2 ദിനവൃത്താന്തം 16:11-14
2 ദിനവൃത്താന്തം 16:11-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആസായുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആസായ്ക്കു തന്റെ വാഴ്ചയുടെ മുപ്പത്തിയൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്. ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തിയൊന്നാം ആണ്ടിൽ മരിച്ചു. അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ട് വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗവും പലതരം പരിമളസാധനങ്ങളും നിറച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി എത്രയും വലിയൊരു ദഹനം കഴിക്കയും ചെയ്തു.
2 ദിനവൃത്താന്തം 16:11-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആസയുടെ പ്രവർത്തനങ്ങൾ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം വർഷം ആസയുടെ കാലിൽ രോഗബാധയുണ്ടായി. രോഗം മൂർച്ഛിച്ചിട്ടും വൈദ്യന്മാരെയല്ലാതെ സർവേശ്വരനിൽ അദ്ദേഹം ആശ്രയിച്ചില്ല. ആസ തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം വർഷം മരണമടഞ്ഞു പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ പ്രത്യേകം തയ്യാറാക്കിയിരുന്ന കല്ലറയിൽ സംസ്കരിച്ചു. വിദഗ്ദ്ധമായി നിർമ്മിച്ച പലതരം പരിമളദ്രവ്യങ്ങൾ നിരത്തിയ മഞ്ചത്തിൽ മൃതശരീരം വച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡവും ഉണ്ടാക്കി.
2 ദിനവൃത്താന്തം 16:11-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ആസായുടെ വൃത്താന്തങ്ങൾ ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുവല്ലോ. തന്‍റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ ആസായുടെ കാലുകളിൽ അതികഠിനമായ രോഗം പിടിച്ചു; എന്നാൽ അവൻ തന്‍റെ രോഗത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്. ആസാ തന്‍റെ വാഴ്ചയുടെ നാൽപ്പത്തൊന്നാം ആണ്ടിൽ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായി ഉണ്ടാക്കിയിരുന്ന കല്ലറയിൽ അവർ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ വിധിപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി വലിയോരു ദഹനം ഉണ്ടാക്കുകയും ചെയ്തു.
2 ദിനവൃത്താന്തം 16:11-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനം പിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു. ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു. അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നുവേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.
2 ദിനവൃത്താന്തം 16:11-14 സമകാലിക മലയാളവിവർത്തനം (MCV)
ആസായുടെ ഭരണകാലത്തെ സംഭവങ്ങൾ, ആദ്യവസാനം, യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസായുടെ ഭരണത്തിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ അദ്ദേഹത്തിന് തന്റെ പാദത്തിൽ രോഗം ബാധിച്ചു. രോഗം അതികഠിനമായി മൂർച്ഛിച്ചെങ്കിലും, അദ്ദേഹം തന്റെ രോഗാവസ്ഥയിൽപോലും വൈദ്യന്മാരിൽനിന്നല്ലാതെ യഹോവയിൽനിന്നു സഹായം തേടിയില്ല. അങ്ങനെ തന്റെ ഭരണത്തിന്റെ നാൽപ്പത്തിയൊന്നാമാണ്ടിൽ ആസാ മരിച്ചു; അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. ദാവീദിന്റെ നഗരത്തിൽ ആസാ തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. സുഗന്ധദ്രവ്യങ്ങളും പലതരം പരിമളക്കൂട്ടുകളുംകൊണ്ടു മൂടിയ ഒരു ശവമഞ്ചത്തിൽ അവർ അദ്ദേഹത്തെ കിടത്തി; അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡം ഒരുക്കുകയും ചെയ്തു.