1 തിമൊഥെയൊസ് 6:6-10

1 തിമൊഥെയൊസ് 6:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.

1 തിമൊഥെയൊസ് 6:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഒരുവൻ തനിക്കുള്ളതിൽ സംതൃപ്തനായിരിക്കുന്നെങ്കിൽ അവന്റെ ദൈവഭക്തി ഒരു വലിയ ധനമാണ്; എന്തുകൊണ്ടെന്നാൽ ഈ ലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നില്ല; ഇവിടെനിന്ന് ഒന്നും കൊണ്ടുപോകുവാൻ സാധ്യവുമല്ല. അതുകൊണ്ട് ഉണ്ണാനും ഉടുക്കാനുമുണ്ടെങ്കിൽ അതു നമുക്ക് ധാരാളം മതി. ധനവാന്മാർ ആകുവാൻ മോഹിക്കുന്നവർ പ്രലോഭനത്തിൽ വീഴുന്നു. നാശത്തിലും കെടുതിയിലും നിപതിക്കുന്ന നിരവധി ബുദ്ധിശൂന്യവും ഉപദ്രവകരവുമായ മോഹങ്ങളുടെ കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. എല്ലാ തിന്മകളുടെയും തായ്‍വേര് ധനമോഹമാകുന്നു; തീവ്രമായ ധനമോഹം നിമിത്തം ചിലർ വിശ്വാസത്തിൽനിന്നു വ്യതിചലിക്കുകയും നിരവധി കഠോരവേദനകൾകൊണ്ട് ഹൃദയത്തെ ക്ഷതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

1 തിമൊഥെയൊസ് 6:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു. എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.

1 തിമൊഥെയൊസ് 6:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക. ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.

1 തിമൊഥെയൊസ് 6:6-10 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്. ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം. ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.