2 കൊരിന്ത്യർ 8:1-5
2 കൊരിന്ത്യർ 8:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താൽപര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി. അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
2 കൊരിന്ത്യർ 8:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, മാസിഡോണിയയിലെ സഭകളിൽ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങൾ നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു. തങ്ങൾക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവർ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം. യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തിൽ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവർ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു. ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു. ഒന്നാമത് അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു; പിന്നീട് അവർ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങൾക്കും സമർപ്പിച്ചു.
2 കൊരിന്ത്യർ 8:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി. അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
2 കൊരിന്ത്യർ 8:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി. അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
2 കൊരിന്ത്യർ 8:1-5 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.