2 രാജാക്കന്മാർ 20:1-21
2 രാജാക്കന്മാർ 20:1-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ കാലത്ത് ഹിസ്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്ന് അവനോട്: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരേ തിരിച്ചു യഹോവയോടു പ്രാർഥിച്ചു: അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും കരഞ്ഞു. എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പേ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും. പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി. ഹിസ്കീയാവ് യെശയ്യാവോട്: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത് എന്നു ചോദിച്ചു. അതിന് യെശയ്യാവ്: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് ഇതു നിനക്ക് അടയാളം ആകും: നിഴൽ പത്തുപടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു. അതിനു ഹിസ്കീയാവ്: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു. അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി. ആ കാലത്ത് ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് ദീനമായിക്കിടന്നിരുന്നു എന്ന് കേട്ടിട്ടു ഹിസ്കീയാവിന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കീയാവ് അവരുടെ വാക്കു കേട്ട് തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു. അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു. യെശയ്യാവ് ഹിസ്കീയാവോടു പറഞ്ഞത്: യഹോവയുടെ വചനം കേൾക്ക: രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു. നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു. ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിനകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവനു പകരം രാജാവായി.
2 രാജാക്കന്മാർ 20:1-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിസ്ക്കീയാ രോഗബാധിതനായി മരണത്തോടടുത്തു. അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ ഗൃഹകാര്യങ്ങൾ ക്രമപ്പെടുത്തിക്കൊള്ളുക; നീ മരിച്ചു പോകും; സുഖം പ്രാപിക്കുകയില്ല.” അപ്പോൾ ഹിസ്ക്കീയാ ചുവരിനു നേരേ മുഖം തിരിച്ച് അവിടുത്തോടു പ്രാർഥിച്ചു: “സർവേശ്വരാ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രതയോടും അങ്ങയുടെ മുമ്പാകെ ജീവിച്ചതും, അങ്ങേക്കു പ്രസാദകരമായവിധം പ്രവർത്തിച്ചതും അങ്ങ് ഓർക്കണമേ.” പിന്നീട് അദ്ദേഹം അതീവദുഃഖത്തോടെ കരഞ്ഞു. കൊട്ടാരത്തിന്റെ അങ്കണം വിട്ടുപോകും മുമ്പ് യെശയ്യായ്‍ക്ക് സർവേശ്വരന്റെ അരുളപ്പാടുണ്ടായി: “നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ രാജാവായ ഹിസ്ക്കീയായോട് അവന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക. ഞാൻ നിന്റെ കണ്ണുനീർ കാണുകയും നിന്റെ പ്രാർഥന കേൾക്കുകയും ചെയ്തിരിക്കുന്നു; ഞാൻ നിന്നെ സുഖപ്പെടുത്തും. മൂന്നു ദിവസത്തിനുള്ളിൽ നീ സർവേശ്വരന്റെ ആലയത്തിലേക്കു പോകും. ഞാൻ നിന്റെ ആയുസ്സു പതിനഞ്ചു വർഷംകൂടി നീട്ടിത്തരുന്നു; നിന്നെയും ഈ നഗരത്തെയും അസ്സീറിയാരാജാവിന്റെ കൈയിൽനിന്നു ഞാൻ രക്ഷിക്കും. എനിക്കും എന്റെ ദാസനായ ദാവീദിനുംവേണ്ടി ഞാൻ ഈ നഗരത്തെ സംരക്ഷിക്കും.” പിന്നീട് യെശയ്യാ പറഞ്ഞു: “അത്തിയട കൊണ്ടുവന്നു വ്രണത്തിൽ വച്ചുകെട്ടുക. എന്നാൽ വ്രണം സുഖപ്പെടും.” ഹിസ്ക്കീയാ യെശയ്യായോടു ചോദിച്ചു: “സർവേശ്വരൻ എന്നെ സുഖപ്പെടുത്തുകയും മൂന്നു ദിവസം കഴിഞ്ഞ് ഞാൻ അവിടുത്തെ ആലയത്തിൽ പോകുകയും ചെയ്യുമെന്നുള്ളതിന് എന്താണ് അടയാളം? യെശയ്യാ പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്തതു നിറവേറ്റും എന്നുള്ളതിന് അവിടുന്നു നിനക്കു നല്‌കുന്ന അടയാളം ഇതാണ്. നിഴൽ പത്തു ചുവട് മുമ്പോട്ടു പോകണമോ അതോ പത്തു ചുവടു പിറകോട്ടു പോകണമോ? ഏതാണു വേണ്ടത്?” ഹിസ്ക്കീയാ പറഞ്ഞു: “നിഴൽ പത്തുചുവട് മുമ്പോട്ടു പോകുന്നതു എളുപ്പമാണ്. അതുകൊണ്ട് അതു പത്തു ചുവടു പിറകോട്ടു പോകട്ടെ.” അപ്പോൾ യെശയ്യാപ്രവാചകൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തിലെ ഇറങ്ങിപ്പോയ നിഴൽ പത്തു ചുവടു പിറകോട്ടു മാറ്റി. ഹിസ്ക്കീയാ രോഗബാധിതനായി എന്നു കേട്ടു ബാബിലോൺരാജാവും ബലദാന്റെ പുത്രനുമായ ബെരോദക്-ബലദാൻ കത്തുകളും സമ്മാനവുമായി ദൂതന്മാരെ അയച്ചു. ഹിസ്ക്കീയാ അവരെ സ്വീകരിച്ചു. തന്റെ ഭണ്ഡാരങ്ങളും അവയിലുണ്ടായിരുന്ന സ്വർണം, വെള്ളി, സുഗന്ധവർഗങ്ങൾ, വിശിഷ്ട തൈലങ്ങൾ എന്നിവയും ആയുധപ്പുരയും അവർക്കു കാട്ടിക്കൊടുത്തു. തന്റെ കൊട്ടാരത്തിലോ രാജ്യത്തോ അവരെ കാണിക്കാത്ത യാതൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു ചോദിച്ചു: “ഈ ആളുകൾ എന്തു പറഞ്ഞു? അവർ അങ്ങയുടെ അടുക്കൽ എവിടെനിന്നു വന്നു?” “ഇവർ വിദൂരസ്ഥമായ ബാബിലോണിൽനിന്നു വന്നവരാണ്” ഹിസ്ക്കീയാ പ്രതിവചിച്ചു. “അവർ അങ്ങയുടെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു” എന്നു പ്രവാചകൻ ചോദിച്ചു. “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു; ഞാൻ കാണിച്ചു കൊടുക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ ഒന്നും ഇല്ല” എന്നു ഹിസ്ക്കീയാ പറഞ്ഞു. ഇതു കേട്ടു യെശയ്യാ ഹിസ്കീയായോടു പറഞ്ഞു: “സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുക. നിന്റെ കൊട്ടാരത്തിലുള്ളതും നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചിട്ടുള്ളതുമായ സർവസ്വവും ബാബിലോണിലേക്കു കൊണ്ടുപോകുന്ന കാലം വരുന്നു. ഒന്നുംതന്നെ ശേഷിക്കുകയില്ല. നിന്റെ സ്വന്തം പുത്രന്മാരിൽ ചിലരെയും അവർ കൊണ്ടുപോകും; അവരെ ബാബിലോൺരാജാവിന്റെ അന്തഃപുരത്തിൽ സേവനം ചെയ്യാൻ ഷണ്ഡന്മാരാക്കും.” തന്റെ ഭരണകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നു കരുതി ഹിസ്ക്കീയാ യെശയ്യായോടു പറഞ്ഞു: “അങ്ങ് അറിയിച്ച സർവേശ്വരന്റെ അരുളപ്പാട് നല്ലതുതന്നെ.” ഹിസ്ക്കീയായുടെ മറ്റെല്ലാ പ്രവർത്തനങ്ങളും വീരപരാക്രമങ്ങളും ഒരു കുളവും തോടും നിർമ്മിച്ചു ജലം നഗരത്തിലേക്കു കൊണ്ടുവന്നതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ക്കീയാ മരിച്ചു; പിതാക്കന്മാരോടു ചേർന്നു. പിന്നീട് പുത്രൻ മനശ്ശെ രാജാവായി.
2 രാജാക്കന്മാർ 20:1-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: “അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ” എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു. എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകും മുമ്പേ അവനു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: “നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു വര്‍ഷം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർ രാജാവിന്‍റെ കയ്യിൽനിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തുരക്ഷിക്കും.” പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു ഹിസ്കീയാവിന്‍റെ പരുവിന്മേൽ ഇട്ടു; അവനു സൗഖ്യമായി. ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാംദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്നു ചോദിച്ചു. അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്കു അടയാളം ഇതു ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്തു പടി മുമ്പോട്ടു പോകണമോ? പത്തു പടി പിന്നോക്കം തിരിയണമോ?” എന്നു ചോദിച്ചു. അതിനു ഹിസ്കീയാവ്: “നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്തു പടി പിന്നോക്കം തിരിയട്ടെ” എന്നു പറഞ്ഞു. അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി. ആ കാലത്ത് ബലദാന്റെ മകനായ മെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്നു കേട്ടിട്ടു അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കീയാവ് അവരുടെ വാക്കുകേട്ട്, തന്‍റെ ഭണ്ഡാരഗൃഹം മുഴുവനും - പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്‍റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്‍റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെ നിന്നു നിന്‍റെ അടുക്കൽ വന്നു?” എന്നു ചോദിച്ചു. അതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു” എന്നു പറഞ്ഞു. “അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്നു ചോദിച്ചു. അതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്നു പറഞ്ഞു. യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്കുക: ഇപ്പോൾ രാജധാനിയിലുള്ളതും നിന്‍റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു. നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്‍റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു. അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്‍റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്നു അവൻ പറഞ്ഞു. ഹിസ്കീയാവിന്‍റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവനു പകരം രാജാവായി.
2 രാജാക്കന്മാർ 20:1-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു. എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടുപോകുംമുമ്പെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും. പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൗഖ്യമായി. ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു. അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു. അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു. അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി. ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു. ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു. എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു. അവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു. യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക: രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു. നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു. അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു. ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
2 രാജാക്കന്മാർ 20:1-21 സമകാലിക മലയാളവിവർത്തനം (MCV)
അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.” ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു: “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു. യെശയ്യാവ് അങ്കണത്തിന്റെ പകുതിഭാഗം കടക്കുന്നതിനു മുമ്പായിത്തന്നെ അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാടുണ്ടായി. “മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയാവിനോടു പറയുക; ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും. ഇന്നേക്കു മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്നെ ഓർത്തും എന്റെ ദാസനായ ദാവീദിനെ ഓർത്തും ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’ ” അതിനുശേഷം യെശയ്യാവ്, “ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കുക,” എന്നു പറഞ്ഞു; അവർ അതുണ്ടാക്കി. അദ്ദേഹം അതു വ്രണത്തിന്മേൽ പുരട്ടി; ഹിസ്കിയാവു സുഖംപ്രാപിച്ചു. “യഹോവ എന്നെ സൗഖ്യമാക്കുമെന്നും ഇന്നേക്കു മൂന്നാംദിവസം ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് യെശയ്യാവിനോടു ചോദിച്ചു. യെശയ്യാവു മറുപടികൊടുത്തു: “യഹോവ വാഗ്ദാനംചെയ്തത് അവിടന്നു നിറവേറ്റും. ഇതുതന്നെയാണ് യഹോവ അങ്ങേക്കു നൽകുന്ന ചിഹ്നം: പറയൂ, നിഴൽ പത്തുചുവടു മുമ്പോട്ടു പോകണമോ അഥവാ, പത്തുചുവടു പിമ്പോട്ടു പോകണമോ?” ഹിസ്കിയാവു പറഞ്ഞു: “നിഴൽ പത്തുചുവടു മുമ്പോട്ടു പോകുന്നത് പ്രയാസമില്ലാത്ത കാര്യം. അതുകൊണ്ട് നിഴൽ പത്തുചുവടു പിമ്പോട്ടു പോകട്ടെ.” പിന്നെ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ ആഹാസിന്റെ സൂര്യഘടികാരത്തിൽ മുമ്പോട്ടുപോയിരുന്ന നിഴലിനെ പത്തുചുവട് പിന്നോട്ടു നയിച്ചു. അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരം കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു. ഹിസ്കിയാവ് ആ സ്ഥാനപതികളെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?” ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു.” “അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.” അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “യഹോവയുടെ അരുളപ്പാടു കേൾക്കുക: നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.” “എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു. ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും നഗരത്തിലേക്കു വെള്ളം കൊണ്ടുവരുന്നതിനായി ജലാശയവും തുരങ്കവും നിർമിച്ച വിധവും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.