2 രാജാക്കന്മാർ 22:8-13
2 രാജാക്കന്മാർ 22:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിയമപുസ്‍തകം സർവേശ്വരമന്ദിരത്തിൽനിന്നും കണ്ടുകിട്ടിയ വിവരം ഹില്‌ക്കീയാ മഹാപുരോഹിതന്റെ കാര്യസ്ഥനായ ശാഫാനോടു പറഞ്ഞു. ഹില്‌ക്കീയാ ആ പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു. അയാൾ അതു വാങ്ങി വായിച്ചു. ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “അങ്ങയുടെ ഭൃത്യന്മാർ ആലയത്തിലുണ്ടായിരുന്ന പണം മുഴുവൻ ദേവാലയത്തിലെ പണികളുടെ മേൽനോട്ടം വഹിക്കുന്നവരെ ഏല്പിച്ചു.” ഹില്‌ക്കീയാപുരോഹിതൻ ഒരു പുസ്‍തകം എന്റെ കൈയിൽ തന്നു എന്നും ശാഫാൻ രാജാവിനെ അറിയിച്ചു. അയാൾ അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു. ഗ്രന്ഥം വായിച്ചു കേട്ടപ്പോൾ, രാജാവു വസ്ത്രം കീറി. ഉടനെ രാജാവ് ഹില്‌ക്കീയാപുരോഹിതനോടും ശാഫാന്റെ പുത്രൻ അഹീക്കാം, മീഖായായുടെ പുത്രൻ അക്ബോർ, കാര്യസ്ഥൻ ശാഫാൻ, രാജഭൃത്യൻ അസായാ എന്നിവരോടും കല്പിച്ചു: “നിങ്ങൾ പോയി ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്ന ഗ്രന്ഥത്തിലെ വാക്യങ്ങൾ സംബന്ധിച്ച്, എനിക്കും ജനത്തിനും സകല യെഹൂദ്യർക്കുംവേണ്ടി സർവേശ്വരനോട് അരുളപ്പാടു ചോദിക്കുക. നമ്മൾ ചെയ്യണമെന്ന് ഈ ഗ്രന്ഥത്തിൽ ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങൾ നമ്മുടെ പിതാക്കന്മാർ അനുസരിക്കാതിരുന്നതുകൊണ്ട് സർവേശ്വരന്റെ ഉഗ്രകോപം നമ്മുടെമേൽ ജ്വലിച്ചിരിക്കുന്നു.”
2 രാജാക്കന്മാർ 22:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മഹാപുരോഹിതനായ ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു; അവൻ അതു വായിച്ചു. രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടി ഒഴിച്ചെടുത്ത് യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുത്തിരിക്കുന്നു എന്ന് മറുപടി ബോധിപ്പിച്ചു. ഹില്ക്കീയാപുരോഹിതൻ എന്റെ കൈയിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; രാജാവ് പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും: നിങ്ങൾ ചെന്ന് കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കുംവേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരേ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
2 രാജാക്കന്മാർ 22:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു. കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു. ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ടു വസ്ത്രം കീറി; രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്‍റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും: “നിങ്ങൾ ചെന്നു, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കും വേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെനേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്നു കല്പിച്ചു.
2 രാജാക്കന്മാർ 22:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മഹാപുരോഹിതനായ ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അതു വായിച്ചു. രായസക്കാരനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിനോടു: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങൾ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കയ്യിൽ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു. ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാൻ രാജാവിനോടു ബോധിപ്പിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി; രാജാവു പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും: നിങ്ങൾ ചെന്നു, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; നമുക്കു വേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാൻ തക്കവണ്ണം നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
2 രാജാക്കന്മാർ 22:8-13 സമകാലിക മലയാളവിവർത്തനം (MCV)
“യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് മഹാപുരോഹിതനായ ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു. അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു; ശാഫാൻ അതു വായിച്ചു. അതിനുശേഷം ലേഖകനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം പുറത്തെടുത്ത് അങ്ങയുടെ സേവകന്മാർ ആലയത്തിലെ പണിക്കാരെയും അവർക്കു മേൽനോട്ടം വഹിക്കുന്നവരെയും ഏൽപ്പിച്ചിട്ടുണ്ട്. പുരോഹിതനായ ഹിൽക്കിയാവ് ഒരു ഗ്രന്ഥം എന്നെ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ലേഖകനായ ശാഫാൻ രാജാവിനെ അറിയിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു. ന്യായപ്രമാണഗ്രന്ഥത്തിലെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. അദ്ദേഹം പുരോഹിതനായ ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായാവിന്റെ മകനായ അക്ബോരിനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി: “എനിക്കുവേണ്ടിയും, ജനത്തിനുവേണ്ടിയും സകല യെഹൂദയ്ക്കുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! ഈ ഗ്രന്ഥത്തിലെ വാക്കുകൾ നമ്മുടെ പിതാക്കന്മാർ അനുസരിക്കാതിരുന്നതിനാൽ യഹോവയുടെ കോപം നമുക്കെതിരേ ജ്വലിച്ചിരിക്കുന്നത് വളരെ ഭയങ്കരമായിരിക്കുന്നു; നമ്മെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നതൊന്നും അവർ അനുസരിച്ചിട്ടില്ലല്ലോ.”