2 ശമൂവേൽ 17:1-4
2 ശമൂവേൽ 17:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞത്: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ട് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ. ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. പിന്നെ ഞാൻ സകല ജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകല ജനവും സമാധാനത്തോടെ ഇരിക്കും. ഈ വാക്ക് അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.
2 ശമൂവേൽ 17:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അഹീഥോഫെൽ അബ്ശാലോമിനോടു ചോദിച്ചു: “ഞാൻ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ? ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാൻ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാൻ കൊല്ലുകയുള്ളൂ; മണവാളന്റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാൻ ഞാൻ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.” ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേൽനേതാക്കന്മാർക്കും ഇഷ്ടപ്പെട്ടു.
2 ശമൂവേൽ 17:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നീട് അഹീഥോഫെൽ അബ്ശാലോമിനോട് പറഞ്ഞത്: “ഞാൻ പന്ത്രണ്ടായിരം പേരെ തിരഞ്ഞെടുത്ത്, ഇന്ന് രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ. ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ച് ഭയപ്പെടുത്തും; അപ്പോൾ അവനോടുകൂടിയുള്ള ജനമെല്ലാവരും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ കൊല്ലാൻ അന്വേഷിക്കുന്ന മനുഷ്യൻ ഒഴികെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും.” ഈ വാക്കു അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാർക്കും വളരെ ബോധിച്ചു.
2 ശമൂവേൽ 17:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ. ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും. ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.
2 ശമൂവേൽ 17:1-4 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം. അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും, അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.” ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു.