2 രാജാക്കന്മാർ 2:1-6

2 രാജാക്കന്മാർ 2:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു. ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി. യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവൻ: അതെ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.

2 രാജാക്കന്മാർ 2:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ഒരു ചുഴലിക്കാറ്റിലൂടെ ഏലിയായെ സ്വർഗത്തിലേക്ക് എടുക്കാൻ സമയമായി. ഏലിയായും എലീശയും ഗില്ഗാലിൽനിന്നു യാത്ര ചെയ്യുകയായിരുന്നു. ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; ബേഥേലിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലുണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശായോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ അടുക്കൽനിന്ന് അങ്ങയുടെ യജമാനനെ എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ?” അദ്ദേഹം പറഞ്ഞു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കൂ.” ഏലിയാ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യെരീഹോവിലേക്കു പോകാൻ സർവേശ്വരൻ എന്നോടു കല്പിച്ചിരിക്കുന്നു. “അപ്പോൾ എലീശ പറഞ്ഞു: “സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു. അങ്ങയെ വിട്ടു ഞാൻ പോകുകയില്ല.” അങ്ങനെ അവർ യെരീഹോവിലെത്തി. അവിടെ ഉണ്ടായിരുന്ന പ്രവാചകഗണത്തിൽപ്പെട്ടവർ എലീശയോടു ചോദിച്ചു: “സർവേശ്വരൻ ഇന്നുതന്നെ അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുക്കാൻ പോകുന്ന വിവരം അങ്ങേക്കറിയാമോ.” എലീശ പ്രതിവചിച്ചു: “എനിക്കറിയാം, നിങ്ങൾ നിശ്ശബ്ദരായിരിക്കുവിൻ.” ഏലിയാ എലീശയോടു വീണ്ടും പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളുക. സർവേശ്വരൻ എന്നോട് യോർദ്ദാനിലേക്കു പോകാൻ കല്പിച്ചിരിക്കുന്നു.” എലീശ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു: ഞാൻ അങ്ങയെ വിട്ടുപോകുകയില്ല.” അങ്ങനെ അവർ ഇരുവരും യാത്ര തുടർന്നു.

2 രാജാക്കന്മാർ 2:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുവാനുള്ള സമയമായി. ഏലീയാവ് എലീശയോടു കൂടെ ഗിൽഗാലിൽനിന്നു യാത്ര പുറപ്പെട്ടു. ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. എലീശാ അവനോട്: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിക്കുവിൻ” എന്നു പറഞ്ഞു. ഏലീയാവ് എലീശയോട്: “നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ യെരിഹോവിലേക്ക് പോയി. യെരീഹോവിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്ന് അവനോട്: “യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ?” എന്നു ചോദിച്ചു. അതിന് അവൻ: “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്നു പറഞ്ഞു. ഏലീയാവ് അവനോട്: “നീ ഇവിടെ താമസിച്ചുകൊള്ളുക; യഹോവ എന്നെ യോർദ്ദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിട്ടുപിരിയുകയില്ല” എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരും യോർദാനിലേക്ക് പോയി.

2 രാജാക്കന്മാർ 2:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു. ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചുകൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി. ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി. യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.

2 രാജാക്കന്മാർ 2:1-6 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ ഏലിയാവിനെ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കുന്നതിനു തൊട്ടുമുമ്പേ ഏലിയാവും എലീശയും ഗിൽഗാലിൽനിന്ന് യാത്രചെയ്യുകയായിരുന്നു. “നീ ഇവിടെത്തന്നെ താമസിക്കുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു,” എന്ന് ഏലിയാവ് എലീശയോടു പറഞ്ഞു. എന്നാൽ, എലീശാ അദ്ദേഹത്തോട്: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല” എന്നു മറുപടി പറഞ്ഞു. അങ്ങനെ, അവർ ഇരുവരും ബേഥേലിലേക്കു യാത്രപുറപ്പെട്ടു. ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്നു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം; നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് എലീശാ മറുപടി പറഞ്ഞു. പിന്നെ, ഏലിയാവ് എലീശയോട്: “എലീശേ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ എലീശാ പറഞ്ഞു: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല.” അങ്ങനെ, അവർ യെരീഹോവിലേക്കു യാത്രതുടർന്നു. യെരീഹോവിലെ പ്രവാചകഗണം എലീശയെ സമീപിച്ചു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം. നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.