2 കൊരിന്ത്യർ 1:18-22
2 കൊരിന്ത്യർ 1:18-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി. ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നത്രേയുള്ളൂ. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനിൽ ആമേൻ എന്നുംതന്നെ. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
2 കൊരിന്ത്യർ 1:18-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേ സമയം ‘അതേ’ എന്നും ‘അല്ല ’ എന്നും ആയിരുന്നില്ല എന്നുള്ളതിനു സത്യസ്വരൂപനായ ദൈവം സാക്ഷി. ശീലാസും തിമൊഥെയോസും ഞാനും ആരെപ്പറ്റി നിങ്ങളോടു പ്രസംഗിച്ചുവോ, ആ ദൈവപുത്രനായ യേശുക്രിസ്തു ‘അതേ’ എന്നും ‘അല്ല’ എന്നും ഉള്ളവനല്ല. പ്രത്യുത അവിടുന്ന് ദൈവത്തിന്റെ ‘അതേ’ ആകുന്നു. എന്തുകൊണ്ടെന്നാൽ അവിടുന്നാണ് ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങൾക്കുമുള്ള ‘അതേ’. അതുകൊണ്ട് ആ യേശുക്രിസ്തുവിൽകൂടി ദൈവത്തിന്റെ മഹത്ത്വത്തിനായി നാം ആമേൻ പറയുന്നു. ക്രിസ്തുവിനോടു സംയോജിച്ചുള്ള ഞങ്ങളുടെയും നിങ്ങളുടെയും ജീവിതത്തിന് ഉറപ്പു വരുത്തുന്നതും ഞങ്ങളെ വിളിച്ച് അധികാരപ്പെടുത്തിയിരിക്കുന്നതും ദൈവം തന്നെയാണ്. തന്റെ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്ന മുദ്ര അവിടുന്നു നമ്മുടെമേൽ പതിക്കുകയും നമുക്കുവേണ്ടി സംഭരിച്ചിട്ടുള്ള എല്ലാറ്റിന്റെയും ഉറപ്പിലേക്കായി പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്തിരിക്കുന്നു.
2 കൊരിന്ത്യർ 1:18-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം വിശ്വസ്തനായിരിക്കുന്നതുപോലെ, നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല. എന്തെന്നാൽ, ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വ് എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വ് എന്നു മാത്രമേയുള്ളു. ദൈവത്തിന്‍റെ എല്ലാ വാഗ്ദത്തങ്ങളും ക്രിസ്തുവിൽ ഉവ്വ് എന്നത്രേ; അതുകൊണ്ട് ഞങ്ങൾ നിമിത്തം ദൈവത്തിന് മഹത്വം ഉണ്ടാകുമാറ് ക്രിസ്തുവിൽ ആമേൻ എന്നും തന്നെ. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ നിയോഗിച്ചതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും നമ്മുടെ ഉറപ്പിനായി ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
2 കൊരിന്ത്യർ 1:18-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി. ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു. ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
2 കൊരിന്ത്യർ 1:18-22 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല എന്നതിനു വാക്കുമാറാത്ത ദൈവം സാക്ഷിയാണ്. ഞാനും സില്വാനൊസും തിമോത്തിയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ചിലസമയം “ഉവ്വ്” എന്നും മറ്റുചില സമയം “ഇല്ല” എന്നും മാറിക്കൊണ്ടിരിക്കുന്നവൻ ആയിരുന്നില്ല; അവിടത്തേക്ക് എപ്പോഴും “ഉവ്വ്” മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. ദൈവം മനുഷ്യന് എത്രയെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം ക്രിസ്തുവിലൂടെ അവയ്ക്ക് ദൈവമഹത്ത്വത്തിനായി “ആമേൻ” പറയും. ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതും നമ്മെ ദൈവികശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നതും ദൈവംതന്നെ. അവിടന്ന് തന്റെ ഉടമസ്ഥതയുടെ മുദ്ര നമ്മുടെമേൽ പതിച്ച്, തന്റെ ആത്മാവിനെ ആദ്യഗഡുവായി നമ്മുടെ ഹൃദയങ്ങളിൽ പകരുകയുംചെയ്തിരിക്കുന്നു.