2 ദിനവൃത്താന്തം 1:7-12

2 ദിനവൃത്താന്തം 1:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്ക് എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു. ശലോമോൻ ദൈവത്തോടു പറഞ്ഞത്: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവനു പകരം എന്നെ രാജാവാക്കിയിരിക്കുന്നു. ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായി വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിനു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും? അതിനു ദൈവം ശലോമോനോട്: ഇതു നിന്റെ താൽപര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവച്ച എന്റെ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്ന് അരുളിച്ചെയ്തു.

2 ദിനവൃത്താന്തം 1:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അന്നു രാത്രി ദൈവം പ്രത്യക്ഷനായി ശലോമോനോട് അരുളിച്ചെയ്തു: “ഞാൻ നിനക്ക് എന്തു നല്‌കണമെന്നു പറഞ്ഞുകൊള്ളുക?” ശലോമോൻ പ്രതിവചിച്ചു: “എന്റെ പിതാവായ ദാവീദിനോട് അവിടുന്നു സുസ്ഥിരമായ സ്നേഹം കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമിയായി എന്നെ രാജാവാക്കി. സർവേശ്വരനായ ദൈവമേ, എന്റെ പിതാവായ ദാവീദിനോട് അവിടുന്നു ചെയ്തിരുന്ന വാഗ്ദാനം ഇപ്പോൾ നിറവേറ്റണമേ. ഭൂമിയിലെ മണൽത്തരികൾപോലെ അസംഖ്യമായ ഒരു ജനത്തെ ഭരിക്കാൻ അവിടുന്ന് എന്നെ രാജാവാക്കിയല്ലോ. ഈ ജനത്തെ നയിക്കുന്നതിനുവേണ്ട ജ്ഞാനവും അറിവും എനിക്കു നല്‌കണമേ. അല്ലെങ്കിൽ അവിടുത്തെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?” ദൈവം ശലോമോനോട് അരുളിച്ചെയ്തു: “ഇതാണല്ലോ നിന്റെ ഹൃദയാഭിലാഷം! സമ്പത്തോ, ധനമോ, കീർത്തിയോ, ശത്രുസംഹാരമോ, ദീർഘായുസ്സുപോലുമോ നീ ചോദിച്ചില്ല. നേരേമറിച്ച്, നിന്നെ ഏതു ജനത്തിന്റെ രാജാവാക്കിയോ ആ ജനത്തെ ഭരിക്കാൻ വേണ്ട ജ്ഞാനവും വിവേകവും ആണല്ലോ നീ ചോദിച്ചത്. അതുകൊണ്ടു ജ്ഞാനവും വിവേകവും ഞാൻ നിനക്കു നല്‌കുന്നു. കൂടാതെ നിന്റെ മുൻഗാമികളായ രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ പിൻഗാമികളിൽ ആർക്കും ലഭിക്കാൻ ഇടയില്ലാത്തതുമായ ധനവും സമ്പത്തും കീർത്തിയും ഞാൻ നിനക്കു നല്‌കും.”

2 ദിനവൃത്താന്തം 1:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചു കൊൾക എന്നരുളിച്ചെയ്തു. ശലോമോൻ ദൈവത്തോടു പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദിനോടു അങ്ങ് മഹാദയ കാണിച്ച് അവനു പകരം എന്നെ രാജാവാക്കിയിരിക്കുന്നു. ആകയാൽ യഹോവയായ ദൈവമേ എന്‍റെ അപ്പനായ ദാവീദിനോടുള്ള നിന്‍റെ വാഗ്ദാനം നിവൃത്തിയായല്ലോ? ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന് നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്‍റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും?” അതിന് ദൈവം ശലോമോനോട്: “ഇത് നിന്‍റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവച്ച എന്‍റെ ജനത്തിന് ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്‍റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും” എന്നു അരുളിച്ചെയ്തു.

2 ദിനവൃത്താന്തം 1:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു. ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു. ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‌വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആർക്കു കഴിയും? അതിന്നു ദൈവം ശലോമോനോടു: ഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു.

2 ദിനവൃത്താന്തം 1:7-12 സമകാലിക മലയാളവിവർത്തനം (MCV)

അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.” ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു. ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ! അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!” ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”