2 കൊരിന്ത്യർ 13:5-14
2 കൊരിന്ത്യർ 13:5-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നെ ശോധനചെയ്‍വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ? ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്ന് നിങ്ങൾ അറിയും എന്ന് ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങൾ പ്രാർഥിക്കുന്നു. അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു. തീർച്ചയ്ക്ക്, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്വിൻ. വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 കൊരിന്ത്യർ 13:5-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങൾ അറിയുന്നില്ലേ? -ഇല്ലെങ്കിൽ നിങ്ങൾ പൂർണമായും പരാജയമടഞ്ഞിരിക്കുന്നു. ഞങ്ങൾ പരാജയപ്പെട്ടില്ലെന്നു നിങ്ങൾക്കറിയാം എന്നാണ് എന്റെ വിശ്വാസം. നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങളുടെ ജീവിതം ഒരു വിജയമാണെന്നു കാണിക്കേണ്ടതിനല്ല അപ്രകാരം ചെയ്യുന്നത്. ഞങ്ങളുടെ ജീവിതം പരാജയമാണെന്നു തോന്നിയാൽത്തന്നെയും, നിങ്ങൾ നന്മ പ്രവർത്തിക്കണം. സത്യത്തിനുവേണ്ടിയല്ലാതെ അതിനു വിരുദ്ധമായി ഒന്നും ചെയ്യുവാൻ ഞങ്ങൾക്കു സാധ്യമല്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരുമാകുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ പൂർണത പ്രാപിക്കുവാൻ ഞങ്ങൾ പ്രാർഥിക്കുന്നു. അതുകൊണ്ടാണ് ദൂരെയിരുന്നുകൊണ്ട് ഞാൻ ഇതെഴുതുന്നത്; ഞാൻ വരുമ്പോൾ കർത്താവ് എനിക്കു നല്‌കിയിരിക്കുന്ന അധികാരമുപയോഗിച്ച് നിങ്ങളോട് കർക്കശമായി പെരുമാറുവാൻ ഇടയാകരുതല്ലോ. എനിക്കു നല്‌കപ്പെട്ടിരിക്കുന്ന അധികാരം ഇടിച്ചു നിരത്തുവാനുള്ളതല്ല, പടുത്തുയർത്തുവാനുള്ളതാകുന്നു. എന്റെ സഹോദരരേ, നിങ്ങൾക്കു വന്ദനം! പൂർണതയിലെത്തുവാൻ പരിശ്രമിക്കുക; എന്റെ അഭ്യർഥനകൾ നിങ്ങൾ ശ്രദ്ധിക്കുകയും വേണം. ഏക മനസ്സുള്ളവരായിരിക്കുക; സമാധാനമായി ജീവിക്കുക. എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടിയിരിക്കും. വിശുദ്ധ ചുംബനംകൊണ്ട് പരസ്പരം അഭിവാദനം ചെയ്യുക. നിങ്ങൾക്ക് എല്ലാ ദൈവജനങ്ങളുടെയും അഭിവാദനങ്ങൾ! കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ.
2 കൊരിന്ത്യർ 13:5-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിക്കുവിൻ; നിങ്ങളെത്തന്നെ പരിശോധിക്കുവിൻ. നിങ്ങൾ അയോഗ്യരായി തെളിയുന്നില്ല എന്നു വരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങൾ നിങ്ങളെക്കുറിച്ച് തിരിച്ചറിയുന്നില്ലയോ? എന്നാൽ ഞങ്ങൾ അയോഗ്യരായി തെളിഞ്ഞില്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു; ഞങ്ങൾ യോഗ്യരായി തോന്നേണ്ടതിനല്ല, ഞങ്ങൾ അയോഗ്യർ എന്നപോലെ ഇരുന്നാലും, നിങ്ങൾ നന്മ ചെയ്യേണ്ടതിനത്രേ. സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിന് പ്രതികൂലമായി ഞങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങൾ തികഞ്ഞവരാകേണ്ടതിന് തന്നെ ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതുനിമിത്തം ഞാൻ വരുമ്പോൾ ഇടിച്ചുകളയുവാനല്ല, പണിയുവാനായിത്തന്നെ കർത്താവ് തന്ന അധികാരത്തിന് ഒത്തവണ്ണം, പരുഷമായി പെരുമാറാതിരിക്കേണ്ടതിന് ദൂരത്തുനിന്ന് ഇത് എഴുതുന്നു. ഒടുവിൽ സഹോദരന്മാരേ, സന്തോഷിക്കുവിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊള്ളുവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിക്കുവിൻ; സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്യുവിൻ. വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 കൊരിന്ത്യർ 13:5-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ? ഞങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു നിങ്ങൾ അറിയും എന്നു ഞാൻ ആശിക്കുന്നു. നിങ്ങൾ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിന്നു ഞങ്ങൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു; ഞങ്ങൾ കൊള്ളാകുന്നവരായി തോന്നേണ്ടതിന്നല്ല, ഞങ്ങൾ കൊള്ളരുതാത്തവർ എന്നപോലെ ഇരുന്നാലും നിങ്ങൾ നന്മ ചെയ്യേണ്ടതിന്നത്രേ. സത്യത്തിന്നു അനുകൂലമല്ലാതെ സത്യത്തിന്നു പ്രതികൂലമായി ഞങ്ങൾക്കു ഒന്നും കഴിവില്ലല്ലോ. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിന്നായി തന്നേ ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതുനിമിത്തം ഞാൻ വന്നെത്തിയാൽ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു തന്ന അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിന്നു ദൂരത്തുനിന്നു ഇതു എഴുതുന്നു. തീർച്ചെക്കു, സഹോദരന്മാരേ, സന്തോഷിപ്പിൻ; യഥാസ്ഥാനപ്പെടുവിൻ; ആശ്വസിച്ചുകൊൾവിൻ; ഏകമനസ്സുള്ളവരാകുവിൻ; സമാധാനത്തോടെ ഇരിപ്പിൻ; എന്നാൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും. വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ. വിശുദ്ധന്മാർ എല്ലാവരും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
2 കൊരിന്ത്യർ 13:5-14 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന. സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല. ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു. കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്. എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക. ഇവിടെയുള്ള സകലവിശുദ്ധരും നിങ്ങളെ അഭിവാദനംചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.