടുപോകരുത്” എന്നു പറഞ്ഞു. പിന്നെ യോവാബ് കൂശ്യനോട്: “നീ കണ്ടത് രാജാവിനെ ചെന്നു അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്‍റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: “എന്തുതന്നെ സംഭവിച്ചാലും, ഞാനും കൂശ്യന്‍റെ പിന്നാലെ ഓടട്ടെ” എന്നു പറഞ്ഞു. അതിന് യോവാബ്: “എന്‍റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്ക് പ്രതിഫലം കിട്ടുകയില്ലല്ലോ” എന്നു പറഞ്ഞു. അവൻ പിന്നെയും: “എന്തുതന്നെ സംഭവിച്ചാലും ഞാൻ ഓടും” എന്നു പറഞ്ഞതിന്: “എന്നാൽ ഓടിക്കൊള്ളുക” എന്നു യോവാബ് പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ പിന്നിലാക്കി. എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മദ്ധ്യത്തിൽ ഇരിക്കുകയായിരുന്നു. കാവല്ക്കാരൻ പടിവാതിലിനു മീതെ മതിലിന്‍റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുവൻ തനിയെ ഓടിവരുന്നത് കണ്ടു. കാവല്ക്കാരൻ രാജാവിനോട് വിളിച്ച് അറിയിച്ചു. “അവൻ ഏകൻ എങ്കിൽ സദ്വര്‍ത്തമാനം കൊണ്ടാകുന്നു വരുന്നത്” എന്നു രാജാവ് പറഞ്ഞു. അവൻ വേഗത്തിൽ നടന്നടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുവൻ ഓടിവരുന്നത് കണ്ടു; കാവല്ക്കാരൻ വാതിൽ സൂക്ഷിക്കുന്നവനോട്: “ഇതാ, പിന്നെയും ഒരു ആൾ തനിച്ച് ഓടി വരുന്നു” എന്നു വിളിച്ചു പറഞ്ഞു. “അവനും സദ്വര്‍ത്തമാനം കൊണ്ടുവരുന്നു” എന്നു രാജാവ് പറഞ്ഞു. “ഒന്നാമത്തവന്‍റെ ഓട്ടം സാദോക്കിന്‍റെ മകനായ അഹീമാസിന്‍റെ ഓട്ടംപോലെ എനിക്ക് തോന്നുന്നു” എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന് രാജാവ്: “അവൻ നല്ലവൻ; നല്ലവാർത്ത കൊണ്ടുവരുന്നു” എന്നു പറഞ്ഞു. അഹീമാസ് രാജാവിനോട്: “എല്ലാം ശുഭമാണ്” എന്നു വിളിച്ചു പറഞ്ഞു രാജാവിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്‍റെ യജമാനനായ രാജാവിന്‍റെ നേരെ കൈ ഉയർത്തിയവരെ ഏല്പിച്ചുതന്ന നിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ” എന്നു പറഞ്ഞു. അപ്പോൾ രാജാവ്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് അഹീമാസ്: “യോവാബ് രാജാവിന്‍റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോൾ വലിയ ഒരു കലഹം കണ്ടു; എന്നാൽ അത് എന്തെന്ന് ഞാൻ അറിഞ്ഞില്ല” എന്നു പറഞ്ഞു. “നീ അവിടെ മാറി നില്ക്കുക” എന്നു രാജാവ് പറഞ്ഞു. അവൻ മാറിനിന്നു. ഉടനെ കൂശ്യൻ വന്നു: “എന്‍റെ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിനക്കെതിരെ എഴുന്നേറ്റ എല്ലാവരോടും യഹോവ ഇന്ന് നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു” എന്നു കൂശ്യൻ പറഞ്ഞു. അപ്പോൾ രാജാവ് കൂശ്യനോട്: “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നുവോ?” എന്നു ചോദിച്ചു. അതിന് കൂശ്യൻ: “എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളും അങ്ങയ്ക്കെതിരെ ദോഷം ചെയ്യുവാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ” എന്നു പറഞ്ഞു. ഉടനെ രാജാവ് നടുങ്ങി നഗര മതിലിനു മുകളിലുള്ള മുറിയിൽ കയറി: “എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്ക് പകരം മരിച്ചെങ്കിൽ കൊള്ളാമായിരുന്നു; അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ!” എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ട് നടന്നു.

പങ്ക് വെക്കു
2 ശമൂവേൽ 18 വായിക്കുക

2 ശമൂവേൽ 18:19-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്: ഞാൻ ഓടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു. യോവാബ് അവനോടു: നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വർത്തമാനം കൊണ്ടുപോകാം; രാജകുമാരൻ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വർത്തമാനദൂതനാകയില്ല എന്നു പറഞ്ഞു. പിന്നെ യോവാബ് കൂശ്യനോടു: നീ കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടു: ഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു. അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു. അവൻ പിന്നെയും: ഏതായാലും ഞാൻ ഓടും എന്നു പറഞ്ഞതിന്നു: എന്നാൽ ഓടിക്കൊൾക എന്നു അവൻ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി. എന്നാൽ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്ക്കാരൻ പടിവാതിലിന്നും മീതെ മതിലിന്റെ മുകളിൽ കയറി തല ഉയർത്തിനോക്കി ഒരുത്തൻ തനിച്ചു ഓടിവരുന്നതു കണ്ടു. കാവല്ക്കാരൻ രാജാവിനോടു വിളിച്ചു അറിയിച്ചു. അവൻ ഏകൻ എങ്കിൽ സദ്വർത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു. അവൻ നടന്നു അടുത്തു. പിന്നെ കാവല്ക്കാരൻ മറ്റൊരുത്തൻ ഓടിവരുന്നതു കണ്ടു; കാവല്ക്കാരൻ വാതിൽ കാക്കുന്നവനോടു: ഇതാ, പിന്നെയും ഒരു ആൾ തനിച്ചു ഓടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വർത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു. ഒന്നാമത്തവന്റെ ഓട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവല്ക്കാരൻ പറഞ്ഞു. അതിന്നു രാജാവു: അവൻ നല്ലവൻ; നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അപ്പോൾ രാജാവു അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്: യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോൾ വലിയോരു കലഹം കണ്ടു; എന്നാൽ അതു എന്തെന്നു ഞാൻ അറിഞ്ഞില്ല എന്നു പറഞ്ഞു. നീ അവിടെ മാറി നില്ക്ക എന്നു രാജാവു പറഞ്ഞു. അവൻ മാറിനിന്നു. ഉടനെ കൂശ്യൻ വന്നു: യജമാനനായ രാജാവിന്നു ഇതാ നല്ല വർത്തമാനം; നിന്നോടു എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യൻ പറഞ്ഞു. അപ്പോൾ രാജാവു കൂശ്യനോടു: അബ്ശാലോംകുമാരൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യൻ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‌വാൻ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു. ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.

പങ്ക് വെക്കു
2 ശമൂവേൽ 18 വായിക്കുക

2 ശമൂവേൽ 18:19-33 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന്, രാജാവിനെ തന്റെ ശത്രുക്കളുടെ കൈയിൽനിന്നു യഹോവ വിടുവിച്ചിരിക്കുന്നു എന്ന വർത്തമാനം അറിയിക്കട്ടെ!” എന്നു പറഞ്ഞു. യോവാബ് അദ്ദേഹത്തോട്: “ഇന്നു വാർത്ത കൊടുക്കേണ്ടതു നീയല്ല; ഇനി ഒരവസരത്തിൽ നിനക്കു വാർത്തയുമായി പോകാം. രാജകുമാരൻ മരിച്ചിരിക്കുകയാൽ ഇന്നു നീ വാർത്തയുമായി പോകരുത്,” എന്നു പറഞ്ഞു. അതിനെത്തുടർന്ന് യോവാബ് ഒരു കൂശ്യനെ വിളിച്ച്: “നീ കണ്ടത് ചെന്ന് രാജാവിനെ അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങിയിട്ട് ഓടിപ്പോയി. സാദോക്കിന്റെ മകനായ അഹീമാസ് വീണ്ടും യോവാബിനോടു നിർബന്ധിച്ചുപറഞ്ഞു: “എന്തും സംഭവിക്കട്ടെ! കൂശ്യന്റെ പിന്നാലെ ഓടാൻ എന്നെ അനുവദിച്ചാലും!” എന്നാൽ യോവാബു മറുപടി പറഞ്ഞു: “എന്റെ മകനേ, നീ എന്തിനു പോകാൻ ആഗ്രഹിക്കുന്നു? ഒരു പ്രതിഫലം ലഭിക്കുന്ന വാർത്തയല്ല നിനക്ക് അറിയിക്കാനുള്ളത്.” അയാൾ വീണ്ടും നിർബന്ധപൂർവം: “എന്തും വരട്ടെ, ഞാൻ ഓടിച്ചെല്ലും” എന്നു പറഞ്ഞു. അതിനാൽ “ഓടിക്കൊള്ളുക!” യോവാബ് പറഞ്ഞു. അഹീമാസ് സമഭൂമി വഴിയായി ഓടി കൂശ്യനെ പിന്നിലാക്കി. ഈ സമയത്ത് ഉള്ളിലെയും പുറത്തെയും കവാടങ്ങൾക്കിടയിലായി ദാവീദ് ഇരിക്കുകയായിരുന്നു. കാവൽക്കാരൻ മതിലിങ്കലെ കവാടത്തിന്റെ മുകൾത്തട്ടിൽ കയറിനിന്നു നോക്കി. ഒരുവൻ തനിച്ച് ഓടിവരുന്നത് അയാൾ കണ്ടു. കാവൽക്കാരൻ ആ വിവരം രാജാവിനെ വിളിച്ചറിയിച്ചു. “അയാൾ തനിച്ചാണു വരുന്നതെങ്കിൽ ശുഭവർത്തമാനമായിരിക്കും,” എന്നു രാജാവു പറഞ്ഞു. അയാൾ ഓടിയടുത്തുകൊണ്ടിരുന്നു. പിന്നെ മറ്റൊരാൾകൂടി ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അയാൾ കവാടസൂക്ഷിപ്പുകാരനെ വിളിച്ചറിയിച്ചു. “ഇതാ! മറ്റൊരാൾകൂടി തനിയേ ഓടിവരുന്നു!” “അവനും ശുഭവർത്തമാനമായിരിക്കും കൊണ്ടുവരുന്നത്,” എന്നു രാജാവു പറഞ്ഞു. “ഓടിവരുന്നവരിൽ ആദ്യത്തെ ആൾ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെ എനിക്കുതോന്നുന്നു,” എന്ന് കാവൽക്കാരൻ പറഞ്ഞു. “അവൻ നല്ലവനാണ്; അവൻ ശുഭവർത്തമാനം കൊണ്ടുവരുന്നു,” എന്നു രാജാവു പറഞ്ഞു. അപ്പോൾ അഹീമാസ് രാജാവിനോട്, “എല്ലാം ശുഭമായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അയാൾ രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചശേഷം പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയ്ക്കു സ്തോത്രം! എന്റെ യജമാനനായ രാജാവിനെതിരേ കൈ ഉയർത്തിയവരെ അവിടന്ന് ഏൽപ്പിച്ചുതന്നിരിക്കുന്നു.” “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” എന്നു രാജാവു ചോദിച്ചു. അഹീമാസ് ഉത്തരം പറഞ്ഞു: “രാജാവേ! അങ്ങയുടെ ദാസനായ അടിയനെ യോവാബു പറഞ്ഞയയ്ക്കുമ്പോൾ ഞാനൊരു വലിയ ബഹളം കണ്ടു. എന്നാൽ അതെന്താണെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല.” “നീ അവിടെ മാറിനിൽക്കുക,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അയാൾ അവിടെ മാറിനിന്നു. അപ്പോൾ കൂശ്യൻവന്ന് അറിയിച്ചു: “എന്റെ യജമാനനായ രാജാവേ, ശുഭവർത്തമാനം കേട്ടാലും! അങ്ങേക്കെതിരേ ഉയർന്ന എല്ലാവരുടെയും പിടിയിൽനിന്ന് യഹോവ ഇന്ന് അങ്ങയെ വിടുവിച്ചിരിക്കുന്നു.” “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” രാജാവു കൂശ്യനോടു ചോദിച്ചു. “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയെ ദ്രോഹിക്കാൻ മുതിരുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആയിത്തീരട്ടെ!” എന്നു കൂശ്യൻ മറുപടി പറഞ്ഞു. രാജാവു നടുങ്ങിപ്പോയി. അദ്ദേഹം പടിപ്പുരമാളികയിൽ കയറി വിലപിച്ചു. പോകുമ്പോൾ “എന്റെ മകനേ, അബ്ശാലോമേ! എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ! നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്ശാലോമേ, എന്റെ മകനേ! എന്റെ മകനേ!” എന്നിങ്ങനെ അദ്ദേഹം വിലപിച്ചു.

പങ്ക് വെക്കു
2 ശമൂവേൽ 18 വായിക്കുക