2 കൊരിന്ത്യർ 8:1-24
2 കൊരിന്ത്യർ 8:1-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമവും കൂട്ടായ്മയും സംബന്ധിച്ച് അവർ വളരെ താൽപര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാൻ സാക്ഷി. അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പേ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധർമശേഖരം നിവർത്തിക്കേണം എന്ന് ഞങ്ങൾ അവനോട് അപേക്ഷിച്ചു. എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമകാര്യത്തിലും മുന്തിവരുവിൻ. ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർഥതയും ശോധന ചെയ്യേണ്ടതിനത്രേ പറയുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിനു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്വാൻ മാത്രമല്ല, താൽപര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങൾക്ക് ഇതു യോഗ്യം. എന്നാൽ താൽപര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവനു ദൈവപ്രസാദം ലഭിക്കും. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. നിങ്ങൾക്കുവേണ്ടി തീത്തൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം. അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു. ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു. അത്രയുമല്ല, കർത്താവിന്റെ മഹത്ത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. ഞങ്ങൾ നടത്തിവരുന്ന ഈ ധർമശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു. ഞങ്ങൾ പലതിലും പലപ്പോഴും ശോധന ചെയ്ത് ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ച് ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്ത്വവും തന്നെ. ആകയാൽ നിങ്ങളുടെ സ്നേഹത്തിനും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസയ്ക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.
2 കൊരിന്ത്യർ 8:1-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, മാസിഡോണിയയിലെ സഭകളിൽ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങൾ നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു. തങ്ങൾക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവർ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം. യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തിൽ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവർ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു. ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു. ഒന്നാമത് അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു; പിന്നീട് അവർ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങൾക്കും സമർപ്പിച്ചു. തീത്തോസും നിങ്ങളുടെ ഇടയിൽ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടർന്നു പൂർത്തീകരിക്കുന്നതിൽ നിങ്ങളെ സഹായിക്കുവാൻ അയാളോടുതന്നെ ഞങ്ങൾ അഭ്യർഥിച്ചു. വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങൾ സമ്പന്നരാകുന്നു. അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങൾ മികച്ചുനില്‌ക്കുക. ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാർഥമാണെന്നു മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിവുള്ളതാണല്ലോ; തന്റെ ദാരിദ്ര്യം മുഖേന നിങ്ങൾ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീർന്നു. കഴിഞ്ഞ വർഷം നിങ്ങൾ ആരംഭിച്ച കാര്യം ഇപ്പോൾ പൂർത്തിയാക്കുന്നത് ഉത്തമമായിരിക്കുമെന്നത്രേ എന്റെ അഭിപ്രായം. ഈ സേവനത്തിൽ പ്രയത്നിക്കുവാനും തീരുമാനം ചെയ്യുവാനും മറ്റുള്ളവരെക്കാൾ മുമ്പു നിങ്ങൾ തുടങ്ങിയതാണ്. നേരത്തെ ആസൂത്രണം ചെയ്തിരുന്ന പദ്ധതിയനുസരിച്ച്, അതു പൂർത്തിയാക്കുവാൻ ഇപ്പോൾ നിങ്ങൾ കഴിവനുസരിച്ചു പ്രവർത്തിക്കുക. ആരംഭിക്കുവാൻ നിങ്ങൾ കാണിച്ച ഉത്സാഹം അതു പൂർത്തിയാക്കുന്നതിലും ഉണ്ടായിരിക്കട്ടെ. കഴിവനുസരിച്ച് കൊടുക്കുവാൻ നിങ്ങൾക്കു താത്പര്യമുണ്ടെങ്കിൽ ദൈവം നിങ്ങളുടെ ദാനം കൈക്കൊള്ളും. നിങ്ങൾക്ക് ഇല്ലാത്തത് നിങ്ങൾ കൊടുക്കേണ്ടതില്ല. നിങ്ങളുടെമേൽ ഒരു ഭാരം കെട്ടിവച്ചിട്ടു മറ്റുള്ളവരെ ഒഴിവാക്കുവാനല്ല ഞാൻ ശ്രമിക്കുന്നത്; പിന്നെയോ, ഇപ്പോൾ നിങ്ങൾ സുഭിക്ഷതയിലിരിക്കുന്നതുകൊണ്ട് ദുർഭിക്ഷതയിലിരിക്കുന്നവരെ സഹായിക്കേണ്ടത് ന്യായമാകുന്നു. അങ്ങനെ ചെയ്താൽ, നിങ്ങൾ ദുർഭിക്ഷതയിലാകുകയും അവർ സുഭിക്ഷതയിലിരിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ സഹായിക്കും. ഇങ്ങനെ തുല്യനില പാലിക്കാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അധികം സമ്പാദിച്ചവന് അധികം ഉണ്ടായില്ല, കുറച്ചു സമ്പാദിച്ചവനു കുറവും ഉണ്ടായില്ല.’ നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങളെപ്പോലെതന്നെ തീത്തോസിനെയും തത്പരനാക്കിയ ദൈവത്തിനു സ്തോത്രം! ഞങ്ങളുടെ അപേക്ഷ അയാൾ സ്വീകരിക്കുക മാത്രമല്ല, നിങ്ങളെ സഹായിക്കുന്നതിനുള്ള അത്യുത്സാഹംകൊണ്ട് അയാൾ സ്വമനസ്സാലേ അങ്ങോട്ടു പുറപ്പെടുവാൻ നിശ്ചയിക്കുകയും ചെയ്തു. സുവിശേഷം പ്രസംഗിക്കുന്നതിൽ എല്ലാ സഭകളും ബഹുമാനിക്കുന്ന ഒരു സഹോദരനെക്കൂടി തീത്തോസിന്റെകൂടെ ഞങ്ങൾ അയയ്‍ക്കുന്നു. സഹായിക്കുന്നതിനുള്ള നമ്മുടെ സന്നദ്ധത വെളിപ്പെടുത്തുന്ന സ്നേഹത്തിന്റെ ശുശ്രൂഷ കർത്താവിന്റെ മഹത്ത്വത്തിനായി നിർവഹിക്കുവാൻ ഞങ്ങളോടുകൂടി സഞ്ചരിക്കുന്നതിന്, സഭകൾ അയാളെ നിയോഗിച്ചിരിക്കുന്നു. ഉദാരമായ ഈ സംഭാവന കൈകാര്യം ചെയ്യുന്നതിൽ ഞങ്ങൾക്കെതിരെ പരാതി ഉണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കർത്താവിന്റെ മുമ്പിൽ മാത്രമല്ല, മനുഷ്യന്റെ മുമ്പിലും മാന്യമായതു ചെയ്യണമെന്നാണു ഞങ്ങളുടെ ഉദ്ദേശ്യം. അതുകൊണ്ട് ഞങ്ങളുടെ സഹോദരനെ അവരോടുകൂടി അയയ്‍ക്കുന്നു; അയാൾ വളരെയധികം ഉത്സാഹമുള്ളവനാണെന്നു പലപ്പോഴും പലവിധ പരീക്ഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. നിങ്ങളിൽ അയാൾക്ക് ഉറപ്പുള്ളതുകൊണ്ട് ഇക്കാര്യത്തിൽ അയാൾ അത്യുത്സാഹിയാണ്. തീത്തോസിനെക്കുറിച്ചു പറഞ്ഞാൽ, നിങ്ങളുടെ ഇടയിലെ സേവനത്തിൽ എന്റെകൂടെ പ്രവർത്തിച്ച എന്റെ സഹകാരിയാണ് അയാൾ; അയാളുടെകൂടെ വരുന്ന രണ്ടു സഹോദരന്മാരാകട്ടെ, സഭകളെ പ്രതിനിധാനം ചെയ്യുന്നവരും ക്രിസ്തുവിനു മഹത്ത്വം കൈവരുത്തുന്നവരുമാകുന്നു. നിങ്ങളെ സംബന്ധിച്ചുള്ള ഞങ്ങളുടെ പ്രശംസ ശരിയാണെന്ന് എല്ലാ സഭകൾക്കും ബോധ്യമാകത്തക്കവണ്ണം അവരോടു സ്നേഹപൂർവം നിങ്ങൾ വർത്തിക്കണം.
2 കൊരിന്ത്യർ 8:1-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, മക്കെദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപയെക്കുറിച്ച് നിങ്ങൾ അറിയേണം എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതയുടെ കഠിന ശോധനയിലും അവരുടെ സന്തോഷബഹുത്വവും മഹാദാരിദ്ര്യവും ഔദാര്യതയുടെ സമൃദ്ധിയിൽ കവിഞ്ഞൊഴുകി. അവർ പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമനസ്സാലെ കൊടുത്തു എന്നതിന് ഞാൻ സാക്ഷി. വിശുദ്ധന്മാരുടെ ശുശ്രൂഷാസഹായത്തിനായുള്ള കൂട്ടായ്മയിൽ അവസരം ലഭിക്കേണ്ടതിന് അവർ വളരെ താല്പര്യത്തോടെ ഞങ്ങളോട് അപേക്ഷിച്ചു. അതും ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നെ കർത്താവിനും പിന്നെ ദൈവഹിതത്തിനൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ, നിങ്ങളുടെ ഇടയിൽ ഈ കൃപയുടെ പ്രവൃത്തി നിവർത്തിക്കേണം എന്നു ഞങ്ങൾ അവനെ പ്രോത്സാഹിപ്പിച്ചു. എന്നാൽ വിശ്വാസത്തിലും, വാക്കിലും, അറിവിലും, സകല ഉത്സാഹത്തിലും, ഞങ്ങളോടുള്ള സ്നേഹത്തിലും ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ ശ്രേഷ്ഠരായിരിക്കുന്നതുപോലെ ഈ കൃപയുടെ പ്രവൃത്തിയിലും ശ്രേഷ്ഠരാകുവിൻ. ഞാൻ ഇത് കല്പനയായിട്ടല്ല, നിങ്ങളുടെ സ്നേഹത്തിൻ്റെ പരമാർത്ഥത, മറ്റുള്ളവരുടെ ഉത്സാഹത്താൽ തെളിയിക്കപ്പെടേണ്ടതിനത്രേ പറയുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും, അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്, നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്റെ അഭിപ്രായം പറയുന്നു; പ്രവർത്തിക്കുവാൻ മാത്രമല്ല, താൽപ്പര്യപ്പെടുവാനും കൂടെ ഒരു വർഷം മുമ്പെ തന്നെ ആദ്യമായി തുടങ്ങിയ നിങ്ങൾക്ക് അത് പ്രയോജനകരം. എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം പൂർത്തീകരണം ഉണ്ടാകേണ്ടതിന് ഇപ്പോൾ ഇത് പ്രവൃത്തിക്കുവിൻ. ഒരുവന് മനസ്സൊരുക്കം ഉണ്ടെങ്കിൽ തനിക്കു ഇല്ലാത്തതനുസരിച്ചല്ല, തനിക്കുള്ളതനുസരിച്ച് കൊടുത്താൽ അത് പ്രസാദകരം ആയിരിക്കും. മറ്റുള്ളവർ ആശ്വസിക്കേണ്ടതിനും നിങ്ങൾ ഭാരപ്പെടേണ്ടതിനും അല്ല, തുല്യതയ്ക്കു വേണ്ടിയത്രേ. തുല്യത ഉണ്ടാകുവാൻ തക്കവണ്ണം, അവരുടെ സമൃദ്ധി നിങ്ങളുടെ ഇല്ലായ്മയ്ക്ക് ഉതകേണ്ടതിന്, ഇക്കാലത്തുള്ള നിങ്ങളുടെ സമൃദ്ധി അവരുടെ ഇല്ലായ്മയ്ക്ക് ഉതകട്ടെ. “ഏറെ പെറുക്കിയവന് ഏറെയും കുറച്ചു പെറുക്കിയവന് കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. നിങ്ങൾക്കുവേണ്ടി തീത്തൊസിന്റെ ഹൃദയത്തിലും ഇതേ ഉത്സാഹം നല്കിയ ദൈവത്തിന് സ്തോത്രം. എന്തെന്നാൽ, അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമനസ്സാലെ നിങ്ങളുടെ അടുക്കലേക്ക് പുറപ്പെട്ടു. ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും വ്യാപിച്ചിരിക്കുന്നു, അതുമാത്രമല്ല, കർത്താവിന്‍റെ മഹത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിക്കുവാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ കൃപയുടെ പ്രവൃത്തിയിൽ അവൻ ഞങ്ങൾക്ക് കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. ഞങ്ങൾ നടത്തിവരുന്ന ഈ ഉദാരമായ സംഭാവനയുടെ കാര്യത്തിൽ, ആരും ഞങ്ങളെ അപവാദം പറയാതിരിക്കുവാൻ, ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻകരുതുന്നു. ഞങ്ങൾ പലപ്പോഴും ശോധനചെയ്ത്, പലതിലും ഉത്സാഹിയായി കണ്ടും, ഇപ്പോഴോ തനിക്കു നിങ്ങളിലുള്ള വലിയ ആത്മവിശ്വാസം നിമിത്തം അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. തീത്തൊസ് എനിക്ക് കൂട്ടാളിയും നിങ്ങൾക്ക് കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന് മഹത്വവും തന്നെ. ആകയാൽ നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളെച്ചൊല്ലി ഞങ്ങളുടെ പ്രശംസയ്ക്കും ഉള്ള തെളിവ് സഭകൾ കാൺകെ അവർക്ക് കാണിച്ചുകൊടുക്കുവിൻ.
2 കൊരിന്ത്യർ 8:1-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു. കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായിത്തീർന്നു. വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധർമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പര്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി. അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കർത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു. അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധർമ്മശേഖരം നിവർത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു. എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂർണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധർമ്മകാര്യത്തിലും മുന്തിവരുവിൻ. ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാർത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ. ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്വാൻ മാത്രമല്ല, താല്പര്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം. എന്നാൽ താല്പര്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ. ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും. മറ്റുള്ളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ. “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം. അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു. ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു. അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാര്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു. ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു ഞങ്ങൾ കർത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു. ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു. തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ. ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവർക്കു കാണിച്ചുകൊടുപ്പിൻ.
2 കൊരിന്ത്യർ 8:1-24 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി. തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി. വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു. ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു. അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു. വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം. ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്. ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും. ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും. നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും. “കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ. നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം. തീത്തോസ് ഞങ്ങളുടെ അഭ്യർഥന സ്വീകരിച്ചെന്നുമാത്രമല്ല, വളരെ ഉത്സാഹത്തോടെ, ബാഹ്യസമ്മർദമൊന്നും കൂടാതെതന്നെയാണ് നിങ്ങളുടെ അടുത്തേക്കു വരുന്നത്. ഞങ്ങൾ അയാളോടൊപ്പം മറ്റൊരു സഹോദരനെയും അയയ്ക്കുന്നു. ആ സഹോദരൻ സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയാൽ സകലസഭയുടെയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ളയാളാണ്. തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം. ഞങ്ങളുടെ കൈയിൽ വന്നുചേരുന്ന ഉദാരമായ സംഭാവന കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരാക്ഷേപവും ഉണ്ടാകരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കർത്തൃസന്നിധിയിൽമാത്രമല്ല മനുഷ്യരുടെമുമ്പാകെയും യോഗ്യമായതുമാത്രമേ ചെയ്യുകയുള്ളൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്. പല കാര്യങ്ങളിലും ജാഗ്രതയുള്ളവനെന്നു ഞങ്ങൾ പലപ്പോഴും പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ സഹോദരനെയും അവരോടൊപ്പം അയയ്ക്കുന്നു. അദ്ദേഹത്തിനു നിങ്ങളിലുള്ള വിശ്വാസംമൂലം ഇപ്പോൾ അദ്ദേഹം കൂടുതൽ ഉത്സാഹിയാണ്. തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്. അതുകൊണ്ട്, ഈ ആളുകളോടു നിങ്ങൾക്കുള്ള സ്നേഹവും നിങ്ങളിൽ ഞങ്ങൾക്കുള്ള അഭിമാനവും സഭകളുടെമുമ്പിൽ തെളിയിച്ചുകൊടുക്കുക.