2 കൊരിന്ത്യർ 11:1-4
2 കൊരിന്ത്യർ 11:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളാമായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നത് ആശ്ചര്യം.
2 കൊരിന്ത്യർ 11:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ അല്പമായ ഭോഷത്തം നിങ്ങൾ പൊറുക്കണമെന്നു ഞാൻ താത്പര്യപ്പെടുന്നു. അതേ, നിങ്ങൾ എന്നോടു പൊറുക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ദൈവത്തിനു നിങ്ങളുടെ അവിഭക്തമായ സ്നേഹം വേണമെന്നു നിർബന്ധമുണ്ട്. നിങ്ങളുടെ കാര്യത്തിൽ ആ നിർബന്ധം എനിക്കുമുണ്ട്. ഒരു കന്യകയെ വരനു വാഗ്ദാനം ചെയ്യുന്നതുപോലെ, ക്രിസ്തുവാകുന്ന വരന് നിങ്ങളെ നിർമ്മല വധുവായി ഞാൻ വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പത്തിന്റെ കൗശലോക്തികളാൽ ഹവ്വാ വഞ്ചിക്കപ്പെട്ടതുപോലെ, നിങ്ങളുടെ മനസ്സും ക്രിസ്തുവിനോടുള്ള പൂർണവും നിർമ്മലവുമായ ദൃഢഭക്തി ഉപേക്ഷിച്ച് കലുഷിതമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ഞങ്ങൾ നിങ്ങളോടു പ്രസംഗിക്കാത്ത ഒരു യേശുവിനെപ്പറ്റി ആരെങ്കിലും വന്നു നിങ്ങളോടു പ്രസംഗിച്ചാൽ നിങ്ങൾ സന്തോഷപൂർവം അതു കേൾക്കുന്നു; അതുപോലെതന്നെ ഞങ്ങളിൽനിന്നു നിങ്ങൾക്കു ലഭിച്ച ആത്മാവിൽനിന്നും സുവിശേഷത്തിൽനിന്നും തികച്ചും വിഭിന്നമായ ആത്മാവും സുവിശേഷവും നിങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു.
2 കൊരിന്ത്യർ 11:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
നിങ്ങൾ എന്നിലുള്ള അല്പം ബുദ്ധിശൂന്യത സഹിക്കുമെങ്കിൽ നന്നായിരുന്നു; അതേ, നിങ്ങൾ എന്നെ സഹിച്ചുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ച് ദൈവികതീക്ഷ്ണതയോടെ തീക്ഷ്ണതയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ഞാൻ ക്രിസ്തു എന്ന ഏകഭർത്താവിന് നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കുവാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള പരമാർത്ഥതയും നിർമ്മലതയും വിട്ട് വഴിതെറ്റിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുവൻ വന്ന് ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ, നിങ്ങൾക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും സ്വീകരിക്കുകയോ ചെയ്യുമ്പോൾ, നിങ്ങൾ സഹിക്കുന്നത് ആശ്ചര്യം.
2 കൊരിന്ത്യർ 11:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം.
2 കൊരിന്ത്യർ 11:1-4 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ. ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു. ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ!