2 കൊരിന്ത്യർ 4:5-10

2 കൊരിന്ത്യർ 4:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്. ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

2 കൊരിന്ത്യർ 4:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യേശുക്രിസ്തുവിനെ കർത്താവായും യേശുവിനെ പ്രതി ഞങ്ങളെ നിങ്ങളുടെ ദാസന്മാരായും വിളംബരം ചെയ്യുന്നു. ‘അന്ധകാരത്തിൽനിന്നു പ്രകാശം ഉദിക്കും’ എന്ന് അരുൾചെയ്ത ദൈവം തന്നെയാണ്, ക്രിസ്തുവിന്റെ മുഖത്തു ശോഭിക്കുന്ന ദൈവതേജസ്സിന്റെ പരിജ്ഞാനം നമുക്കു നല്‌കുന്നതിന് അവിടുത്തെ വെളിച്ചം നമ്മുടെ ഹൃദയത്തിൽ പ്രകാശിപ്പിച്ചത്. എന്നിരുന്നാലും പരമാധികാരം ഞങ്ങൾക്കുള്ളതല്ല ദൈവത്തിനുള്ളതാണ് എന്നു വെളിപ്പെടുത്തുമാറ് ആധ്യാത്മികമായ ഈ നിധി കൈവശമുള്ള ഞങ്ങൾ കേവലം മൺപാത്രംപോലെയാകുന്നു. എല്ലാവിധത്തിലുമുള്ള ഉപദ്രവങ്ങൾ ഞങ്ങൾക്കുണ്ടാകുന്നുണ്ട്. എങ്കിലും വഴിമുട്ടിപ്പോകുന്നില്ല; ആശങ്കയുണ്ടാകുന്നെങ്കിലും ഒരിക്കലും ഭഗ്നാശരാകുന്നില്ല; ധാരാളം ശത്രുക്കളുണ്ടെങ്കിലും ഒരിക്കലും മിത്രങ്ങളാൽ പരിത്യക്തരാകുന്നില്ല. വല്ലാതെ പീഡിപ്പിക്കപ്പെട്ടുവെങ്കിലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല. ഞങ്ങൾ മർത്യശരീരത്തിൽ യേശുവിന്റെ മരണം സദാ വഹിക്കുന്നു. അവിടുത്തെ ജീവനും ഞങ്ങളുടെ ശരീരത്തിൽ പ്രകാശിക്കണമല്ലോ.

2 കൊരിന്ത്യർ 4:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കർത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നത്. എന്തെന്നാൽ, ഇരുളിൽ നിന്നും വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തുള്ള ദൈവതേജസ്സിൻ്റെ പരിജ്ഞാനത്തിന്‍റെ വെളിച്ചം തരേണ്ടതിന്, ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെതത്രേ എന്നു വരേണ്ടതിന്, ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഞെരുങ്ങിപ്പോകുന്നില്ല; കുഴങ്ങിയിരിക്കുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; അടിയേറ്റ് വീണവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന് യേശുവിന്‍റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

2 കൊരിന്ത്യർ 4:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കർത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാർ എന്നും അത്രേ ഞങ്ങൾ പ്രസംഗിക്കുന്നതു. ഇരുട്ടിൽ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു. ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല; യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തിൽ എപ്പോഴും വഹിക്കുന്നു.

2 കൊരിന്ത്യർ 4:5-10 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്. “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്. എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല. പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല. യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു.