2 കൊരിന്ത്യർ 5:1-4

2 കൊരിന്ത്യർ 5:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങൾ വസിക്കുന്ന കൂടാരമാകുന്ന ഈ ഭൗമികശരീരം പൊളിഞ്ഞുപോകുമ്പോൾ, ഞങ്ങൾക്കു വസിക്കുന്നതിന് സ്വർഗത്തിൽ ഒരു ഭവനം ദൈവം നല്‌കും. മനുഷ്യകരങ്ങളല്ല, ദൈവംതന്നെ നിർമിച്ച ആ വാസസ്ഥലം അനശ്വരമാകുന്നു. ഇപ്പോഴത്തെ ഈ ശരീരത്തിൽ ഞങ്ങൾ ഞരങ്ങിക്കൊണ്ടിരിക്കുന്നു; സ്വർഗീയമായ പാർപ്പിടം ധരിക്കുവാൻ ഞങ്ങൾ അഭിവാഞ്ഛിക്കുന്നു. അതു ധരിക്കുമ്പോൾ ഞങ്ങൾ ശരീരം ഇല്ലാത്തവരായിരിക്കുകയില്ല. ഭൗമികമായ ഈ കൂടാരത്തിൽ വസിക്കുമ്പോൾ ഞങ്ങൾ ഭാരപ്പെട്ടു ഞരങ്ങുന്നു; ഈ ശരീരം ഇല്ലാതിരിക്കുവാനല്ല, ഇതിനുമീതെ സ്വർഗീയമായത് ധരിക്കുവാനത്രേ ഞങ്ങൾ ആഗ്രഹിക്കുന്നത്; അങ്ങനെ ഈ മർത്യശരീരം ജീവനുള്ള ശരീരമായി രൂപാന്തരപ്പെടും.

2 കൊരിന്ത്യർ 5:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കൂടാരമെന്ന നമ്മുടെ ഭൗമഭവനം നശിച്ചുപോയാൽ കൈകളാൽ പണിതിട്ടില്ലാത്ത ദൈവത്തിന്‍റെ ഒരു ഭവനം നമുക്ക് നിത്യമായി, സ്വർഗ്ഗത്തിൽ ഉണ്ടെന്ന് നാം അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ട് സ്വർഗ്ഗീയമായ ഭവനം ധരിക്കുവാൻ ഞങ്ങൾ വാഞ്ചിക്കുന്നു. അങ്ങനെ ധരിക്കുന്നതുകൊണ്ട് ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ലല്ലോ. ഈ കൂടാരത്തിൽ ഇരിക്കുന്ന ഞങ്ങൾ ഭാരപ്പെട്ട് ഞരങ്ങുന്നു; മർത്യത ജീവനാൽ നീങ്ങിപ്പോകേണ്ടതിന്, നാം നഗ്നരായിത്തീരും എന്നുള്ളതുകൊണ്ടല്ല, പിന്നെയോ വസ്ത്രം ധരിക്കപ്പെടും എന്നുള്ളതുകൊണ്ട് തന്നെ.

2 കൊരിന്ത്യർ 5:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. ഈ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു എങ്കിൽ സ്വർഗ്ഗീയമായ ഞങ്ങളുടെ പാർപ്പിടം അതിന്നു മീതെ ധരിപ്പാൻ വാഞ്ഛിക്കുന്നു. ഉരിവാനല്ല മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിന്നു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.

2 കൊരിന്ത്യർ 5:1-4 സമകാലിക മലയാളവിവർത്തനം (MCV)

നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു. ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു. ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല. അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.