2 യോഹന്നാൻ 1:9-13
2 യോഹന്നാൻ 1:9-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്. അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്: എങ്കിലും കടലാസിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണമാകേണ്ടതിനു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:9-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തുവിന്റെ പ്രബോധനത്തിൽ വേരൂന്നി നില്ക്കാതെ മുന്നോട്ടു പോകുന്നവൻ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനില്ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും. ഈ പ്രബോധനവും കൊണ്ടല്ലാതെ വരുന്ന ഒരുവനെ വീട്ടിൽ സ്വീകരിക്കുകയോ, അഭിവന്ദനം ചെയ്യുകയോ അരുത്. അവനെ ഉപചാരപൂർവം സ്വീകരിച്ചാൽ അവന്റെ ദുഷ്പ്രവൃത്തിയിൽ പങ്കുചേരുകയാണല്ലോ ചെയ്യുന്നത്. നിങ്ങൾക്കു വളരെയധികം എഴുതുവാനുണ്ടെങ്കിലും, കടലാസും മഷിയും ഉപയോഗിച്ച് എഴുതുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ആനന്ദം പൂർണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് അഭിമുഖം സംസാരിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു. നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാന്യസഹോദരിയുടെ മക്കൾ നിങ്ങൾക്കു വന്ദനം പറയുന്നു.
2 യോഹന്നാൻ 1:9-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും വന്ദനം ചെയ്യുകയും അരുത്. അവനെ വന്ദനം ചെയ്യുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ. നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിക്കുവാൻ ആശിക്കുന്നു. നിന്റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്കു വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:9-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:9-13 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിനെ മറികടക്കുന്നവനു ദൈവമില്ല. എന്നാൽ, ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ, അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയോ നമസ്കാരംപറഞ്ഞ് കുശലപ്രശ്നംചെയ്യുകയോ അരുത്. അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയാണ്. നിങ്ങൾക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും കടലാസും മഷിയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയോ, നമ്മുടെ ആനന്ദം പൂർണമാകേണ്ടതിനു നിങ്ങളെ സന്ദർശിച്ചു മുഖാമുഖമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്കളുടെ, തെരഞ്ഞെടുക്കപ്പെട്ടവളായ സഹോദരിയുടെ മക്കൾ താങ്കളെ അഭിവാദനംചെയ്യുന്നു.