1 തിമൊഥെയൊസ് 5:11-16

1 തിമൊഥെയൊസ് 5:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‍വാൻ ഇച്ഛിക്കും. ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ട്. അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾത്തന്നെ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾതന്നെ അവർക്കു മുട്ടുതീർക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.

1 തിമൊഥെയൊസ് 5:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുൾപ്പെടുത്തരുത്. അവർ ക്രിസ്തുവിൽനിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചെന്നു വരാം. മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവർ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അർഹരായിത്തീരുകയും ചെയ്യുന്നു. അതിനു പുറമേ, അവർ അലസരായി വീടുകൾതോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേർപ്പെടുകയും പരകാര്യങ്ങളിൽ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും. അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ അവരുടെ ബുദ്ധിമുട്ടിൽ അവൾ അവരെ സഹായിക്കട്ടെ. അവർ സഭയ്‍ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാൽ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്‍ക്കുണ്ടല്ലോ.

1 തിമൊഥെയൊസ് 5:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഇളയ വിധവമാരെ ഒഴിവാക്കുക; എന്തെന്നാൽ ക്രിസ്തുവിന് വിരോധമായി അവരുടെ ശാരീരിക മോഹങ്ങൾ വർദ്ധിച്ചുവരുമ്പോൾ വിവാഹം ചെയ്യുവാൻ ഇച്ഛിക്കും. അവരുടെ ആദ്യ പ്രതിജ്ഞ തള്ളിക്കളയുകയാൽ അവർക്ക് ശിക്ഷാവിധി ഉണ്ട്. അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും. ആകയാൽ ഇളയ വിധവമാർ വിവാഹിതരായി, പുത്രസമ്പത്തുണ്ടാക്കി, വീട്ടുകാര്യം നോക്കി, വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾതന്നെ ചിലർ സാത്താന്‍റെ പിന്നാലെ പോയല്ലോ. ഏതെങ്കിലും വിശ്വാസിനിക്ക് വിധവമാർ ഉണ്ടെങ്കിൽ, അവൾ തന്നെ അവരെ സംരക്ഷിക്കട്ടെ; സഭയ്ക്ക് ഭാരം വരുത്തരുത്; യഥാർത്ഥ വിധവമാരായവരെ സംരക്ഷിക്കാമല്ലോ!

1 തിമൊഥെയൊസ് 5:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും. ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു. അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും. ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ. ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.

1 തിമൊഥെയൊസ് 5:11-16 സമകാലിക മലയാളവിവർത്തനം (MCV)

പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും. അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും. തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു. അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു. ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.