2 കൊരിന്ത്യർ 10:1-11

2 കൊരിന്ത്യർ 10:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൗലൊസായ ഞാൻ ക്രിസ്തുവിന്റെ സൗമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുത് എന്ന് അപേക്ഷിക്കുന്നു. ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നെ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമേയുള്ളതു നോക്കുന്നു. താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിനുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്ന് അവൻ പിന്നെയും നിരൂപിക്കട്ടെ. നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവ് ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ച് ഒന്ന് അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്ന് തോന്നരുത്. അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലർ പറയുന്നുവല്ലോ. അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർതന്നെ എന്ന് അങ്ങനത്തവൻ നിരൂപിക്കട്ടെ.

2 കൊരിന്ത്യർ 10:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളോട് അഭിമുഖമായിരിക്കുമ്പോൾ സൗമ്യനായും അകലെ ഇരിക്കുമ്പോൾ കർക്കശനായും ഗണിക്കപ്പെടുന്ന പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയിലും സഹിഷ്ണുതയിലും ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ കർക്കശമായി പെരുമാറാൻ എന്നെ നിർബന്ധിതനാക്കരുതെന്നാണ് എന്റെ അഭ്യർഥന. ഞങ്ങൾ ഭൗതികമായ ലക്ഷ്യങ്ങളെ മുൻനിറുത്തി പ്രവർത്തിക്കുന്നു എന്നു പറയുന്നവരോട് കർക്കശമായിത്തന്നെ പെരുമാറാനുള്ള ധൈര്യം എനിക്കുണ്ടെന്നുള്ളതിനു സംശയമൊന്നുമില്ല. ഞങ്ങൾ ലോകത്തിൽ ജീവിക്കുന്നു എന്നതു വാസ്തവം തന്നെ; എങ്കിലും ലൗകികമായ പോരാട്ടമല്ല ഞങ്ങൾ നടത്തുന്നത്. ഞങ്ങളുടെ പോരാട്ടത്തിനുപയോഗിക്കുന്ന ആയുധങ്ങളും ലൗകികമല്ല. ബലവത്തായ കോട്ടകളെ ഇടിച്ചുനിരത്തുന്ന അതിശക്തമായ ദിവ്യായുധങ്ങളാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. അസത്യജടിലമായ വാദമുഖങ്ങളെ ഞങ്ങൾ തകർക്കും. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിനെതിരെയുള്ള എല്ലാ യുക്ത്യാഭാസങ്ങളെയും ഔദ്ധത്യത്തെയും ഞങ്ങൾ തകർക്കും. എല്ലാ മാനുഷികവിചാരങ്ങളെയും ഞങ്ങൾ കീഴടക്കി ക്രിസ്തുവിനെ അനുസരിക്കുമാറാക്കും. അങ്ങനെ നിങ്ങളുടെ അനുസരണം പരിപൂർണമായെന്നു തെളിയിച്ചശേഷം എല്ലാ അനുസരണക്കേടിനും ശിക്ഷ നല്‌കാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കൺമുമ്പിലുള്ളത് ശ്രദ്ധിക്കുക. താൻ ക്രിസ്തുവിനുള്ളവനാണെന്നു വിചാരിക്കുന്ന ആരെങ്കിലും അവിടെയുണ്ടോ? അവൻ ആയിരിക്കുന്നതുപോലെതന്നെ ഞങ്ങളും ക്രിസ്തുവിനുള്ളവരാണെന്ന് അവൻ ഓർത്തുകൊള്ളട്ടെ. നിങ്ങളെ ഇടിച്ചു കളയുവാനല്ല, പടുത്തുയർത്തുവാനുള്ള അധികാരമാണ് കർത്താവ് ഞങ്ങൾക്ക് നല്‌കിയിരിക്കുന്നത്. ആ അധികാരത്തിൽ ഞാൻ അല്പം അഭിമാനിച്ചാൽപോലും ലജ്ജിതനാകുകയില്ല. കത്തുകൾകൊണ്ട് ഞാൻ നിങ്ങളെ ഭയപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നു വിചാരിക്കരുത്. ‘പൗലൊസിന്റെ വാക്കുകൾ പരുഷവും ശക്തവും ആകുന്നു. എന്നാൽ നേരിൽ കാണുമ്പോൾ അദ്ദേഹം ബലഹീനനും അദ്ദേഹത്തിന്റെ വാക്കുകൾ സാരമില്ലാത്തതുമാണ്’ എന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ ഞങ്ങൾ അകലെ ആയിരിക്കുമ്പോൾ ഞങ്ങളുടെ കത്തുകളിൽ എന്തെഴുതുന്നുവോ അതും, നിങ്ങളോടുകൂടി ആയിരിക്കുമ്പോൾ ഞങ്ങൾ ചെയ്യുന്നതും തമ്മിൽ ഒരു ഭേദവുമുണ്ടായിരിക്കുകയില്ലെന്ന് അങ്ങനെയുള്ളവർ മനസ്സിലാക്കിക്കൊള്ളട്ടെ.

2 കൊരിന്ത്യർ 10:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങളുടെ സമീപെ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ നിങ്ങളോട് ധൈര്യപ്പെടുന്നവനുമായ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്‍റെ സൗമ്യതയാലും ശാന്തതയാലും നിങ്ങളോട് അപേക്ഷിക്കുന്നു. ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു. ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്‍റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ. അവയാൽ ദൈവത്തിന്‍റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു. ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു. താൻ ക്രിസ്തുവിനുള്ളവൻ എന്നു ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ താൻ ക്രിസ്തുവിനുള്ളവൻ ആയിരിക്കുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും തന്നെത്താൻ ഓർത്തുകൊള്ളട്ടെ. നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്നു തോന്നരുത്. എന്തെന്നാൽ അവന്‍റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ. അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്നു അവർ നിരൂപിക്കട്ടെ.

2 കൊരിന്ത്യർ 10:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവൻ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവൻ എന്നുമുള്ള പൗലൊസായ ഞാൻ ക്രിസ്തുവിന്റെ സൗമ്യതയും ശാന്തതയും ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു. ഞങ്ങൾ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്നു നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാൻ ഇടവരരുതു എന്നു അപേക്ഷിക്കുന്നു. ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, നിങ്ങളുടെ അനുസരണം തികഞ്ഞു വരുമ്പോൾ എല്ലാ അനുസരണക്കേടിന്നും പ്രതികാരം ചെയ്‌വാൻ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു. താൻ ക്രിസ്തുവിന്നുള്ളവൻ എന്നു ഒരുത്തൻ ഉറച്ചിരിക്കുന്നു എങ്കിൽ അവൻ ക്രിസ്തുവിന്നുള്ളവൻ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്നു അവൻ പിന്നെയും നിരൂപിക്കട്ടെ. നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കർത്താവു ഞങ്ങൾക്കു തന്ന അധികാരത്തെക്കുറിച്ചു ഒന്നു അധികം പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല. ഞാൻ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്നു തോന്നരുതു. അവന്റെ ലേഖനങ്ങൾ ഘനവും ഊറ്റവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ എന്നു ചിലർ പറയുന്നുവല്ലോ. അകലെയിരിക്കുമ്പോൾ ഞങ്ങൾ ലേഖനങ്ങളാൽ വാക്കിൽ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നേ എന്നു അങ്ങനത്തവൻ നിരൂപിക്കട്ടെ.

2 കൊരിന്ത്യർ 10:1-11 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു: ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്. ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്. പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്. ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു. നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും. നിങ്ങൾ പുറമേയുള്ളവമാത്രമാണോ കാണുന്നത്? ഞാൻ ക്രിസ്തുവിനുള്ളയാൾ എന്ന് ആരെങ്കിലും സ്വയം അഭിമാനിക്കുന്നെങ്കിൽ, ഞങ്ങളും അയാളെപ്പോലെതന്നെ ക്രിസ്തുവിനുള്ളവർ എന്നുകൂടെ മനസ്സിലാക്കണം. നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല. ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്. “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ. എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.