2 ദിനവൃത്താന്തം 5:1-14
2 ദിനവൃത്താന്തം 5:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിനുവേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വച്ചു. ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയൊക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു. പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകല വിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്. ശലോമോൻരാജാവും അവന്റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻകീഴെ കൊണ്ടുചെന്നു വച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിനു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു. തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമന്ദിരത്തിനു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തു നിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോറേബിൽവച്ചു പെട്ടകത്തിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ-അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിനു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപത് പുരോഹിതന്മാരോടുകൂടെ നിന്നു- കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ച് കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് ഏകസ്വരമായി കേൾക്കുമാറ് യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാൻ കഴിഞ്ഞില്ല.

2 ദിനവൃത്താന്തം 5:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദേവാലയത്തിന്റെ പണികൾ പൂർത്തിയായപ്പോൾ ശലോമോൻ തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വെള്ളിയും പൊന്നും മറ്റെല്ലാ വസ്തുക്കളും കൊണ്ടുവന്ന് ദേവാലയ ഭണ്ഡാരങ്ങളിൽ നിക്ഷേപിച്ചു. സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം സീയോനിൽനിന്നു കൊണ്ടുവരാൻ ഇസ്രായേല്യനേതാക്കളെയും ഗോത്രത്തലവന്മാരെയും ഇസ്രായേല്യ പിതൃഭവനത്തലവന്മാരെയും ശലോമോൻ യെരൂശലേമിൽ വിളിച്ചുകൂട്ടി. ഏഴാം മാസത്തിലെ പെരുന്നാളിന് ഇസ്രായേൽജനമെല്ലാം രാജസന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേൽജനനേതാക്കളെല്ലാം വന്നുകൂടിയപ്പോൾ ലേവ്യർ പെട്ടകം എടുത്തു. ഉടമ്പടിപ്പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലുണ്ടായിരുന്ന എല്ലാ വിശുദ്ധപാത്രങ്ങളും പുരോഹിതന്മാരും ലേവ്യരുംകൂടി ദേവാലയത്തിൽ കൊണ്ടുവന്നു. ശലോമോൻരാജാവും രാജസന്നിധിയിൽ പെട്ടകത്തിന്റെ മുമ്പിൽ സമ്മേളിച്ച ഇസ്രായേൽജനവും കൂടി അസംഖ്യം ആടുകളെയും കാളകളെയും യാഗം കഴിച്ചു. പിന്നീട് പുരോഹിതന്മാർ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം യഥാസ്ഥാനത്ത് ആലയത്തിലെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തു കെരൂബുകളുടെ ചിറകിൻകീഴിൽ കൊണ്ടുവന്നു വച്ചു. പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടി നില്‌ക്കത്തക്കവിധം കെരൂബുകൾ പെട്ടകത്തിന്റെ മീതെ ചിറകുകൾ വിടർത്തിനിന്നു. അന്തർമന്ദിരത്തിനു മുമ്പിൽ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രങ്ങൾ കാണത്തക്കവിധം അത്രയ്‍ക്കു നീളമേറിയവ ആയിരുന്നു പെട്ടകത്തിന്റെ തണ്ടുകൾ. എന്നാൽ പുറമേനിന്നു നോക്കിയാൽ തണ്ടുകൾ കാണാൻ സാധ്യമല്ലായിരുന്നു. ഇന്നും അവ അവിടെയുണ്ട്. ഈജിപ്തിൽനിന്ന് ഇസ്രായേൽജനം പുറപ്പെട്ടുവന്നപ്പോൾ സീനായിമലയിൽ വച്ചാണല്ലോ സർവേശ്വരൻ അവരുമായി ഉടമ്പടി ചെയ്തത്. അവിടെവച്ച് മോശ പെട്ടകത്തിൽ വച്ച രണ്ടു കല്പലകകളല്ലാതെ മറ്റൊന്നും ഉടമ്പടിപ്പെട്ടകത്തിൽ ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽ നിന്നിറങ്ങി. അവിടെ സന്നിഹിതരായിരുന്ന പുരോഹിതന്മാരെല്ലാം വിഭാഗവ്യത്യാസം നോക്കാതെ സ്വയം ശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ പുത്രന്മാർ, ചാർച്ചക്കാർ എന്നീ ലേവ്യഗായകരെല്ലാം നേർത്ത ലിനൻ വസ്ത്രം ധരിച്ചിരുന്നു. അവർ ഇലത്താളങ്ങൾ, കിന്നരങ്ങൾ, വീണകൾ എന്നിവയോടുകൂടി കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടൊപ്പം യാഗപീഠത്തിന്റെ കിഴക്കുവശത്തു നിന്നു. കാഹളം മുഴക്കുന്നവരും ഗായകരും ഏകസ്വരത്തിൽ സർവേശ്വരന് സ്തുതിസ്തോത്രങ്ങൾ ആലപിച്ചു. കാഹളങ്ങളും ഇലത്താളങ്ങളും മറ്റു സംഗീതോപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് അവർ സർവേശ്വരനെ പ്രകീർത്തിച്ചു. “അവിടുന്ന് നല്ലവനാണല്ലോ. അവിടുത്തെ സുസ്ഥിരസ്നേഹം എന്നേക്കും നിലനില്‌ക്കുന്നു.” അപ്പോൾ സർവേശ്വരന്റെ ആലയത്തിൽ ഒരു മേഘം വന്നു നിറഞ്ഞു. അവിടുത്തെ തേജസ്സ് ദേവാലയത്തിൽ നിറഞ്ഞതിനാൽ അവിടെ നിന്നു ശുശ്രൂഷ നിർവഹിക്കാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
2 ദിനവൃത്താന്തം 5:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവയുടെ ആലയത്തിന്‍റെ പണി പൂർത്തിയായപ്പോൾ, ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് ദൈവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്ന് കൊണ്ടുവരുവാൻ യിസ്രായേൽ മൂപ്പന്മാരെയും യിസ്രായേൽ മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയും യെരൂശലേമിൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിനായി രാജാവിന്‍റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ നിയമപെട്ടകം എടുത്തു. പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്. ശലോമോൻരാജാവും അവന്റെ അടുക്കൽ കൂടിവന്ന യിസ്രായേൽ ജനമൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്ത്, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത് കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വച്ചു. കെരൂബുകൾ, മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു. തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന് മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്. യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവച്ച് പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകകൾ അല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ - അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ വിഭാഗ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും നേർത്ത ചണവസ്ത്രം ധരിച്ച് കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ച് യാഗപീഠത്തിന് കിഴക്ക് കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു. കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും സംഗീത ഉപകരണങ്ങളോടും കൂടെ: “അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളത്” എന്നു ഏകസ്വരമായി യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാർക്ക് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നിൽക്കുവാൻ കഴിഞ്ഞില്ല.
2 ദിനവൃത്താന്തം 5:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങൾ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചു. ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി. യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്റെ അടുക്കൽ വന്നുകൂടി. യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു. പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു. ശലോമോൻരാജാവും അവന്റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പിൽ യാഗം കഴിച്ചു. പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു, തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ -അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു- കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.
2 ദിനവൃത്താന്തം 5:1-14 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു. ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിലേക്കു വിളിച്ചുവരുത്തി. ഏഴാംമാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും രാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ ലേവ്യർ പേടകം എടുത്തു. ലേവ്യരായ പുരോഹിതന്മാരാണ് പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്. എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു. അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു. കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച് പേടകത്തെയും അതിന്റെ തണ്ടുകളെയും മൂടിയിരുന്നു. അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ പേടകത്തിന്റെ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്. ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല. അതിനുശേഷം പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പിൻവാങ്ങി. അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാരെല്ലാം ഗണഭേദമെന്യേ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു. ഗായകരായ ലേവ്യരെല്ലാവരും—ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ മക്കളും ബന്ധുക്കളും—മേൽത്തരം ചണവസ്ത്രം ധരിച്ച് ഇലത്താളം, കിന്നരം, വീണ എന്നിവ വാദനം ചെയ്തുകൊണ്ട്, യാഗപീഠത്തിനു കിഴക്കുവശത്ത് നിന്നിരുന്നു. അവരോടുചേർന്ന് കാഹളം ധ്വനിപ്പിച്ചുകൊണ്ട് 120 പുരോഹിതന്മാരും നിന്നിരുന്നു. യഹോവയ്ക്കു സ്തോത്രവും നന്ദിയും കരേറ്റുന്നതിനു കാഹളക്കാരും ഗായകരും ഏകസ്വരത്തിൽ താളം സംയോജിപ്പിച്ചു. കാഹളം, ഇലത്താളം, മറ്റു വാദ്യോപകരണങ്ങൾ ഇവയുടെയെല്ലാം അകമ്പടിയോടുകൂടി അവർ സ്വരമുയർത്തി യഹോവയെ സ്തുതിച്ചുപാടി: “അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” അപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവത്തിന്റെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.