2 യോഹന്നാൻ 1:1-13
2 യോഹന്നാൻ 1:1-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം ഞാൻ മാത്രമല്ല, സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായികയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ. നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ട് അത്യന്തം സന്തോഷിച്ചു. ഇനി നായികയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്ക് ഉള്ളതായിട്ടുതന്നെ ഞാൻ അവിടത്തേക്ക് എഴുതി അപേക്ഷിക്കുന്നു. നാം അവന്റെ കല്പനകളെ അനുസരിച്ച് നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണപ്രതിഫലം പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഒരുത്തൻ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്. അവനു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്: എങ്കിലും കടലാസിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണമാകേണ്ടതിനു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:1-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിരഞ്ഞെടുക്കപ്പെട്ട മാന്യമഹതിക്കും, അവരുടെ മക്കൾക്കും, സഭാമുഖ്യനായ ഞാൻ എഴുതുന്നത്: നിങ്ങളെ ഞാൻ മാത്രമല്ല സത്യത്തെ അറിയുന്ന എല്ലാവരും യഥാർഥമായി സ്നേഹിക്കുന്നു. നമ്മിൽ വസിക്കുന്നതും നമ്മോടുകൂടി എന്നേക്കും ഉണ്ടായിരിക്കുന്നതുമായ സത്യത്തെ മുൻനിറുത്തിയാണ് ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നത്. പിതാവായ ദൈവത്തിൽനിന്നും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിൽനിന്നും കൃപയും കരുണയും സമാധാനവും സത്യത്തോടും സ്നേഹത്തോടുമൊപ്പം നമ്മോടുകൂടി ഉണ്ടായിരിക്കട്ടെ. പിതാവു കല്പിച്ചിരിക്കുന്നതുപോലെ നിങ്ങളുടെ മക്കളിൽ ചിലർ സത്യത്തെ പിന്തുടരുന്നതുകൊണ്ട് ഞാൻ അത്യന്തം ആനന്ദിച്ചു. അല്ലയോ മഹതീ, നമ്മളെല്ലാവരും അന്യോന്യം സ്നേഹിക്കണം എന്നു ഞാൻ അഭ്യർഥിക്കുന്നു. ഒരു പുതിയ കല്പനയായിട്ടല്ല ഞാൻ എഴുതുന്നത്. ഇത് ആദിമുതലുള്ള കല്പനയാണ്. നാം അവിടുത്തെ കല്പനകൾ അനുസരിച്ചു നടക്കുന്നതുതന്നെ സ്നേഹമാകുന്നു. ആദിമുതൽ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ സ്നേഹത്തിൽ വ്യാപരിക്കണം എന്നതാണു ദൈവത്തിന്റെ കല്പന. യേശുക്രിസ്തു മനുഷ്യനായി വന്നു എന്നു സമ്മതിക്കാത്ത വഞ്ചകർ ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവൻ വഞ്ചകനും ക്രിസ്തുവൈരിയുമാകുന്നു. നിങ്ങൾ ഏതൊന്നിനുവേണ്ടി പ്രയത്നിച്ചുവോ ആ പ്രയത്നം വിഫലമാകാതെ പൂർണപ്രതിഫലം ലഭിക്കേണ്ടതിനു സൂക്ഷിച്ചുകൊള്ളുക. ക്രിസ്തുവിന്റെ പ്രബോധനത്തിൽ വേരൂന്നി നില്‌ക്കാതെ മുന്നോട്ടു പോകുന്നവൻ ദൈവം ഉള്ളവനല്ല. ക്രിസ്തുവിന്റെ പ്രബോധനത്തിൽ നിലനില്‌ക്കുന്നവന് പിതാവും പുത്രനും ഉണ്ടായിരിക്കും. ഈ പ്രബോധനവും കൊണ്ടല്ലാതെ വരുന്ന ഒരുവനെ വീട്ടിൽ സ്വീകരിക്കുകയോ, അഭിവന്ദനം ചെയ്യുകയോ അരുത്. അവനെ ഉപചാരപൂർവം സ്വീകരിച്ചാൽ അവന്റെ ദുഷ്പ്രവൃത്തിയിൽ പങ്കുചേരുകയാണല്ലോ ചെയ്യുന്നത്. നിങ്ങൾക്കു വളരെയധികം എഴുതുവാനുണ്ടെങ്കിലും, കടലാസും മഷിയും ഉപയോഗിച്ച് എഴുതുവാനല്ല ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ആനന്ദം പൂർണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് അഭിമുഖം സംസാരിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു. നിങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട മാന്യസഹോദരിയുടെ മക്കൾ നിങ്ങൾക്കു വന്ദനം പറയുന്നു.
2 യോഹന്നാൻ 1:1-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും, ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട വനിതയ്ക്കും അവളുടെ മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നത്: പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽ നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമുക്ക് ഉണ്ടാകുമാറാകട്ടെ. നമുക്ക് പിതാവിങ്കൽനിന്ന് കല്പന ലഭിച്ചതുപോലെ നിന്‍റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നത് ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു. ഇപ്പോഴോ വനിതയേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു ഞാൻ അപേക്ഷിക്കുന്നു; അത് പുതിയ കല്പനയായല്ല, എന്നാൽ ആദിമുതൽ നമുക്ക് ഉണ്ടായിരുന്നതു തന്നെ ഞാൻ നിനക്കു എഴുതുന്നു. നാം അവന്റെ കല്പനകളെ അനുസരിച്ചു നടക്കുന്നതു തന്നെ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ സ്നേഹത്തിൽ നടക്കേണം എന്നുള്ളതാണ് ഈ കല്പന. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം നഷ്ടപ്പെടുത്താതെ നിങ്ങൾ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുവിൻ. ക്രിസ്തുവിന്‍റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്നവന് ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഈ ഉപദേശവും കൊണ്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയും വന്ദനം ചെയ്യുകയും അരുത്. അവനെ വന്ദനം ചെയ്യുന്നവൻ അവന്‍റെ ദുഷ്പ്രവൃത്തികളിൽ പങ്കാളിയല്ലോ. നിങ്ങൾക്ക് എഴുതുവാൻ പലതും ഉണ്ട്; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്ക് മനസ്സില്ല. എന്നാൽ നമ്മുടെ സന്തോഷം പൂർണ്ണമാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വന്ന് മുഖാമുഖമായി സംസാരിക്കുവാൻ ആശിക്കുന്നു. നിന്‍റെ തിരഞ്ഞെടുക്കപ്പെട്ട സഹോദരിയുടെ മക്കൾ നിനക്കു വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:1-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ. നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു. ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു. നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ. യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു. അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
2 യോഹന്നാൻ 1:1-13 സമകാലിക മലയാളവിവർത്തനം (MCV)
സഭാമുഖ്യനായ ഞാൻ, നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം, ഞാൻമാത്രമല്ല, സത്യത്തെ അറിയുന്ന എല്ലാവരും സത്യമായി സ്നേഹിക്കുന്ന ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട മാന്യവനിതയ്ക്കും അവരുടെ മക്കൾക്കും എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിൽനിന്നും സത്യത്തിലും സ്നേഹത്തിലും കൃപയും കരുണയും സമാധാനവും നമ്മോടുകൂടെ ഉണ്ടാകുമാറാകട്ടെ. പിതാവു നമ്മോടു സത്യത്തിനനുസൃതമായി ജീവിക്കാൻ കൽപ്പിച്ചതുപോലെതന്നെ, നിന്റെ മക്കളിൽ ചിലർ ജീവിക്കുന്നതു കണ്ടു ഞാൻ ഏറ്റവുമധികം ആനന്ദിച്ചു. പ്രിയവനിതേ, ഞാൻ ഒരു പുതിയ കൽപ്പനയല്ല, നമുക്ക് ആദ്യംമുതലേ ലഭിച്ചിരുന്നതുതന്നെയാണ് താങ്കൾക്ക് ഇപ്പോൾ എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന. യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു. പൂർണമായ പ്രതിഫലം നിങ്ങൾക്കു ലഭിക്കുന്നവിധം ഞങ്ങളുടെ അധ്വാനഫലം നിങ്ങൾ നഷ്ടമാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിനെ മറികടക്കുന്നവനു ദൈവമില്ല. എന്നാൽ, ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്. ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ, അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയോ നമസ്കാരംപറഞ്ഞ് കുശലപ്രശ്നംചെയ്യുകയോ അരുത്. അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികളിൽ പങ്കാളിയാണ്. നിങ്ങൾക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും കടലാസും മഷിയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയോ, നമ്മുടെ ആനന്ദം പൂർണമാകേണ്ടതിനു നിങ്ങളെ സന്ദർശിച്ചു മുഖാമുഖമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്കളുടെ, തെരഞ്ഞെടുക്കപ്പെട്ടവളായ സഹോദരിയുടെ മക്കൾ താങ്കളെ അഭിവാദനംചെയ്യുന്നു.